ആറാം പ്രവൃത്തി ദിവസത്തിനുശേഷം കാണാതാവുന്ന കുട്ടികൾ
text_fieldsവെള്ളമുണ്ട: ആറാം പ്രവൃത്തിദിനം മാത്രം കാണുന്ന വിദ്യാർഥികളുണ്ട് പല വിദ്യാലയങ്ങളിലും. അവരുടെ കണക്കാണ് ചിലരെ നിലനിർത്തുന്ന കണക്ക്. പുതിയ ഡിവിഷനുണ്ടാക്കുന്നതിനും നിയമനം ഉറപ്പാക്കുന്നതിനും ഈയൊരൊറ്റ ദിവസത്തെ കണക്ക് മാത്രം മതി എന്ന തലതിരിഞ്ഞ ചട്ടമാണ് പരസ്യമായ ഈ രഹസ്യത്തിന്റെ മൂലകാരണം. മുമ്പ് ആറാം പ്രവൃത്തി ദിവസം വിദ്യാലയങ്ങളിലെത്തി കുട്ടികളുടെ തലയെണ്ണുന്ന പദ്ധതിയുണ്ടായിരുന്നു. എല്ലാ വിദ്യാലയത്തിലും ഒരേ സമയത്ത് തലയെണ്ണൽ നടക്കുന്ന പദ്ധതി ഓൺലൈനിലേക്ക് മാറിയതോടെ വിദ്യാർഥി എവിടെ പഠിച്ചാലും കണക്ക് മാത്രം സംസാരിക്കുന്ന രീതി വന്നു.
ആറാം പ്രവൃത്തി ദിവസം വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂർണ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന കുട്ടികളെ കണക്കിൽപ്പെടുത്തുകയും അടുത്ത ദിവസങ്ങളിൽ ടി.സി നൽകി പറഞ്ഞയക്കുകയും ചെയ്താണ് പല വിദ്യാലയങ്ങളും ഡിവിഷൻ നിലനിർത്തുന്നതെന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപടികൾ ഉണ്ടാവുന്നില്ല. വായുവിൽ പറക്കുന്ന ടി.സികളും ആറാം പ്രവൃത്തി ദിവസത്തിന് ശേഷം കാണാതാവുന്ന കുട്ടികളെക്കുറിച്ചും വിശദമായ അന്വേഷണം ഇതുവരെ ഉണ്ടായിട്ടില്ല. വിദ്യാഭ്യാസ വകുപ്പിലെ ഉന്നതർ അറിഞ്ഞുകൊണ്ടാണ് ഇത് നടക്കുന്നതെന്നതിനാലാണ് നടപടി ഉണ്ടാവാത്തതെന്ന് പരാതിയുണ്ട്.
ആറാം പ്രവൃത്തി ദിവസം കണക്കൊപ്പിക്കുന്നതിന് ചേർക്കുന്ന വിദ്യാർഥികളിൽ പലരും ആ വിദ്യാലയത്തിൽ ഒരു ദിവസം പോലും പഠനത്തിന് എത്താറില്ല. സ്വകാര്യ വിദ്യാലയങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും പഠിക്കുന്ന വിദ്യാർഥികൾ വരെ ആറാം പ്രവൃത്തി ദിനത്തിൽ സമ്പൂർണതയുടെ കണക്കിൽപെടുത്തി എണ്ണം വർധിപ്പിക്കുന്ന അവസ്ഥയുണ്ട്. പല എയ്ഡഡ് വിദ്യാലയങ്ങളിലും ഇല്ലാത്ത കുട്ടികളുടെ കണക്ക് കാണിച്ചാണ് ഡിവിഷൻ രൂപവത്കരിക്കുന്നതെന്ന പരാതി ഇപ്പോഴും തുടരുന്നു. മുൻ വർഷങ്ങളിൽ സൂപ്പർ ചെക് സെൽ നടത്തിയ പരിശോധനയിൽ ഇത് കണ്ടെത്തുകയും വലിയ പിഴ വിധിക്കുകയും ചെയ്തിരുന്നു. തുടർന്ന് പഴുതടച്ച പ്രവർത്തനമാണ് നിലവിൽ നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളിലേക്ക് മാറിയ കുട്ടികളുടെ എണ്ണം രക്ഷിതാക്കൾ അറിയാതെ ചേർക്കുന്നത് അധികൃതർ അറിഞ്ഞുകൊണ്ടുള്ള നീക്കമാണെന്ന ആരോപണമുയരുന്നുണ്ട്.
