സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം: കേരളം ഒന്നാമത്, 12ൽ രണ്ടാം സ്ഥാനം
text_fieldsതിരുവനന്തപുരം: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ ദേശീയതലത്തിൽ മികവോടെ കേരളം. പത്താം തരം പരീക്ഷയിൽ സംസ്ഥാനങ്ങളിൽ കേരളമാണ് മുന്നിൽ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കേരളം രണ്ടാം സ്ഥാനത്തുണ്ട്. പത്താം തരത്തിൽ കേരളത്തിൽ 99.74 ശതമാനമാണ് വിജയം. 67,499 പേർ പരീക്ഷയെഴുതിയതിൽ 67,325 പേർ വിജയിച്ചു. ഇതിൽ 33,638 പേർ ആൺകുട്ടികളും 33,687 പേർ പെൺകുട്ടികളുമാണ്. ലക്ഷദ്വീപിൽ 440 പേർ പരീക്ഷയെഴുതിയതിൽ 396 പേർ വിജയിച്ചു -90 ശതമാനം.
പന്ത്രണ്ടാം തരംപരീക്ഷയിൽ സംസ്ഥാനങ്ങളിൽ ആന്ധ്രപ്രദേശിന് (98.97 ശതമാനം) പിന്നിൽ രണ്ടാമതാണ് കേരളം. കേരളത്തിൽ പരീക്ഷയെഴുതിയ 38,183ൽ 37,735 പേർ വിജയിച്ചു -98.83 ശതമാനം വിജയം. ലക്ഷദ്വീപിൽ പരീക്ഷയെഴുതിയ 19 പേരും വിജയിച്ചു.
കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന തിരുവനന്തപുരം മേഖലയാണ് രണ്ട് പരീക്ഷകളിലും രാജ്യത്ത് ഉയർന്ന വിജയം നേടിയത്. പത്താം ക്ലാസ് പരീക്ഷയിൽ 99.68 ശതമാനവും പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 98.83 ശതമാനവുമാണ് തിരുവനന്തപുരം മേഖലയുടെ വിജയം. പത്താം ക്ലാസിൽ തിരുവനന്തപുരം മേഖലയിൽ 67,938 പേർ പരീക്ഷയെഴുതിയതിൽ 67,720 പേർ വിജയിച്ചു. പന്ത്രണ്ടാം ക്ലാസിൽ 38,202ൽ 37,754 പേർ വിജയിച്ചു.
ദേശീയതലത്തിൽ പത്താം ക്ലാസിൽ 94.4ശതമാനവും പ്ലസ്ടുവിന് 92.71 ശതമാനവുമാണ് വിജയം. അതേസമയം വിദ്യാർഥികൾക്കിടയിൽ അനാരോഗ്യകരമായ മത്സരം ഒഴിവാക്കാൻ 10,12 പരീക്ഷയിൽ മെറിറ്റ് പട്ടിക പ്രസിദ്ധീകരിക്കില്ലെന്ന് സി.ബി.എസ്.ഇ അറിയിച്ചു.
കോവിഡ് കാരണം സാധാരണരീതിയിലുള്ള പരീക്ഷ നടത്താതിരുന്നതിനാൽ കഴിഞ്ഞ രണ്ടുവർഷവും ഫലം പ്രഖ്യാപിച്ചപ്പോൾ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നില്ല. എന്നാൽ, വിവിധ വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയവർക്ക് മെറിറ്റ് സർട്ടിഫിക്കറ്റ് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.