പെരിന്തല്‍മണ്ണയില്‍ സൗജന്യ സിവില്‍ സര്‍വിസസ് അക്കാദമി ആരംഭിക്കുന്നു
text_fieldsമലപ്പുറം: നജീബ് കാന്തപുരം എം.എല്‍.എയുടെ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന 'ക്രിയ' വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണയില്‍ സൗജന്യ സിവില്‍ സര്‍വിസസ് അക്കാദമി ആരംഭിക്കുന്നു. കേരളത്തിലെ ആദ്യ സമ്പൂര്‍ണ സൗജന്യ സിവില്‍ സര്‍വിസസ് അക്കാദമിയാണ് ഇതെന്ന് നജീബ് കാന്തപുരം എം.എല്‍.എ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. മലബാര്‍ മേഖലയിലെ സിവില്‍ സര്‍വിസ് തല്പരരായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് റസിഡന്‍ഷ്യല്‍ കോച്ചിങ്ങുമായി അക്കാദമി സജ്ജമാകുന്നത്.
പെരിന്തല്‍മണ്ണയിലെ ഐ.എസ്.എസ് എജുക്കേഷനൽ സൊസൈറ്റിയാണ് അക്കാദമിക്ക് വേണ്ടി സ്ഥലം വിട്ടുനല്‍കിയത്. പൊന്ന്യാകുർശ്ശിയിലുള്ള ഐ.എസ്.എസ് കാമ്പസിലാണ് അക്കാദമി പ്രവര്‍ത്തനസജ്ജമാവുന്നത്. ആധുനിക രീതിയിലുള്ള വിശാല ക്ലാസ് മുറികള്‍, ലൈബ്രറി ആൻഡ് റീഡിങ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, ഡിസ്കഷന് റൂം, സ്റ്റുഡിയോ എന്നിവ ഒരുക്കും.
ഫൈസല്‍ ആൻഡ് ശബാനാ ഫൗണ്ടേഷനാണ് പദ്ധതിയുടെ പ്രധാന പങ്കാളി. സിവില്‍ സര്‍വിസ് തല്പരരായ നൂറ് വിദ്യാര്‍ഥികള്‍ക്കാണ് ഓരോ വര്‍ഷവും പ്രവേശനം നല്‍കുക. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ നിന്നുള്ളവരില്‍നിന്ന് എഴുത്ത് പരീക്ഷയും ഇന്റർവ്യൂവും നടത്തി മികവ് പുലര്‍ത്തുന്നവര്‍ക്കാണ് പ്രവേശനം.
എസ്.സി, എസ്.ടി, മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍, അംഗപരിമിതര്‍, ട്രാന്‍സ്ജെൻഡര്‍ വിഭാഗങ്ങള്‍ക്ക് വെയ്റ്റേജ് നല്‍കും. പെരിന്തല്‍മണ്ണ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ളവര്‍ക്കും പ്രത്യേക പരിഗണനയുണ്ടാകും. അക്കാദമിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേര് നല്‍കുമെന്നും നജീബ് കാന്തപുരം എം.എല്‍.എ പറഞ്ഞു.
അക്കാദമി പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ മുന്നോടിയായി മേയ് 14ന് പെരിന്തല്‍മണ്ണയില്‍ ഓറിയന്റേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും. തുടര്‍ന്ന് എഴുത്ത് പരീക്ഷയും ഇന്റവ്യൂവും നടക്കും. ജൂലൈ രണ്ടാം വാരം ക്ലാസ് ആരംഭിക്കും. ഐ.എസ്.എസ് ചെയര്മാന് ഡോ. ഉണ്ണീന്‍, ഫൈസല്‍ ആൻഡ് ശബാനാ ഫൗണ്ടേഷന് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.