കേന്ദ്രസർവകലാശാലകളിെല ബിരുദ പ്രവേശനത്തിന് ഒറ്റ പ്രവേശന പരീക്ഷ; ഏഴംഗ സമിതി രൂപീകരിച്ചു
text_fieldsന്യൂഡൽഹി: കേന്ദ്രസർവകലാശാലകളിലെ ബിരുദ പ്രവേശനത്തിന് 2021 -22 അധ്യയന വർഷം മുതൽ ഒറ്റ പ്രവേശന പരീക്ഷ നടത്താനൊരുങ്ങി കേന്ദ്രസർക്കാർ. ബിരുദപ്രവേശനത്തിന് പ്ലസ്ടു കട്ട് ഓഫ് മാർക്ക് സംബന്ധിച്ച സങ്കീർണതകൾ അവസാനിപ്പിക്കലാണ് ലക്ഷ്യം. ബിരുദ പ്രവേശനത്തിന് നടത്തേണ്ട ഒറ്റ പ്രവേശന പരീക്ഷ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും നിശ്ചയിക്കുന്നതിനായി ഏഴംഗ വിദഗ്ധ സമിതി രൂപീകരിച്ചു.
കമ്പ്യൂട്ടർ അധിഷ്ഠിത ഒറ്റ പ്രവേശന പരീക്ഷ നാഷനൽ ടെസ്റ്റിങ് ഏജൻസിയാകും നടത്തുക. എല്ലാ കേന്ദ്ര സർവകലാശാലകളിലേക്കുമുള്ള ബിരുദ പ്രവേശനത്തിന് ഒറ്റ പ്രവേശന പരീക്ഷഫലം നിർബന്ധമാകും. 2021-22 അധ്യയന വർഷം മുതൽ എല്ലാ കേന്ദ്ര സർവകലാശാലകളിലെയും ബിരുദ പ്രവേശനത്തിന് ഇത് മാനദണ്ഡമാക്കുമെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖാരെ അറിയിച്ചു. ഒറ്റ പ്രവേശന പരീക്ഷയിൽ ഒരു ജനറൽ പരീക്ഷയും കൂടാതെ വിഷയ അടിസ്ഥാനത്തിൽ പ്രത്യേക പരീക്ഷകളുമുണ്ടാകും. ഏഴംഗ കമീഷൻ ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് യു.ജി.സി ചെയർപേഴ്സൻ പ്രഫസർ ഡി.പി. സിങ് അറിയിച്ചു.
ഒറ്റ പ്രവേശന പരീക്ഷ വഴി വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ച കോഴ്സുകൾ തിരഞ്ഞെടുക്കാൻ അവസരം ലഭിക്കുമെന്നും ഒന്നിലധികം പ്രവേശന പരീക്ഷ എഴുതുന്നതിന്‍റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒറ്റ പ്രവേശന പരീക്ഷ എഴുതാനുള്ള അടിസ്ഥാന യോഗ്യത സംബന്ധിച്ചും കമ്മിറ്റി ചർച്ചചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.