വിദ്യാർഥികളെ അടിമുടി വലച്ച് കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷ
text_fieldsന്യൂഡൽഹി: വിദ്യാർഥികളെ അടിമുടി വലച്ച് കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷയായ സി.യു.ഇ.ടി. പരീക്ഷത്തീയതി മാറ്റം, അവസാന നിമിഷം കേന്ദ്രങ്ങളിൽ മാറ്റം, വിദൂര കേന്ദ്രങ്ങൾ, പുനഃപരീക്ഷ തീയതികളിലെ അവ്യക്തത തുടങ്ങിയ ബുദ്ധിമുട്ടുകളാണ് പരീക്ഷയുടെ നാലാംഘട്ടത്തിൽ വിദ്യാർഥികൾ നേരിട്ടത്.
പരീക്ഷ സംബന്ധിച്ച വിവരങ്ങൾ യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷനോ (യു.ജി.സി) നാഷനൽ ടെസ്റ്റിങ് ഏജൻസിയോ (എൻ.ടി.എ) ഔദ്യോഗികമായി അറിയിച്ചില്ലെന്നാണ് ആക്ഷേപം. അപേക്ഷിച്ച സ്ഥലത്ത് പരീക്ഷയെഴുതാമെന്ന് കരുതിയവരാണ് വെട്ടിലായത്. 150 കിലോമീറ്റർ അകലെയുള്ള പരീക്ഷകേന്ദ്രങ്ങളാണ് പലർക്കും അനുവദിച്ചത്. അത് അഡ്മിറ്റ് കാർഡ് കിട്ടുമ്പോൾ മാത്രമാണ് അറിയുന്നത്. രാവിലെ എട്ടരക്കു മുമ്പ് പരീക്ഷകേന്ദ്രത്തിലെത്തണമെന്ന അറിയിപ്പ് പലരുടെയും പരീക്ഷമോഹത്തെ കെടുത്തി. അഡ്മിറ്റ് കാർഡിൽ കാണിച്ച സ്‍ഥലത്ത് പരീക്ഷ എഴുതാനാകാത്തവരും ഉണ്ട്. അവസാന നിമിഷം പരീക്ഷാർഥികളെ അറിയിക്കാതെ സെന്റർ മാറ്റിയതാണ് ചിലർക്ക് വിനയായത്. അഡ്മിറ്റ് കാർഡ് സമയത്ത് ലഭിക്കാഞ്ഞതാണ് പരാതികളിൽ ഗൗരവമുള്ള മറ്റൊന്ന്.
ബുധനാഴ്ച രാത്രിവരെ അഡ്മിറ്റ് കാർഡ് ലഭ്യമല്ലാതിരുന്നവർക്ക് വ്യാഴാഴ്ച രാവിലെ ഡൗൺലോഡ് ചെയ്യാൻ കഴിഞ്ഞു. പരീക്ഷ ആരംഭിച്ചു എന്നറിയാൻ മാത്രമാണത് ഉപകാരപ്പെട്ടതെന്ന് വിദ്യാർഥിയായ നിഖിൽ മിശ്ര പ്രതികരിച്ചു. എന്നാണ് തങ്ങൾക്കുള്ള പരീക്ഷ നടത്തുക എന്നതിലെ അവ്യക്തത നാലാംഘട്ടത്തിലെത്തിയപ്പോഴും നീങ്ങുന്നില്ല. ചിലർക്ക് ആഗസ്റ്റ് 18, 25 തീയതികളിൽ പരീക്ഷകൾ നടത്തുമെന്ന് ആഗസ്റ്റ് 14 ന് ഇ-മെയിൽ ലഭിച്ചിരുന്നു. ആഗസ്റ്റ് 16ന് വെബ്‌സൈറ്റിൽ മറ്റൊരു അറിയിപ്പെത്തി. ഒന്നുകിൽ ആഗസ്റ്റ് 18ന് പരീക്ഷ എഴുതാം അല്ലെങ്കിൽ ആഗ്രഹിക്കുന്ന നഗരത്തിൽ കേന്ദ്രം വേണമെങ്കിൽ ആഗസ്റ്റ് 30ലേക്ക് മാറ്റാം. അത് തിരഞ്ഞെടുത്തവർ ഇനി അന്ന് പരീക്ഷ വിചാരിച്ചപോലെ നടക്കുമോ എന്ന ആശങ്ക പങ്കിട്ടു.
സാങ്കേതിക തകരാറിനെ തുടർന്ന് ബുധനാഴ്ച 13 കേന്ദ്രങ്ങളിൽ പരീക്ഷ റദ്ദാക്കിയിരുന്നു. ഇവർക്ക് ആഗസ്റ്റ് 25ന് വീണ്ടും പരീക്ഷക്ക് അവസരം ലഭിക്കുമെന്നാണ് യു.ജി.സി അറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.