ലക്ഷദ്വീപിനെ തകർക്കാനുള്ള സംഘ്പരിവാർ അജണ്ടകൾക്ക് കാലിക്കറ്റ് സർവകലാശാല കുടപിടിക്കരുത് -ഫ്രറ്റേണിറ്റി
text_fieldsകോഴിക്കോട്: ലക്ഷദ്വീപിലെ മൂന്ന് കേന്ദ്രങ്ങളിലുള്ള ബി.എ അറബിക്, പി.ജി കോഴ്സുകൾ നിർത്തലാക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്. പഠനനിലവാരമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ലക്ഷദ്വീപ് ഭരണകൂടം എം.എ അറബിക്, ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, എം.എസ്സി അക്വാകൾച്ചർ, മാത്തമാറ്റിക്സ് എന്നീ പി.ജി കോഴ്സുകൾക്കൊപ്പം ബി.എ അറബിക് കൂടി നിർത്താൻ ആവശ്യപ്പെട്ടത്.
ലക്ഷദ്വീപിൽ നടത്തിക്കൊണ്ടിരിക്കുന്ന സംഘ്പരിവാർ ഭരണകൂട അജണ്ടകൾക്ക് കുടപിടിക്കുന്ന തീരുമാനമാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റി എടുത്തിരിക്കുന്നത്. അറബിക് വിഭാഗത്തിൽ ഡിഗ്രി ഒന്നാം റാങ്ക് നേട്ടം തന്നെ ലക്ഷദ്വീപിലെ കേന്ദ്രത്തിന് അവകാശപ്പെടാനുണ്ട്. മാത്രമല്ല, ദ്വീപിലെ ഏറ്റവും കൂടുതൽ പേർ പഠനത്തിന് വേണ്ടി തെരഞ്ഞെടുക്കാറുള്ള അറബിക് കോഴ്സ് ഉൾപ്പെടെ വിദ്യാർഥികൾ ഉപരിപഠത്തിന് വേണ്ടി അപേക്ഷ നൽകാനിരിക്കുമ്പോഴാണ് കുട്ടികൾ കുറവാണെന്നും പഠനനിലവാരമില്ലെന്നും പറഞ്ഞ് കവരത്തി, ആന്ത്രോത്ത്, കടമത്ത് എന്നീ ദ്വീപ് കേന്ദ്രങ്ങളിലെ കോഴ്സുകൾ ഒഴിവാക്കുന്നത്.
ഈ കോഴ്സുകൾക്ക് വിദ്യാർഥികൾ കേരളത്തിൽ വന്ന് പഠിക്കട്ടെ എന്നാണ് ഭരണകൂട നിലപാട്. പുതിയ അധ്യയന വർഷത്തിലേക്കുള്ള പ്രവേശന പ്രക്രിയ കൂടി അടുത്തിരിക്കെ നിരവധി വിദ്യാർഥികളോടുള്ള തികഞ്ഞ വഞ്ചനയാണ് യൂനിവേഴ്സിറ്റിയുടെ തീരുമാനം.
ദ്വീപിലെ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള ബി.എ അറബിക്, മറ്റു പി.ജി കോഴ്സുകൾ ഉടൻ പുനഃസ്ഥാപിക്കുകയും വിദ്യാർഥികളുടെ പഠനാവസരം അടിയന്തിരമായി ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ആവശ്യപ്പെട്ടു. വിദ്യാർഥികളോടുള്ള അവകാശ ലംഘനങ്ങൾക്കെതിരെ പ്രതിഷേധങ്ങളുമായി ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സമര രംഗത്ത് മുന്നിലുണ്ടാകുമെന്നും കാലിക്കറ്റ് യൂനിവേഴ്സിറ്റി കൺവീനർ ഹാദി ഹസ്സൻ, കമ്മിറ്റി അംഗങ്ങളായ ഷുഹൈബ് വയനാട്, നജ ഹുസ്ന, റിഷാദ്, അനസ് ഫൈസൽ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.