കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ സെർച് പട്ടികയിൽ ഇല്ലാത്തയാൾ
text_fieldsകാസർകോട്: കേന്ദ്ര സർവകലാശാല വൈസ് ചാൻസലറായ എച്ച്. വെങ്കിടേശ്വർലു, വൈസ് ചാൻസലറെ തെരഞ്ഞെടുക്കാൻ ചുമതലപ്പെട്ട സെർച് ആൻഡ് സെലക്ഷൻ കമ്മിറ്റി പട്ടികയിൽ ഉൾപ്പെടാത്തയാളെന്ന് വിവരാവകാശ രേഖ. ഉത്തരാഖണ്ഡ് സർവകലാശാല അസി. പ്രഫസർ ഡോ. നവീൻ പ്രകാശ് നോട്ടിയാലാണ് രേഖ പുറത്തുവിട്ടത്.
2019 ജൂൺ മൂന്നിന് പുറത്തിറക്കിയ വിജ്ഞാപന പ്രകാരമാണ് കേരള കേന്ദ്ര സർവകലാശാലയിലേക്കുള്ള വി.സി നിയമനത്തിന് അപേക്ഷ സ്വീകരിച്ചത്. 223 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽനിന്ന് സെർച് ആൻഡ് സെലക്ഷൻ കമ്മിറ്റി കൺവീനർ പ്രഫ. അശോക് ഗജാനൻ മോഡക്കിന്റെ നേതൃത്വത്തിൽ 2019 ആഗസ്റ്റ് ഒമ്പതിനു ഡൽഹിൽ സമ്മേളിച്ച് 16 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി. 2010 സെപ്റ്റംബർ എട്ട്, ഒമ്പത് തീയതികളിൽ അഭിമുഖം നടത്തി പട്ടിക ആറുപേരുടേതാക്കി. അതിൽ വെങ്കിടേശ്വർലുവിന്റെ പേരുണ്ടായിരുന്നില്ല.
സെർച് ആൻഡ് സെലക്ഷൻ കമ്മിറ്റി വകുപ്പ് ജോ. സെക്രട്ടറി ഗിരീഷ് സി. ഹോസൂറിന് നൽകിയ പാനൽ രാഷ്ട്രപതി ഭവനിലേക്ക് എത്തിയില്ല. ജോ. സെക്രട്ടറി ഈ ആറംഗ പാനൽ അട്ടിമറിച്ചതായാണ് രേഖകൾ. വെങ്കിടേശ്വർലുവിന്റെ പേര് ഒന്നാമതായി കാണിച്ച് മറ്റൊരു പാനൽ നൽകുകയായിരുന്നുവെന്നാണ് ആരോപണം. പാനലിൽ ഉൾപ്പെട്ട ഒന്നാം നമ്പറുകാരനായ പ്രഫ. ബി. സത്യനാരായണന് കർണാടക കേന്ദ്ര സർവകലാശാലയിൽ വി.സിയായി നിയമനം നൽകുകയായിരുന്നു. സത്യനാരായണക്കെതിരെ സി.ബി.ഐ അന്വേഷണം ഉണ്ടെന്നാരോപിച്ചായിരുന്നു കേരളത്തിൽനിന്ന് ഒഴിവാക്കിയത്. വെങ്കിടേശ്വർലുവിന്റെ അപേക്ഷ സ്ക്രീനിങ്ങിനുപോലും വിധേയമാക്കിയിരുന്നില്ല. ഇദ്ദേഹത്തിന് സർവകലാശാലതലത്തിൽ പ്രവർത്തന പരിചയമില്ല.
ഉസ്മാനിയ സർവകലാശാലയില പ്രവൃത്തി പരിചയമുണ്ടെന്നാണ് അവകാശവാദം. എന്നാൽ, കോളജിൽ അധ്യാപകനായി മാത്രമാണ് പരിചയമെന്ന് രേഖകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.