ബംഗളൂരുവിൽ പഠിക്കുന്ന കുട്ടിയുടെ അഡ്മിഷൻ രക്ഷിതാവറിയാതെ വെള്ളമുണ്ടയിലെ പ്രമുഖ വിദ്യാലയത്തിലെത്തിയത് ഏറെ വിവാദത്തിനിടയാക്കിയ ഒടുവിലത്തെ സംഭവമാണ്. കഴിഞ്ഞ മേയ് മാസം മുതൽ ബംഗളൂരുവിലെ ശബരി സ്കൂളിൽ പഠിക്കുന്ന ഈ കുട്ടി ആറാം പ്രവൃത്തി ദിവസവും വെള്ളമുണ്ടയിലെ ഒരു വിദ്യാലയത്തിൽ പഠിച്ചതായ രേഖകൾ ഉണ്ടായിട്ടും നടപടിയുണ്ടായില്ല. സംഭവം വിവാദമായപ്പോൾ മറ്റൊരു സർക്കാർ വിദ്യാലയത്തിലേക്ക് ടി.സി തിരിച്ചയച്ചതും കൗതുകമായി. അപ്പോഴും ആ വിദ്യാർഥി കർണാടകയിൽ പഠിക്കുകയാണ്. എന്നിട്ടും ഒരു നടപടിയും ആർക്കെതിരെയും ഇതുവരെയുണ്ടായില്ല. വിദ്യാഭ്യാസ വകുപ്പിലെ ഉന്നതർ അറിഞ്ഞ് നടത്തിയ ക്രമക്കേടിന്റെ വിവരങ്ങളാണ് പുറത്തുവരുന്നതെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ ഇത്തരം ക്രമക്കേടുകൾ നടക്കുന്നതായ പരാതിയുണ്ട്. സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികളെ എയ്ഡഡ് വിദ്യാലയത്തിലെ നിയമനങ്ങൾ ഉറപ്പിക്കുന്നതിന് രാത്രി സമയങ്ങളിലടക്കം മാറ്റുന്നത് വ്യാപകമായിട്ടുണ്ട്. കൂടാതെ സമീപത്തെ എയ്ഡഡ് വിദ്യാലയങ്ങളിൽ അധികമുള്ള കുട്ടികളെ മറ്റൊരു എയ്ഡഡ് വിദ്യാലയത്തിലേക്ക് തൽക്കാലം കണക്കൊപ്പിക്കുന്നതിന് നടത്തുന്ന ടി.സി നൽകി പറഞ്ഞയച്ച് വീണ്ടും തിരിച്ചെത്തിക്കുന്ന പ്രവൃത്തികളും വ്യാപകമാണ്.
എയ്ഡഡ് വിദ്യാലയങ്ങളിൽ ഇത്തരം ക്രമക്കേടുകൾ വ്യാപകമാണെങ്കിലും അന്വേഷണം പ്രഹസനമാവുകയാണ് പതിവ്. ഒരു കുട്ടിയെ രണ്ട് വിദ്യാലയങ്ങളുടെ കണക്കിൽ ഉൾപ്പെടുത്തുന്നതിലൂടെ സർക്കാർ ഫണ്ടിലും വൻ ക്രമക്കേട് നടത്താൻ കഴിയുമെന്ന അവസ്ഥയുണ്ട്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ യഥാർഥ രേഖകൾ ഒരു വകുപ്പിനു കീഴിൽ കൊണ്ടുവരുകയും ആറാം പ്രവൃത്തി ദിനം എന്ന ഒരു ദിവസത്തെ കണക്ക് ഒഴിവാക്കി സ്ഥിരം പരിശോധനക്ക് സംവിധാനം ഉണ്ടായാൽ മാത്രമാണ് ഇല്ലാത്ത കുട്ടികളെ വെച്ചുള്ള കുതിരക്കച്ചവടം അവസാനിക്കുകയുള്ളൂ.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.