ആസാദ് ഫെലോഷിപ്: നിലവിൽ ലഭിക്കുന്നവർക്ക് തടയില്ലെന്ന് മന്ത്രി
text_fieldsന്യൂഡൽഹി: ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ള ഗവേഷകർക്ക് നൽകിവരുന്ന മൗലാന ആസാദ് നാഷനൽ ഫെലോഷിപ് (എം.എ.എൻ.എഫ്) നിർത്തലാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരുന്നു. തീരുമാനം പിൻവലിക്കണമെന്ന് വെള്ളിയാഴ്ച ലോക്സഭയിൽ ടി.എൻ. പ്രതാപൻ ആവശ്യപ്പെട്ടു.
ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങളിൽപെടാത്ത ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഫെലോഷിപ് അവസരം നിഷേധിക്കപ്പെടുന്നതിന് ഇത് കാരണമാകുമെന്ന് എം.പി ചൂണ്ടിക്കാട്ടി. എം.എ.എൻ.എഫ് മറ്റു ചില സ്കോളർഷിപ് സ്കീമുകളുടെ പരിധിയിൽ വരുന്ന പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കുകയാണ് വേണ്ടത്. അല്ലാതെ ഒരു സ്കീം അങ്ങനെത്തന്നെ ഇല്ലാതാക്കുന്നത് ബുദ്ധിപരമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടി.എൻ. പ്രതാപൻ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ചുമതലയുള്ള സ്മൃതി ഇറാനിയാണ് എം.എ.എൻ.എഫ് 2022-23 അധ്യയന വർഷം മുതൽ തുടരേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതായി വ്യക്തമാക്കിയത്. സ്മൃതി ഇറാനിയുമായി ആശയവിനിമയം നടത്തുകയും നിലവിൽ ഫെലോഷിപ് ലഭിക്കുന്ന ആർക്കും തടയപ്പെടില്ലെന്ന് ഉറപ്പുനൽകിയാതായും ടി.എൻ. പ്രതാപൻ അറിയിച്ചു.
എം.എ.എൻ.എഫ് നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് ഹൈദരാബാദിൽ വിദ്യാർഥി സംഘടനകൾ പ്രതിഷേധിച്ചു. ഐസ, എൻ.എസ്.യു.ഐ, ഫ്രറ്റേണിറ്റി, എം.എസ്.എഫ് തുടങ്ങിയ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ കേന്ദ്ര ന്യൂനപക്ഷ വകുപ്പിന്റെ ചുമതലയുള്ള സ്മൃതി ഇറാനിയുടെ കോലം കത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.