കേരള’യിൽ ബിരുദ സർട്ടിഫിക്കറ്റ് പരിശോധിക്കുന്നു
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലയിൽ കഴിഞ്ഞ 10 വർഷത്തിനിടെ പ്രവേശനത്തിനായി വിദ്യാർഥികൾ സമർപ്പിച്ച ബിരുദ സർട്ടിഫിക്കറ്റുകളുടെ സാധുത പരിശോധിക്കുന്നു. എസ്.എഫ്.ഐ മുൻ നേതാവ് നിഖിൽ തോമസ് കലിംഗ സർവകലാശാലയുടെ പേരിൽ വ്യാജ ബി.കോം ബിരുദ സർട്ടിഫിക്കറ്റ് തയാറാക്കി കായംകുളം എം.എസ്.എം കോളജിൽ എം.കോം പ്രവേശനം നേടിയ സംഭവത്തെ തുടർന്നാണ് നടപടി. പ്രവേശനസമയത്ത് ഹാജരാക്കുന്ന കേരളത്തിന് പുറത്തുനിന്നുള്ള ബിരുദ സർട്ടിഫിക്കറ്റുകളുടെ സാധുത പരിശോധിക്കാൻ അസിസ്റ്റൻറ് രജിസ്ട്രാറുടെ നേതൃത്വത്തിൽ ജന്യൂയിനസ് വെരിഫിക്കേഷൻ സെൽ രൂപവത്കരിക്കാൻ തീരുമാനിച്ചതായും സർവകലാശാല ഉത്തരവിൽ പറയുന്നു. ബന്ധപ്പെട്ട സർവകലാശാലയിൽനിന്ന് ഉറപ്പുലഭിച്ചശേഷമേ വിദ്യാർഥിക്ക് സ്ഥിരം പ്രവേശനം നൽകൂ.
സംസ്ഥാനത്തിന് പുറത്തുള്ള സർവകലാശാലകളുടെ സർട്ടിഫിക്കറ്റ് പരിശോധനക്കായി 2000 രൂപ ഫീസ് ഒടുക്കണം. കേരളത്തിലെ മറ്റ് സർവകലാശാലകളുടെ ബിരുദ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുമെങ്കിലും ഫീസടക്കേണ്ടതില്ല. കോളജുകളിൽ നിലവിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികളുടെയും യോഗ്യതാരേഖകൾ മൂന്നുമാസത്തിനകം പരിശോധിച്ച് സർവകലാശാലക്ക് റിപ്പോർട്ട് നൽകണം. പരിശോധനസമയം കഴിഞ്ഞ് രണ്ടാഴ്ചക്കകമാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. കോളജുകളിൽനിന്ന് അയക്കുന്ന സർട്ടിഫിക്കറ്റുകളിൽനിന്ന് തെരഞ്ഞെടുത്തവ സർവകലാശാല പരിശോധിക്കും. വിദ്യാർഥിപ്രവേശന നടപടികളുടെ ഉത്തരവാദിത്തം പ്രിൻസിപ്പലിനും വകുപ്പ് മേധാവിക്കുമായിരിക്കും. പ്രവേശന നടപടി ഏകോപിപ്പിക്കാൻ കോളജ് തലത്തിൽ നോഡൽ ഓഫിസറെ നിയോഗിച്ച് പേരുവിവരം സർവകലാശാലയെ അറിയിക്കണം.
പ്രവേശന നടപടി അവസാനിച്ചാൽ വിദ്യാർഥികളുടെ വിവരങ്ങൾക്കൊപ്പം നോഡൽ ഓഫിസർ, വകുപ്പ് മേധാവി, പ്രിൻസിപ്പൽ എന്നിവർ രേഖകൾ പരിശോധിച്ച് ഒപ്പിട്ട സർട്ടിഫിക്കറ്റും സർവകലാശാലക്ക് സമർപ്പിക്കണം. സർട്ടിഫിക്കറ്റുകളുടെ അസ്സൽ കോളജിൽ സൂക്ഷിക്കണം. രേഖകളിൽ സംശയം തോന്നിയാൽ സർവകലാശാലയെ അറിയിക്കണം. സർവകലാശാലയിൽനിന്ന് അംഗീകാരം ലഭിച്ചാലേ ഇവരുടെ പ്രവേശനം ശരിവെക്കാൻ പാടുള്ളൂ. സർവകലാശാലയിൽ അംഗീകാരത്തിന് സമർപ്പിക്കുന്ന രേഖകൾ ബന്ധപ്പെട്ട സർവകലാശാല രജിസ്ട്രാർ സാക്ഷ്യപ്പെടുത്തിയിരിക്കണം.രേഖകളുടെ പരിശോധനക്ക് ഓൺലൈൻ പോർട്ടൽ ഒരു മാസത്തിനകം സജ്ജമാക്കാൻ കമ്പ്യൂട്ടർ സെൻറർ ഡയറക്ടറെ ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.