കോളജുകൾ ജൂൺ ഒന്നിന് തുറക്കും; പഠനം ഓൺലൈൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകൾ ജൂൺ ഒന്നിനുതന്നെ തുറക്കാൻ കോളജ് വിദ്യാഭ്യാസ ഡയറക്ടർ മാർഗനിർദേശം പുറപ്പെടുവിച്ചു. െറഗുലർ ക്ലാസുകൾ ആരംഭിക്കുന്നതുവരെ ഓൺലൈൻ ക്ലാസുകൾ നടത്താം. അധ്യാപകർ അക്കാദമിക് കലണ്ടർ അനുസരിച്ച് ഓൺലൈൻ ക്ലാസുകൾ നടത്തുന്നുണ്ടെന്നും വിദ്യാർഥികൾ അതിൽ പങ്കാളികളാകുന്നുണ്ടെന്നും പ്രിൻസിപ്പൽമാർ ഉറപ്പാക്കണം.
ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെയും പങ്കെടുക്കുന്ന വിദ്യാർഥികളുടെയും കൃത്യമായ ഹാജർ രേഖപ്പെടുത്തി സൂക്ഷിക്കുകയും ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് ചെയ്യുകയും വേണം. ഓൺലൈൻ പഠന സൗകര്യങ്ങൾ ലഭ്യമല്ലാത്ത വിദ്യാർഥികൾക്ക് ക്ലാസുകൾ ലഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിന് പ്രിൻസിപ്പൽമാർ ശ്രദ്ധിക്കണം.
ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാർഗ നിർദേശങ്ങൾ കർശനമായി പാലിച്ചാകണം കോളജുകൾ തുറക്കേണ്ടത്. സർവകലാശാല പരീക്ഷകളിൽ പങ്കെടുക്കുന്നതിന് വിദ്യാർഥികൾക്ക് സൗകര്യപ്രദമായ രീതിയിൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണം. മൂല്യനിർണയം സമയബന്ധിതമായി പൂർത്തിയാക്കണം. ഓൺലൈൻ പഠനരീതിക്ക് ആവശ്യമായ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് വിക്ടേഴ്സ് ചാനൽ പോലെ ടി.വി/ഡി.ടി.എച്ച്/റേഡിയോ ചാനൽ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും സർക്കുലർ നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.