കാലിക്കറ്റ് ബി.എഡ് പരീക്ഷ ജൂലൈയില്‍; പി.ജി പ്രവേശനാവസരത്തെ ബാധിക്കും
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി.എഡ് പരീക്ഷ ഉടൻ നടത്തി പി.ജി പ്രവേശനത്തിന് സാഹചര്യമൊരുക്കണമെന്ന് വിദ്യാർഥികള്‍. ജൂണ്‍ മുതല്‍ പി.ജി പ്രവേശന നടപടികള്‍ തുടങ്ങുമെന്നിരിക്കെ ബി.എഡ് പരീക്ഷ തുടങ്ങാന്‍ ജൂലൈയാകും.
എന്നാല്‍, 100 പ്രവൃത്തിദിനങ്ങള്‍ പൂര്‍ത്തീകരിച്ച് മാത്രമേ ബി.എഡ് പരീക്ഷ നടത്താനാകൂവെന്നും അതിനുമുമ്പ് നടത്തിയാല്‍ ആരെങ്കിലും നിയമപരമായി ചോദ്യംചെയ്താല്‍ സര്‍ട്ടിഫിക്കറ്റിന്റെയും പഠിച്ച സ്ഥാപനത്തിന്റെയും അംഗീകാരം നഷ്ടമാകുമെന്നും പരീക്ഷ കണ്ട്രോളര് ഡോ. ഗോഡ് വിന് സാംരാജ് പറഞ്ഞു.
പഠനബോര്‍ഡ് നിര്‍ദേശപ്രകാരമാണ് പരീക്ഷകള്‍ ഷെഡ്യൂള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍പഠനാവസരം നഷ്ടപ്പെടുത്താതെതന്നെ ബി.എഡ് പരീക്ഷകള്‍ നടത്തണമെന്നും ഇതിനായി ഓണ്‍ലൈന്‍ ക്ലാസുകള്‍ സജ്ജീകരിക്കണമെന്നുമാവശ്യപ്പെട്ട് ബി.എഡ് വിദ്യാർഥി കൂട്ടായ്മ പ്രതിനിധികള്‍ കണ്‍ട്രോളർക്ക് നിവേദനം നല്‍കിയിരുന്നു.
അപ്പോഴും 100 പ്രവൃത്തിദിവസം പൂര്‍ത്തീകരിക്കണമെന്നതാണ് കണ്ട്രോളര് പറഞ്ഞത്. സാധ്യമായ വിധത്തില്‍ ക്ലാസുകള്‍ പൂര്‍ത്തീകരിച്ച് പരീക്ഷ വേഗത്തില്‍ നടത്തണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.