അധ്യാപകർക്കും രക്ഷിതാക്കൾക്കും വിശദ മാർഗരേഖ വിദ്യാർഥികളെ 'ചങ്കുറപ്പു'ള്ളവരാക്കാൻ സി.ബി.എസ്.ഇ
text_fieldsകോഴിക്കോട്: വിദ്യാർഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ മാർഗരേഖയുമായി സി.ബി.എസ്.ഇ. കോവിഡ് മഹാമാരിയടക്കമുള്ള വെല്ലുവിളികളെ നേരിട്ട് വിദ്യാർഥികളെ 'ചങ്കുറപ്പു'ള്ളവരാക്കുകയാണ്, ഇതാദ്യമായി സി.ബി.എസ്.ഇ പുറത്തിറക്കിയ സമ്പൂർണ മാർഗരേഖയുടെ സുപ്രധാന ലക്ഷ്യം.മാനസികാരോഗ്യത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം വളർത്താനും നൂതന മാർഗങ്ങളിലൂടെ പ്രചരിപ്പിക്കാനുമാണ് സി.ബി.എസ്.ഇയുടെ ശ്രമം. എൽ.കെ.ജി മുതൽ 12ാം ക്ലാസ് വരെ വിവിധ പ്രായത്തിലും മാനസികാവസ്ഥയിലുമുള്ള കുട്ടികൾക്കായി വിശദമായ നിർദേശങ്ങൾ മാർഗരേഖയിലുണ്ട്.
രക്ഷിതാക്കളും കൗൺസലർമാരും ചേർന്ന് വിദ്യാർഥികൾക്കാവശ്യമായ മാനസിക കരുത്ത് നൽകണമെന്ന് സി.ബി.എസ്.ഇ മാർഗരേഖ ഉപദേശിക്കുന്നു. കോവിഡും ലോക്ഡൗണും കാരണം വീട്ടിൽ അടച്ചിരിക്കേണ്ട അവസ്ഥയിൽ വിദ്യാർഥികൾ മാത്രമല്ല രക്ഷിതാക്കളും മാനസിക പ്രശ്നങ്ങളിലേക്ക് വഴുതിവീഴുന്നുണ്ടെന്ന് സി.ബി.എസ്.ഇ ചൂണ്ടിക്കാട്ടുന്നു. കോവിഡുമായി ബന്ധപ്പെട്ട ദുരിതങ്ങളുടെ വിവരങ്ങൾ തുടർച്ചയായി കാണുന്നതും കേൾക്കുന്നതും ഒഴിവാക്കണം.
'പോസിറ്റിവ്'വാർത്തകൾ വായിച്ച് മനസ്സിലാക്കണം. ആരോഗ്യ പ്രവർത്തകരും മറ്റും കോവിഡിനോട് പൊരുതുകയാണെന്നും ഈ പോരാട്ടം വിജയത്തിലെത്തുമെന്നും കുട്ടികളെ ബോധ്യപ്പെടുത്തണം. നിരവധിപേർ രോഗത്തെ അതിജീവിച്ചതും പറഞ്ഞുകൊടുക്കാവുന്നതാണ്. ബാധിച്ച കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ആവശ്യമായ പിന്തുണയും സഹായവും സഹപാഠികളും അധ്യാപകരും ഒരുക്കാൻ ശ്രദ്ധിക്കണമെന്നും സി.ബി.എസ്.ഇ ഉപദേശിക്കുന്നു.
വിദ്യാർഥികളുടെ വിഷമങ്ങൾ കണ്ടെത്തി പരിഹരിക്കാൻ അധ്യാപകർ മുന്നിട്ടിറങ്ങണം. സ്കൂളുകളിൽ പ്രത്യേക കൗൺസലർമാരില്ലെങ്കിൽ അധ്യാപകർക്ക് ആ ചുമതല താൽക്കാലികമെങ്കിലും ഏറ്റെടുക്കാൻ കഴിയുമെന്നാണ് സി.ബി.എസ്.ഇയുടെ വിലയിരുത്തൽ. അതേസമയം, ഓരോ സ്കൂളുകളിലും കൗൺസലർമാരെ നിയമിക്കുന്നതാണ് അഭികാമ്യം. എല്ലാ സ്കൂളുകളിലും കൗൺസലർ അല്ലെങ്കിൽ വെൽനസ് ടീച്ചർ വേണമെന്ന് സി.ബി.എസ്.ഇ അഫിലിയേഷൻ ബൈലോയിലുണ്ട്. സ്പെഷൽ എജുക്കേറ്റർമാരുടെ സേവനം നിർബന്ധമാണെന്നും മാർഗരേഖയിൽ പറയുന്നു.
പഠന വൈകല്യം, സ്കൂളിൽ പോകാൻ മടി, ഹൈപ്പർ ആക്ടിവിറ്റിയടക്കമുള്ള കുസൃതികൾ എന്നിവക്കെല്ലാം കൃത്യമായ പരിചരണവും പരിഹാരമാർഗവും സി.ബി.എസ്.ഇ നിർദേശിക്കുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമം ഇതിനാവശ്യമാണ്. കൗമാരകാലത്ത് മാനസിക പിന്തുണ ഏറ്റവും അത്യാവശ്യമാണ്. സൈബർ ലോകത്ത് അടിമയാകാതിരിക്കാനും ചീത്ത കൂട്ടുകെട്ടിൽ കുടുങ്ങി ലഹരിക്ക് അടിമകളാകാതിരിക്കാനും കൃത്യമായ ഉപദേശങ്ങൾ വിദ്യാർഥികൾക്ക് നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.