വയനാട്ടിലെ കാലിക്കറ്റ് സർവകലാശാല പഠനകേന്ദ്രം പൂട്ടാൻ നീക്കം
text_fieldsകൽപറ്റ: കാലിക്കറ്റ് സർവകലാശാല നേരിട്ട് നടത്തുന്ന വയനാട്ടിലെ പഠനകേന്ദ്രം പൂട്ടാനുള്ള അധികൃതരുടെ നീക്കത്തിൽ പ്രതിഷേധമുയരുന്നു. ഡയറക്ടറേറ്റ് ഓഫ് സെൽഫ് ഫിനാൻസിങ് കോഴ്സിന് കീഴിലെ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (സി.സി.എസ്.ഐ.ടി) യുടെ മുട്ടിൽ പഠനകേന്ദ്രം ഇല്ലാതാക്കി വിദ്യാർഥികളെ കോഴിക്കോട് പേരാമ്പ്രയിലെ സി.സി.എസ്.ഐ.ടിയിലേക്ക് മാറ്റാനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്.
മുട്ടിലിൽ വിവിധ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിലുള്ള കുറവ് മറയാക്കിയാണ് കേന്ദ്രം മാറ്റാനുള്ള നടപടികളിലേക്ക് സർവകലാശാല സിൻഡിക്കേറ്റ് കടന്നത്. സ്വന്തമായി കാമ്പസ് ഇല്ലാത്തതാണ് സ്ഥാപനത്തിൽ വിദ്യാർഥികൾ കുറയാൻ പ്രധാന കാരണം.
മുട്ടിൽ ടൗണിന് മധ്യത്തിൽ വാണിജ്യ കെട്ടിടത്തിലാണ് പഠനകേന്ദ്രം പ്രവർത്തിക്കുന്നത്. സ്ഥാപനത്തിന് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വിദ്യാർഥികളെ പേരാമ്പ്ര സെന്ററിലെ സമാന പ്രോഗ്രാമുകളിലേക്ക് മാറ്റുന്നതിനുള്ള സാധ്യത പരിശോധിച്ച് റിപ്പോർട്ട് ചെയ്യുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ എം.സി.എ കോഴ്സുള്ള ഒരേയൊരു സ്ഥാപനമാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.
ഡോ. കെ.കെ.എൻ. കുറുപ്പ് സർവകലാശാല വൈസ് ചാൻസലറായിരുന്ന കാലത്ത് ആരംഭിച്ചതാണ് സി.സി.എസ്.ഐ.ടി. വിദ്യാർഥികൾക്ക് സ്വന്തം ജില്ലയിൽ പ്രഫഷനൽ കോഴ്സ് പഠിക്കാൻ അവസരം ഒരുക്കണമെന്ന കാലങ്ങളായുള്ള ആവശ്യം പരിഗണിച്ചാണ് എല്ലാ ജില്ലയിലും സർവകലാശാല നേരിട്ട് സെന്ററുകൾ തുറക്കാൻ തീരുമാനിച്ചത്.
വയനാട്ടിലെ വിദ്യാർഥികളുടെ ഉന്നതപഠനം ലക്ഷ്യമിട്ട് സർവകലാശാല 24 വർഷം മുമ്പ് അനുവദിച്ച പഠനകേന്ദ്രമാണ് നഷ്ടത്തിന്റെ പേരുപറഞ്ഞ് കോഴിക്കോട് ജില്ലയിലേക്ക് മാറ്റാൻ ശ്രമിക്കുന്നത്. പഠനകേന്ദ്രം മാറ്റിയാൽ നിലവിൽ ഇവിടെ പഠിക്കുന്നവർക്കും വരും വർഷങ്ങളിൽ ഉന്നത പഠനം ലക്ഷ്യമിടുന്നവർക്കും തിരിച്ചടിയാവും.
1998ൽ കൽപറ്റയിൽ തുടങ്ങിയ സെന്റർ 2002ൽ മുട്ടിലിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ബഹുഭൂരിപക്ഷം വിദ്യാർഥികളും വയനാട് ജില്ലക്കാരാണ്. പേരാമ്പ്രയിലേക്ക് മാറ്റുന്നതോടെ ഇവരുടെ തുടർപഠനം പ്രയാസത്തിലാവുകയും യാത്രക്കും താമസത്തിനും ഭക്ഷണത്തിനുമെല്ലാമായി രക്ഷിതാക്കൾ ഭാരിച്ച തുക കണ്ടെത്തേണ്ടിയും വരും.
പേരാമ്പ്രയിലെ സെൻററിന് സ്വന്തമായി ഹോസ്റ്റൽ സൗകര്യവുമില്ല. ഇതര ജില്ലകളിലും സംസ്ഥാനങ്ങളിലും ഹോസ്റ്റൽ സൗകര്യമുള്ള സ്ഥാപനങ്ങളിൽ അടക്കം പഠിക്കാൻ സീറ്റ് ലഭിച്ചിട്ടും നാട്ടിലെ പഠനകേന്ദ്രം തെരഞ്ഞെടുത്ത വിദ്യാർഥികളാണ് സർവകലാശാലയുടെ നീക്കത്തിൽ ആശങ്കയിലായത്.
ഇതിലും കൂടുതൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സർവകലാശാല നടുത്തുന്നുണ്ടെന്നും 2021വരെ പുതിയ ബാച്ചിലേക്കുള്ള പ്രവേശന സമയത്ത് ഈ സെൻററിൽ കുട്ടികൾ കുറവുള്ള പക്ഷം മറ്റിടങ്ങളിലേക്ക് മാറ്റുമെന്ന ഒരു അറിയിപ്പും നൽകിയിരുന്നില്ലെന്നും വിദ്യാർഥികളും രക്ഷിതാക്കളും പറയുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിരലിലെണ്ണാവുന്ന സ്ഥാപനങ്ങൾ മാത്രമുള്ള വയനാട്ടിലെ ഏക സ്ഥാപനം അടച്ചുപൂട്ടാനുള്ള കാലിക്കറ്റ് സർവകലാശാല അധികൃതരുടെ നീക്കം ഉപേക്ഷിക്കണമെന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.