പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ വീണ്ടും കുറഞ്ഞു; അൺഎയ്ഡഡിൽ വൻ വർധന
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ വീണ്ടും വിദ്യാർഥികൾ കുറയുന്നു. അൺഎയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ വർധിക്കുകയും ചെയ്തു. ഈ അധ്യയന വർഷത്തെ ആറാം പ്രവൃത്തിദിനത്തെ കണക്കിലൂടെയാണ് പൊതുവിദ്യാലയങ്ങളിലെ കുറവ് പുറത്തുവന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കൂടിയെന്ന പെരുപ്പിച്ച കണക്ക് പ്രചരിപ്പിക്കുന്നതിനിടെയാണ് തുടർച്ചയായ രണ്ടാം വർഷവും അൺഎയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ കൂടിയത്.
ഗവ. സ്കൂളുകളിൽ കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ 99,566 കുട്ടികളുണ്ടായിരുന്നത് ഇത്തവണ 92,638 ആയി കുറഞ്ഞു; കുറവ് 6928. എയ്ഡഡ് സ്കൂളുകളിൽ കഴിഞ്ഞ വർഷം 1,58,583 പേർ എയ്ഡഡിൽ ഒന്നാം ക്ലാസ് പ്രവേശനം നേടിയത് ഇത്തവണ 1,58,348 ആയി കുറഞ്ഞു. എന്നാൽ, അൺഎയ്ഡഡിൽ കഴിഞ്ഞ വർഷം 39,918 പേർ ഒന്നിലെത്തിയത് ഇത്തവണ 47,862 ആയി; വർധന 7944. കഴിഞ്ഞ വർഷവും അൺഎയ്ഡഡിൽ ഒന്നാം ക്ലാസിൽ 5052 കുട്ടികൾ വർധിച്ചിരുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഒന്നാം ക്ലാസിൽ ആകെ പ്രവേശനം നേടിയവരുടെ എണ്ണത്തിൽ നേരിയ വർധന ഉണ്ടായിരിക്കെയാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞത്. കഴിഞ്ഞ വർഷം ഒന്നിൽ 2,98,067 പേരുണ്ടായിരുന്നത് ഈ വർഷം 2,98,848 ആയി.
ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പ്രവേശനം നേടിയവരുടെ എണ്ണത്തിലും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞപ്പോൾ അൺഎയ്ഡഡിൽ കൂടി. കഴിഞ്ഞ വർഷം സർക്കാർ സ്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ ആകെയുണ്ടായിരുന്നത് 12,23,554 കുട്ടികൾ. ഇത്തവണ 11,60,579 ആയാണ് കുറഞ്ഞത്. കുറവ് 62,975 കുട്ടികൾ.
എയ്ഡഡിൽ കഴിഞ്ഞ വർഷം 21,81,170 കുട്ടികൾ ഉണ്ടായിരുന്നത് ഇത്തവണ 21,27,061 ആയി; കുറഞ്ഞത് 54,109. അൺഎയ്ഡഡിൽ കഴിഞ്ഞ വർഷം 3,41,923 കുട്ടികൾ ഉണ്ടായിരുന്നത് ഇത്തവണ 3,55,967 ആയി; വർധിച്ചത് 14,044 കുട്ടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.