സിവിൽ സർവിസ് പരീക്ഷയിൽ 26ാം റാങ്കുമായി അഞ്ജലി സുരേന്ദ്രനാഥ്
text_fieldsബേപ്പൂർ: സിവിൽ സർവിസ് പരീക്ഷയിൽ 26ാം റാങ്കിെൻറ തിളക്കവുമായി ബേപ്പൂർ സ്വദേശിനി അഞ്ജലി സുരേന്ദ്രനാഥ്. കോഴിക്കോട് എൻ.ഐ.ടിയിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബി.ടെക് നേടിയ 25 കാരിയായ അഞ്ജലി ബംഗളൂരുവിൽ മൂന്നു വർഷമായി കൺസൽട്ടൻറായി ജോലിചെയ്യുകയാണ്. എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസും പ്ലസ്ടുവിന് 99 ശതമാനവും മാർക്ക് വാങ്ങിയാണ് അഞ്ജലി പാസായത്. അച്ഛൻ സുരേന്ദ്രനാഥൻ കാലിക്കറ്റ് ഡെവലപ്മെൻറ് അതോറിറ്റിയിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. അമ്മ ദേവി ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. ബേപ്പൂർ ഹൈസ്കൂളിന് പടിഞ്ഞാറുഭാഗം തമ്പി റോഡിൽ ചിത്രാഞ്ജലി വീട്ടിലാണ് താമസം. സഹോദരി അപർണ എം.ബി.ബി.എസ് മൂന്നാംവർഷ വിദ്യാർഥിനിയാണ്. ബംഗളൂരുവിൽനിന്ന് അഞ്ജലിതന്നെയാണ് റാങ്ക് നേടിയ വിവരം മാതാപിതാക്കളെ അറിയിച്ചത്.
മേയ് രണ്ടിന് റിസൽട്ട് വരാനിരിക്കെ പരാജയപ്പെടുമെന്ന ആശങ്കയിൽ ഒറ്റക്ക് ബംഗളൂരുവിൽ തങ്ങുന്നത് ശരിയല്ലെന്ന് കരുതി നാട്ടിലേക്കു മുമ്പേതന്നെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ, റിസൽട്ട് നേരത്തേ വന്നപ്പോൾ അച്ഛെൻറയും അമ്മയുടെയും അനിയത്തിയുടെയും കൂടെ സന്തോഷം പങ്കിടാനുള്ള യാത്രയിലാണ് അഞ്ജലി. ഇന്ന് രാവിലെ പത്തു മണിയോടെ അഞ്ജലി വീട്ടിലെത്തും. വിദ്യാർഥിയായിരിക്കുമ്പോൾ സിവിൽ സർവിസ് പരീക്ഷയെഴുതണമെന്നുള്ള താൽപര്യമാണ് അഞ്ജലിയെ 26ാം റാങ്കിലേക്ക് എത്തിച്ചതെന്ന്
മാതാപിതാക്കൾ മാധ്യമത്തോട് പറഞ്ഞു. പഠനത്തിൽ മാത്രമല്ല കല, കായിക, കാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് അഞ്ജലി. സൈക്ലിങ്, നീന്തൽ തുടങ്ങിയവയിലൊക്കെ വലിയ താൽപര്യമുണ്ടായിരുന്നു. നാടകത്തിലും അഭിനയിച്ചിട്ടുണ്ട്. വി.കെ.സി. മമ്മദ് കോയ എം.എൽ.എ ടെലിഫോണിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.