കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: അപേക്ഷ ജൂൺ ഏഴ് വരെ നീട്ടി
text_fieldsകാലിക്കറ്റ് സർവകലാശാല 2024 - 2025 അധ്യയന വര്‍ഷത്തേക്ക് ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂൺ ഏഴിന് വൈകിട്ട് അഞ്ചു മണി വരെ നീട്ടി. അപേക്ഷയുടെ അവസാനമാണ് രജിസ്‌ട്രേഷൻ ഫീസ് അടയ്‌ക്കേണ്ടത്. അപേക്ഷാ ഫീസടച്ചതിനുശേഷം വീണ്ടും ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകുകയുള്ളൂ.
പ്ലസ്ടു/ ഹയര്‍ സെക്കൻഡറി മാര്‍ക്ക് ലിസ്റ്റ് പ്രകാരം രജിസ്റ്റര്‍ നമ്പര്‍, പേര്, ജനന തീയതി എന്നിവ കൃത്യമായി രേഖപ്പെടുത്തിയാൽ മാത്രമേ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാനാകൂ. റഗുലര്‍ അലോട്ട്മെന്റുകള്‍ക്കിടയില്‍ യാതൊരുവിധ തിരുത്തലുകളും അനുവദിക്കില്ല. 2022, 2023, 2024 വര്‍ഷങ്ങളില്‍ VHSE - NSQF സ്കീമില്‍ പ്ലസ്ടു പാസായ വിദ്യാർഥികള്‍ NSQF ബോര്‍ഡാണ് അപേക്ഷയില്‍ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ സമര്‍പ്പിച്ച് പ്രിന്റൗട്ട് എടുത്ത വിദ്യാർഥികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ അവസാന തിയ്യതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനില്‍ തന്നെ ലഭ്യമായിരിക്കും. എഡിറ്റ് ചെയ്യുന്നവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവേശനവിഭാഗം വെബ്സൈറ്റായ admission.uoc.ac.in സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.