സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; 12 ാം ക്ലാസ് പരീക്ഷ മാറ്റിവെച്ചു
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സി.ബി.എസ്.ഇ പരീക്ഷകൾ മാറ്റാൻ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാനും 12ാം ക്ലാസ് പരീക്ഷ മാറ്റിവെക്കാനുമാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ, ഉദ്യോഗസ്ഥർ എന്നിവർ നടത്തിയ ചർച്ചയിലാണ് പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനമായത്.
ജൂൺ ഒന്നിന് സാഹചര്യം വിലയിരുത്തിയ ശേഷം പന്ത്രണ്ടാം ക്ലാസിലെ പരീക്ഷ തിയതി തീരുമാനിക്കും. 15 ദിവസം മുെമ്പങ്കിലും പരീക്ഷ തീയതി പ്രഖ്യാപിക്കും.
പരീക്ഷ ഉപേക്ഷിച്ച പത്താംക്ലാസിൽ മൂല്യനിർണയം നടത്താൻ ബോർഡ് മാനദണ്ഡം ഉണ്ടാക്കും. ഇതുവരെയുള്ള പ്രവർത്തന മികവ് കണക്കാക്കി നൽകുന്ന മാർക്കിൽ ഏതെങ്കിലും വിദ്യർഥികൾക്ക് ആക്ഷേപം ഉണ്ടെങ്കിൽ അവർക്ക് പരീക്ഷ ഏഴുതാനുള്ള അവസരം നൽകും. സാഹചര്യം അനുകൂലമാകുന്ന മുറക്കാണ് അവർക്കായി പരീക്ഷ നടത്തുക. കഴിഞ്ഞ വർഷവും ഇതേ രീതിയായിരുന്നു.
നേരത്തെ, മെയ് നാലു മുതൽ ജൂൺ 14 വരെയുള്ള ദിവസങ്ങളിലാണ് പന്ത്രണ്ടാം ക്ലാസിലെ ബോർഡ് പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. മെയ് 4 മുതൽ ജൂൺ 4 വരെയുള്ള ദിവസങ്ങളിലായി പത്താം ക്ലാസിലെ പരീക്ഷകൾ നടത്താനും തീരുമാനിച്ചിരുന്നു. പരീക്ഷാ നടത്തിപ്പിനുള്ള എല്ലാ ഒരുക്കങ്ങളും ഏറെക്കുറെ പൂർത്തിയായതാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്താനുള്ള ഒരുക്കങ്ങളാണ് നടത്തിയിരുന്നത്.
കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ പരീക്ഷകൾ നടത്തുന്നതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയ സാഹചര്യത്തിൽ കൂടിയാണ് പരീക്ഷകൾ മാറ്റാൻ തീരുമാനിച്ചത്. പരീക്ഷ മാറ്റാൻ ആവശ്യപ്പെട്ട് ലക്ഷത്തിലധികം വിദ്യാർഥികൾ ഒപ്പുവെച്ച നിവേദനവും നൽകിയിരുന്നു. പരീക്ഷ മാറ്റണമെന്ന ആവശ്യം ട്വിറ്ററിലടക്കം ദിവസങ്ങളോളം ട്രെൻഡിങ്ങായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.