മറ്റ് കോഴ്‌സുകളില്‍ അവസരമില്ല; കാലിക്കറ്റ് വിദൂരവിദ്യാഭ്യാസ വിഭാഗം പൊളിറ്റിക്കല്‍ സയന്‍സില്‍ വിദ്യാര്‍ഥി ബാഹുല്യം
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ മറ്റ് കോഴ്‌സുകളിലേക്ക് അവസരമില്ലാത്തതിനാല്‍ ബി.എ പൊളിറ്റിക്കല്‍ സയന്‍സില്‍ വിദ്യാര്‍ഥികളുടെ ബാഹുല്യം. കഴിഞ്ഞ അധ്യയനവര്‍ഷങ്ങളില്‍ 500 മുതല്‍ 600 വരെ വിദ്യാര്‍ഥികളാണ് സാധാരണയായി പൊളിറ്റിക്കല്‍ സയന്‍സില്‍ പ്രവേശനം നേടാറ്.
എന്നാല്‍, ബി.എ സോഷ്യോളജി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്‌സ് തുടങ്ങിയ കോഴ്‌സുകള്‍ ഓപണ്‍ സര്‍വകലാശാലയില്‍ മാത്രമായി പരിമിതപ്പെടുത്തിയതിനാല്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഷയം തെരഞ്ഞെടുക്കാന്‍ കാലിക്കറ്റില്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
ബി.എ സോഷ്യോളജി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്‌സ് തുടങ്ങിയ കോഴ്‌സുകളില്‍ ചേരാന്‍ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുന്ന വിദ്യാര്‍ഥികളെ മറ്റു മാര്‍ഗമില്ലാതെ പൊളിറ്റിക്കല്‍ സയന്‍സ് വിഷയത്തില്‍ ചേര്‍ത്തതാണ് എണ്ണത്തില്‍ വന്‍ വര്‍ധനവിനിടയാക്കിയത്. നിലവില്‍ കാലിക്കറ്റ് വാഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ 10,000ത്തോളം വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 2000ത്തിലധികം വിദ്യാര്‍ഥികളും പൊളിറ്റിക്കല്‍ സയന്‍സിലാണ് ചേര്‍ന്നത്.
ഓപണ്‍ സര്‍വകലാശാല നിയമം കാരണം സ്വയംഭരണാവകാശമുണ്ടായിട്ടും കാലിക്കറ്റ് സര്‍വകലാശാല മറ്റ് കോഴ്‌സുകളിലേക്ക് വിദ്യാര്‍ഥി പ്രവേശനത്തിന് നടപടി സ്വീകരിക്കാത്തതാണ് ഇത്തരമൊരു സാഹചര്യത്തിനിടയാക്കിയത്.
കാലിക്കറ്റ് വാഴ്‌സിറ്റിക്ക് വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ 2026 വരെ 25 കോഴ്‌സുകള്‍ നടത്താന്‍ യു.ജി.സി അനുമതി നല്‍കിയിട്ടുണ്ട്. അതിനാല്‍ വൈസ് ചാന്‍സലര്‍ വിവേചനാധികാരം ഉപയോഗിച്ച് കൂടുതല്‍ കോഴ്‌സുകളിലേക്ക് വിദ്യാർഥി പ്രവേശനം നടത്തണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.