മനുഷ്യാവകാശ സംരക്ഷണം സ്കൂൾ തലം മുതൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ
text_fieldsതിരുവനന്തപുരം: സ്കൂൾ തലം മുതൽ മനുഷ്യാവകാശ സംരക്ഷണം പാഠ്യ പദ്ധതിയുടെ ഭാഗമാക്കണമെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്സ്, ജസ്റ്റിസ് എസ്. മണികുമാർ. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, അയ്യൻകാളി ഹാളിൽ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ കേരള സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ജാതിക്കും മതത്തിനും അതീതമാണ് മനുഷ്യനും അയാൾക്ക് ജന്മനാ സിദ്ധിച്ച അവകാശങ്ങളും. ലോകത്ത് എവിടെ ജാതിയും മതവും ഉണ്ടായാലും ആശുപത്രികളിൽ അതുണ്ടാവില്ല. രക്തം സ്വീകരിക്കുമ്പോഴും അവയവം സ്വീകരിക്കുമ്പോഴും ദാതാവിൻ്റെ ജാതിയും മതവും ആരും നോക്കാറില്ല. കാരണം ആശുപത്രിയിൽ വലുത് ജീവനാണ്. ഇതേ ബോധ്യം എല്ലാവർക്കുമുണ്ടായാൽ ആരുടെ അവകാശങ്ങളും ലംഘിക്കപ്പെടില്ല.
500 ലധികം ഭാഷകളിൽ മൊഴിമാറ്റം നടത്തിയതിൻ്റെ ഗിന്നസ് റെക്കോർഡിന് അർഹമായ രേഖയാണ് സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനം. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കും ഭിന്നശേഷികാർക്കും കുടിയേറിയവർക്കുമുള്ള മനുഷ്യാവകാശങ്ങളെ കുറച്ച് തികച്ചും വ്യക്തമായ ഒരടിസ്ഥാനം സൃഷ്ടിക്കാൻ മനുഷ്യാവകാശ പ്രഖ്യാപനത്തിന് കഴിഞ്ഞു. 74 വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിക്കപ്പെട്ട മനുഷ്യാവകാശ പ്രഖ്യാപനം നിരവധി രാജ്യങ്ങളിലെ ഭരണഘടനയിൽ ഇടം നേടി.
മനുഷ്യാവകാശ പ്രഖ്യാപനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് സുപ്രീം കോടതി വിവിധ തരം അവകാശങ്ങൾക്ക് കൃത്യമായ വ്യാഖ്യാനങ്ങൾ നൽകി. സ്വകാര്യത, സൗജന്യ നിയമ സഹായം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ ഭരണഘടനാ തത്വങ്ങൾക്ക് കരുത്തുറ്റ അടിത്തറ പകരാൻ സുപ്രീം കോടതിക്ക് കഴിഞ്ഞു. മനുഷ്യാവകാശ സംരക്ഷണത്തെ കുറിച്ച് ഓരോരുത്തരും ബോധവാൻമാരാകണം. സ്കൂളിലും ജോലി സ്ഥലങ്ങളിലും മാത്രമല്ല വീടുകളിലും മനുഷ്യാവകാശം പ്രധാനപ്പെട്ടത് തന്നെയാണ്.
മനുഷ്യാവകാശത്തെ കുറിച്ച് ജനങ്ങൾ ബോധവാൻമാരായാൽ നിയമവും നീതിയും നടപ്പിലാക്കാൻ എളുപ്പമായിരിക്കും. എന്നാൽ അവകാശങ്ങളെ കുറിച്ച് കൂടുതലാളുകളും ബോധവാൻമാരല്ല. പാർശ്വവൽക്കരിക്കപെട്ടവരുടെ മനുഷ്യാവകാശം സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. വിചാരണ തടവുകാരുടെ അവകാശങ്ങളെ കുറിച്ചു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടുത്ത കാലത്ത് സൂചിപ്പിച്ചിരുന്നു. കോടതികളിൽ വിചാരണയിലിരിക്കുന്ന കാലതാമസമുള്ള കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് അധ്യക്ഷത വഹിച്ചു. കമ്മിഷൻ അംഗങ്ങളായ വി.കെ. ബീനാകുമാരി, കെ.ബൈജു നാഥ് എന്നിവർ പ്രഭാഷണം നടത്തി. നിയമ സെക്രട്ടറി വി.ഹരി നായർ, ഡി.ജി.പി.ടോമിൻ ജെ.തച്ചങ്കരി, ശോഭാ കോശി, തുടങ്ങിയവരും സംസാരിച്ചു. കമ്മീഷൻ സെക്രട്ടറി എസ്.എച്ച്. ജയകേശൻ സ്വാഗതവും രജിസ്ട്രാർ ജി എസ് ആശ നന്ദിയും പറഞ്ഞു.
കമ്മീഷൻ സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിൽ സമ്മാനർഹരായ പി.എം. അഖിലശ്രീ (ഒന്നാം സ്ഥാനം)എം. സ്നേഹാ മോഹൻ (രണ്ട്) അലീനാ റോസ് ജോസ്, കെ ആർ അനിത (മൂന്നാം സ്ഥാനം) എന്നിവർ ജസ്റ്റിസ് എസ്. മണികുമാറിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.