സി.ബി.എസ്.ഇ: മികവു പുലർത്തി പെൺകുട്ടികൾ
text_fieldsന്യൂഡൽഹി: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ മികവു പുലർത്തിയത് പെൺകുട്ടികൾ. മൊത്തത്തിലുള്ള വിജയശതമാനത്തിൽ ഈ വർഷം കുറവ് രേഖപ്പെടുത്തി. വിജയശതമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 5.38 ശതമാനത്തിന്റെ കുറവാണുണ്ടായത്.
90നും 95 ശതമാനത്തിനും മുകളിൽ മാർക്ക് നേടിയ വിദ്യാർഥികളുടെ എണ്ണത്തിലും കുറവുണ്ടായി. പെൺകുട്ടികൾ ആൺകുട്ടികളെ അപേക്ഷിച്ച് ആറു ശതമാനം കൂടുതൽ വിജയം നേടി. അതേസമയം, കോവിഡ് കാരണം കഴിഞ്ഞ വർഷത്തെ അക്കാദമിക് സെഷൻ രണ്ടു ടേമുകളായി തിരിച്ചതിനാൽ താരതമ്യം സാധ്യമല്ലെന്ന് സി.ബി.എസ്.ഇ അധികൃതർ അറിയിച്ചു. 12ാം ക്ലാസിൽ 87.33 ശതമാനം വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്.
കഴിഞ്ഞ വർഷം 92.71 ശതമാനമായിരുന്നു വിജയം. കോവിഡിനു മുമ്പ് 2019ൽ വിജയശതമാനം 83.40 ആയിരുന്നു. പത്താം ക്ലാസിൽ 93.12 ശതമാനം വിദ്യാർഥികളാണ് ഇത്തവണ വിജയിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 1.28 ശതമാനം കുറവാണ് ഇത്. 2019ൽ 91.10 ശതമാനമായിരുന്നു വിജയം.
അനാരോഗ്യകരമായ മത്സരം ഒഴിവാക്കുന്നതിന്റെ ഭാഗമായി മെറിറ്റ് ലിസ്റ്റ് ഉണ്ടായിരിക്കില്ലെന്നും സി.ബി.എസ്.ഇ അറിയിച്ചു. അതേസമയം, വിവിധ വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ 0.1 ശതമാനം വിദ്യാർഥികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റ് നൽകും. വിദ്യാർഥികളുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഒന്ന്, രണ്ട്, മൂന്ന് ഡിവിഷനുകൾ നൽകുന്നതും അവസാനിപ്പിച്ചിട്ടുണ്ട്.
കമ്പാർട്മെന്റ് പരീക്ഷയെ ഇനിമുതൽ സപ്ലിമെന്ററി പരീക്ഷ എന്ന് വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിലെ ശിപാർശക്കനുസൃതമായാണ് ഈ മാറ്റം. ബോർഡ് പരീക്ഷയിലെ പ്രകടനം മെച്ചപ്പെടുത്താൻ വിദ്യാർഥികൾക്ക് കുടുതൽ അവസരം നൽകാനും തീരുമാനമുണ്ട്.
സപ്ലിമെന്ററി പരീക്ഷയിൽ പത്താം ക്ലാസ് വിദ്യാർഥികൾക്ക് രണ്ടു വിഷയങ്ങളിലും 12ാം ക്ലാസ് വിദ്യാർഥികൾക്ക് ഒരു വിഷയത്തിലും സ്കോർ മെച്ചപ്പെടുത്താൻ അവസരം ലഭിക്കും. സപ്ലിമെന്ററി പരീക്ഷ ജൂലൈയിൽ നടക്കും. ഇതിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കും.
അടുത്ത വർഷത്തെ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ
ന്യൂഡൽഹി: അടുത്ത വർഷത്തെ സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിക്കും. സി.ബി.എസ്.ഇ പരീക്ഷ കൺട്രോളർ സന്യാം ഭരദ്വാജാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിദ്യാർഥികൾക്ക് പരീക്ഷക്കൊരുങ്ങാൻ കൂടുതൽ അവസരം ലഭിക്കുന്നതിനും അക്കാദമിക് കലണ്ടർ കൃത്യമായി പാലിക്കുന്നതിനുമാണ് പരീക്ഷത്തീയതി ഇത്തവണ നേരത്തേതന്നെ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.