ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള മൗലാനാ ആസാദ് ഫെല്ലോഷിപ്പ് നിർത്തലാക്കി കേന്ദ്രം
text_fieldsന്യൂഡൽഹി: രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള ഗവേഷകർക്ക് യൂനിവേഴ്സിറ്റി ഗ്രാന്‍റ് കമീഷൻ (യു.ജി.സി) നൽകുന്ന മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പ് (എം.എ.എൻ.എഫ്) നിർത്തലാക്കിയെന്ന് കേന്ദ്രം. ലോക്സഭയിൽ ടി.എൻ. പ്രതാപൻ എം.പി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്‍റെ ചുമതലയുള്ള മന്ത്രി സ്മൃതി ഇറാനി നൽകിയ മറുപടിയിലാണ് 2022-23 വർഷം മുതൽ എം.എ.എൻ.എഫ് നിർത്തലാക്കിയതായി പറയുന്നത്.
കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വിവിധ ഫെല്ലോഷിപ്പുകളിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് അവസരമുള്ളതിനാലും, എം.എ.എൻ.എഫ് മറ്റു ചില ഫെല്ലോഷിപ്പ് പദ്ധതികളുടെ പരിധിയിൽ വരുന്നതിനാലും 2022-23 അധ്യയന വർഷം മുതൽ ഈ ഫെല്ലോഷിപ്പ് തുടരേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നെന്ന് മറുപടിയിൽ വിശദീകരിക്കുന്നു.
2014-15 അധ്യയന വർഷം മുതൽ 2021-22 അധ്യയന വർഷം വരെ 6722 ഗവേഷകർക്കായി 738.85 കോടി രൂപ എം.എ.എൻ.എഫ് വഴി വിതരണം ചെയ്തുവെന്നും മറുപടിയിലുണ്ട്.
എം.എ.എൻ.എഫ് നിർത്തലാക്കാനുള്ള കേന്ദ്ര തീരുമാനം നിലവിൽ ഫെല്ലോഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്ന് ടി.എൻ. പ്രതാപൻ പറഞ്ഞു. പുതുതായി ആർക്കും നല്കുന്നില്ലെന്നാണോ അതോ ഇതുവരെ ലഭിച്ചുകൊണ്ടിരുന്നവർക്കും ഇനി ലഭിക്കില്ലെന്നാണോ എന്നൊക്കെയുള്ള സംശയങ്ങൾ നിലനിൽക്കുന്നു. ഒ.ബി.സി അല്ലാത്ത ന്യൂനപക്ഷങ്ങളിൽ നിന്നുള്ള ഗവേഷക വിദ്യാർഥികൾക്ക് ഇതോടെ വലിയ അവസരം നിഷേധിക്കുകയാണ് സർക്കാർ ചെയ്തത്. വിഷയം വരും ദിവസങ്ങളിലും പാർലമെന്റിൽ ഉന്നയിക്കുമെന്ന് എം.പി വ്യക്തമാക്കി.
പ്രീമെട്രിക് സ്കോളർഷിപ് നിർത്തലാക്കിയത് പുനഃപരിശോധിക്കണമെന്ന് ഇ.ടി
ന്യൂഡൽഹി: പാവങ്ങളായ ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് കാലങ്ങളായി ലഭിച്ചുകൊണ്ടിരുന്ന പ്രീമെട്രിക്ക് സ്കോളർഷിപ് നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടി ക്രൂരമായതിനാൽ അത് പുനഃപരിശോധിച്ച് തിരുത്തണമെന്ന് മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി നേതാവും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി പാർലമെന്റിൽ ആവശ്യപ്പെട്ടു.
ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്ക് ഈ സ്കോളർഷിപ് ഇനി മുതൽ കൊടുക്കില്ലെന്ന സർക്കാർ തീരുമാനം അക്ഷരാർഥത്തിൽ ഞെട്ടിപ്പിക്കുന്നതാണ്. ഈ സ്കോളർഷിപ്പുകൾക്ക് വേണ്ടിയുള്ള അപേക്ഷ ഇക്കൊല്ലവും എല്ലാ വിദ്യാർഥികളും സമർപ്പിക്കുകയും അതിന്റെ സൂക്ഷ്മ പരിശോധനയടക്കം പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഈ ആനുകൂല്യം തട്ടിപ്പറിച്ചെടുത്തതുകൊണ്ട് ഈ സർക്കാറിന് എന്തു ലാഭമാണ് കിട്ടാൻ പോകുന്നതെന്ന് എം.പി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.