അനിശ്ചിതത്വം നീങ്ങി; വിദൂര വിദ്യാഭ്യാസ പഠനം മുടങ്ങില്ല
text_fieldsപാലക്കാട്: വിദൂര വിദ്യാഭ്യാസ വിഭാഗം വഴി ബിരുദ-ബിരുദാനന്തര കോഴ്സുകളിലേക്ക് പ്രവേശനം നടത്താൻ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചതോടെ സമാന്തര വിദ്യാഭ്യാസ മേഖലയെ മുൾമുനയിൽ നിർത്തിയ അനിശ്ചിതത്വം നീങ്ങി. പ്രവേശനത്തിനുള്ള വിജ്ഞാപനം കാലിക്കറ്റ് വിദൂര വിദ്യാഭ്യാസ വിഭാഗം ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് സൂചന.
ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല വഴി മാത്രമേ വിദൂര വിദ്യഭ്യാസ കോഴ്സുകൾ നടത്താവൂ എന്ന സർക്കാർ നിബന്ധന മലബാറിലെ ആയിരക്കണക്കിന് വിദ്യാർഥികളുടെ ഉപരിപഠനത്തിന് തിരിച്ചടിയാവുന്നുവെന്ന് കഴിഞ്ഞദിവസം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. അനിശ്ചിതാവസ്ഥ നിലനിൽക്കുന്ന ഈ പശ്ചാത്തലത്തിലാണ് വിഷയം സിൻഡിക്കേറ്റിന്റെ പരിഗണനയിൽ വന്നത്. ഇതിനിടെ ഈ വർഷം വിദൂര വിദ്യാഭ്യാസം വഴി പ്രവേശനം നടത്താനുള്ള വിജ്ഞാപനം പ്രസിദ്ധപ്പെടുത്താനുള്ള അവസാന തീയതി ജൂൺ 30 ആയിരിക്കുമെന്ന് യു.ജി.സി സർവകലാശാലകളെ അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കാലിക്കറ്റ് സർവകലാശാലയിൽ പ്രവേശനം നടത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചത്.
മുൻവർഷത്തെ പോലെ നിലവിൽ ഓപൺ സർവകലാശാലക്ക് യു.ജി.സി അംഗീകാരം ലഭിക്കാത്ത കോഴ്സുകളിലേക്ക് പ്രവേശനം നടത്താനായിരിക്കും സാധ്യത. അങ്ങനെയാണെങ്കിൽ നാല് ബിരുദ കോഴ്സുകളിലേക്കും എട്ട് ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും ഈ വർഷം പ്രവേശനം നടത്താൻ കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഉടൻ നടപടി സ്വീകരിക്കുമെന്ന് അറിയുന്നു. ബി.ബി.എ, അഫ്സലുൽ ഉലമ, ബി.എ പൊളിറ്റിക്കൽ സയൻസ്, ബി.കോം എന്നിവയായിരിക്കും ബിരുദ കോഴ്സുകൾ. അറബിക്, ഇക്കണോമിക്സ്, ഹിന്ദി, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം, മാത്തമാറ്റിക്സ്, കോമേഴ്സ് വിഷയങ്ങളിലായിരിക്കും ബിരുദാനന്തര ബിരുദ കോഴ്സുകൾ.
കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം വഴി പഠനം നടത്താനായില്ലെങ്കിൽ ഇന്ദിര ഗാന്ധി ഓപൺ യൂനിവേഴ്സിറ്റി (ഇഗ്നോ) ഉൾപ്പെടെ കേന്ദ്ര സർവകലാശാല കോഴ്സുകളിലേക്ക് ചുവടുമാറുമെന്ന് പാരലൽ കോളജ്-സ്വകാര്യ കോളജ് സംഘടന ഭാരവാഹികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഏതായാലും വിഷയത്തിലെ സിൻഡിക്കേറ്റ് തീരുമാനത്തെ സംഘടനകൾ സ്വാഗതം ചെയ്തു. വിജ്ഞാപനം ഇറങ്ങിയ ശേഷം കാലിക്കറ്റ് വിദൂരവിദ്യഭ്യാസ കോഴ്സുകളിൽ തുടരാനുള്ള നടപടി സ്വീകരിക്കുമെന്ന് പാരലൽ കോളജ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. പ്രഭാകരൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.