എൻജിനീയറിങ് റാങ്ക് പട്ടിക റദ്ദാക്കൽ: സർക്കാർ വരുത്തിയത് ഗുരുതര വീഴ്ച
text_fieldsതിരുവനന്തപുരം: എൻജിനീയറിങ് പ്രവേശന പരീക്ഷ പ്രോസ്പെക്ടസ് പരിഷ്കരണ നടപടിയിൽ സർക്കാർ വരുത്തിയ ഗുരുതര വീഴ്ച കാരണം ആയിരക്കണക്കിന് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി.
പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച ശേഷം പ്രോസ്പെക്ടസ് ഭേദഗതി ചെയ്ത നടപടി റദ്ദാക്കിയ ഹൈകോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളിയതോടെയാണ് റാങ്ക് പട്ടികയും അനുബന്ധമായി പ്രസിദ്ധീകരിച്ച സംവരണ വിഭാഗങ്ങളുടെ കാറ്റഗറി പട്ടികയും റദ്ദാക്കേണ്ടിവന്നത്.
എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കാൻ പ്ലസ് ടു പരീക്ഷയിലെ മാത്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളുടെ മാർക്ക് പരിഗണിക്കുന്നത് 1:1:1 എന്ന അനുപാതത്തിലായിരുന്നു. ഇതുപ്രകാരം മൂന്ന് വിഷയങ്ങളുടെയും മാർക്ക് നൂറിൽ പരിഗണിച്ച് മൊത്തം മാർക്ക് 300ലായിരുന്നു. പ്രോസ്പെക്ടസ് പരിഷ്കരിക്കാനുള്ള തീരുമാനത്തോടെ മൂന്ന് വിഷയങ്ങളുടെയും മാർക്ക് അനുപാതം 5:3:2 എന്ന രീതിയിലേക്ക് മാറ്റുന്നതായിരുന്നു പരിഷ്കാരം.
ഇതുപ്രകാരം മൊത്തം 300ൽ പരിഗണിക്കുന്ന പ്ലസ് ടു മാർക്കിൽ മാത്സിന്റെ മാർക്ക് 150ലും ഫിസിക്സിന്റേത് 90ലും കെമിസ്ട്രിയുടേത് 60ലും പരിഗണിച്ചായിരുന്നു റാങ്ക് പട്ടിക തയാറാക്കിയത്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച ജൂലൈ ഒന്നിന്റെ തലേദിവസമായ ജൂൺ 30ന് ചേർന്ന മന്ത്രിസഭ യോഗമായിരുന്നു പ്രോസ്പെക്ടസ് ഭേദഗതിക്ക് അംഗീകാരം നൽകിയത്.
ജൂലൈ ഒന്നിന് ഇതുസംബന്ധിച്ച ഉത്തരവിറക്കുകയും അന്ന് തന്നെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയുമായിരുന്നു. പ്ലസ് ടു മാർക്ക് ഏകീകരണത്തിൽ കേരള സിലബസിൽ പഠിച്ച കുട്ടികൾക്ക് മാർക്ക് വൻതോതിൽ കുറയുന്നുവെന്ന പരാതിയിൽ കഴിഞ്ഞ വർഷം ഫലം പ്രസിദ്ധീകരിച്ചപ്പോൾ തന്നെ നടപടി ആവശ്യമുയർന്നെങ്കിലും സർക്കാർതലത്തിലുള്ള നടപടി അനന്തമായി വൈകിയതാണ് വിദ്യാർഥികളെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.