വിദേശഭാഷ പഠിക്കാം; ‘ഫ്ലെയർ’ പദ്ധതിക്ക് തുടക്കം
text_fieldsതിരുവനന്തപുരം: ഗ്രാമപ്രദേശങ്ങളിൽ വിദേശഭാഷ പരിശീലനം പ്രോത്സാഹിപ്പിച്ച് തൊഴിലവസരങ്ങൾ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് റൂട്രോണിക്സും കേരള ട്രാവൽസിന്റെ വിദേശ ഭാഷ പരിശീലന വിഭാഗവും സംയുക്തമായി നടപ്പാക്കുന്ന ‘ഫ്ലെയർ’ (Foreign Language Acquisition and Rural Empowerment) പദ്ധതി ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് റൂട്രോണിക്സ് ചെയർമാൻ വിജയൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് പദ്ധതി ഉദ്ഘാടനം ചെയ്തു.
ഫ്ലെയർ പ്രോജക്ട് ഹെഡ് രത്നകുമാർ, കേരള ട്രാവൽസ് എം.ഡി. ജയ ചന്ദ്രഹസൻ, കേരള ട്രാവൽസ് ജന.മാനേജർ സതീഷ് അമ്പാടി എന്നിവർ പ്രസംഗിച്ചു. റൂട്രോണിക്സ് മാനേജിങ് ഡയറക്ടർ ഡോ. കെ.എ. രതീഷ് സ്വാഗതം പറഞ്ഞു. പദ്ധതിയിലൂടെ ഗ്രാമപ്രദേശങ്ങളിലെ യുവജനങ്ങൾക്കും വനിതകൾക്കും കുറഞ്ഞ ചെലവിൽ വിദേശഭാഷകൾ പഠിക്കാൻ അവസരങ്ങൾ സൃഷ്ടിക്കുകയും അവരുടെ തൊഴിൽക്ഷമത വർധിപ്പിച്ച് അന്താരാഷ്ട്ര തലത്തിൽ തൊഴിലവസരങ്ങൾ നേടാൻ പ്രാപ്തരാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് റൂട്രോണിക്സ് സർട്ടിഫിക്കറ്റിനോടൊപ്പം അന്താരാഷ്ട്ര അംഗീകൃത സർട്ടിഫിക്കേഷൻ ലഭ്യമാകാൻ വിദ്യാർഥികളെ പ്രാപ്തരാക്കുമെന്നത് പദ്ധതിയുടെ പ്രത്യേകതയാണ്. ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള വനിതകൾ, വിദ്യാർഥികൾ, ഉദ്യോഗാർഥികൾ എന്നിവർക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗമാകുന്നതിനോടൊപ്പം കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്കും സമൂഹത്തിനും ഗുണം ചെയ്യുന്ന മികച്ച വേദിയാകും ‘ഫ്ലെയർ’ പദ്ധതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.