ബിരുദമെന്ന സ്വപ്നത്തിലേക്ക് 7815 പേർ
text_fieldsകൊച്ചി: സാക്ഷരത മിഷൻ നടത്തുന്ന ഹയർ സെക്കൻഡറി കോഴ്സ് പ്ലസ് ടുവിന് തത്തുല്യമായതോടെ ബിരുദ പഠനത്തിന് യോഗ്യരായി 7815 പേർ. പ്രായവും ജോലിയും ഒന്നും തടസ്സമാകാതെ ആയിരങ്ങൾ ഉന്നതപഠനത്തിന് യോഗ്യത നേടിയത് ചരിത്രനേട്ടമായി കണക്കാക്കുകയാണ് സാക്ഷരത മിഷനും. ഹയർ സെക്കൻഡറി തുല്യത നേടിയാൽ പ്ലസ് ടു പാസാകുന്നതുപോലെതന്നെ ഉപരിപഠനത്തിന് അർഹതയുണ്ടെന്ന ഉത്തരവാണ് അനൗപചാരിക വിദ്യാഭ്യാസ മേഖലക്ക് ഉണർവേകുന്നത്.
തുല്യത കോഴ്സുകൾ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി ഓരോ ജില്ലയിലും മന്ത്രിമാരുടെ നേതൃത്വത്തിൽ കാമ്പയിൻ നടത്തി. ഇത് മികച്ച പ്രതികരണമുണ്ടാക്കുകയും പഠിതാക്കൾ മൂന്നിരട്ടിയാവുകയും ചെയ്തു. 2016-18 അധ്യയനവർഷം 14,934 ആയിരുന്ന രജിസ്ട്രേഷൻ 2017-19ൽ 32,794 ആയി വർധിച്ചു. സംസ്ഥാനത്ത് 373 പഠന കേന്ദ്രങ്ങളിലായി 1922 അധ്യാപകരുണ്ട്.
47 പഠനകേന്ദ്രങ്ങളുള്ള മലപ്പുറം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം (45), തൃശൂർ (44) ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഹ്യുമാനിറ്റീസ്, േകാമേഴ്സ് ഗ്രൂപ്പുകളാണ് ഹയർ സെക്കൻഡറി തുല്യത കോഴ്സിലുള്ളത്.
എസ്.സി.ഇ.ആർ.ടിയുടെ സഹകരണത്തിൽ കരിക്കുലം കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് കോഴ്സും പഠനസാമഗ്രികളും തീരുമാനിക്കുന്നത്. രജിസ്േട്രഷൻ, പഠനകേന്ദ്രങ്ങൾ സജ്ജീകരിക്കൽ, ക്ലാസ് നടത്തിപ്പ് എന്നിവ സാക്ഷരത മിഷൻ നടത്തുന്നു.
പരീക്ഷ, മൂല്യനിർണയം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് ഹയർ സെക്കൻഡറി ബോർഡാണ്. തുല്യത ക്ലാസുകളുടെ കാര്യക്ഷമമായ നടത്തിപ്പിന് അതത് തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ പ്രത്യേക സമിതികൾ രൂപവത്കരിക്കും. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേകം ക്ലാസുകൾ സജ്ജീകരിക്കും.
തുല്യത കോഴ്സുകൾ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളുടെ വിജയമായാണ് സർക്കാർ ഉത്തരവിനെയും പഠിതാക്കളുടെ എണ്ണം വർധിച്ചതും കാണുന്നതെന്ന് മിഷൻ ഡയറക്ടർ പി.എസ്. ശ്രീകല ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.