സാങ്കേതിക സർവകലാശാല പരീക്ഷ മൂല്യനിർണയത്തിൽ വ്യാപക പരാതി
text_fieldsതിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ ഉത്തരക്കടലാസ് മൂല്യനിർണയത്തെ കുറിച്ച് വ്യാപക പരാതി. മൂല്യനിർണയത്തിന് പരിചയസമ്പന്നരല്ലാത്ത അധ്യാപകരെ നിയോഗിക്കുന്നതുമൂലം സമർഥരായ നിരവധി വിദ്യാർഥികൾ എൻജിനീയറിങ് പരീക്ഷകളിൽ പരാജയപ്പെടുന്നതായാണ് ആക്ഷേപം. സ്വാശ്രയ കോളജ് അധ്യാപകരെ യോഗ്യത പോലും പരിശോധിക്കാതെയാണ് മൂല്യനിർണയത്തിന് നിയമിക്കുന്നത്.
കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ബി.ടെക് ഏഴാം സെമസ്റ്റർ പരീക്ഷയിൽ 'സ്ട്രക്ചറൽ അനാലിസിസ്' പേപ്പറിന് മാത്രമായി തോറ്റ രണ്ടു വിദ്യാർഥിനികൾക്ക് 24 മാർക്കും 22 മാർക്കുമാണ് ലഭിച്ചത്. പുനഃപരിശോധനയിൽ മാർക്ക് 17ഉം 10ഉം ആയി കുറഞ്ഞു. ഉത്തരക്കടലാസിെൻറ പകർപ്പ് പരിശോധിച്ച വിദ്യാർഥിനികൾ ലോകായുക്തയെ സമീപിച്ചു. ലോകായുക്തയുടെ നിർദേശാനുസരണം പരാതി പരിശോധിക്കാൻ സർവകലാശാല റിവ്യൂ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
ബോർഡ് ചെയർമാൻ നിയോഗിച്ച പരിചയസമ്പന്നരായ അധ്യാപകരെക്കൊണ്ട് വീണ്ടും മൂല്യനിർണയം ചെയ്തപ്പോൾ 17 മാർക്ക് 76 ആയും 10 മാർക്ക് 46 ആയും ഉയരുകയും വിദ്യാർഥിനികൾ ബി.ടെക് ജയിക്കുകയും െചയ്തു. വീഴ്ച തങ്ങളുടേതാണെങ്കിലും ഉത്തരക്കടലാസ് റിവ്യൂ ചെയ്യുന്നതിന് 5000 രൂപവീതം ഫീസിനത്തിൽ വിദ്യാർഥിനികളിൽനിന്ന് സർവകലാശാല ഈടാക്കി.ഐ.ടി കമ്പനികളിലുൾെപ്പടെ പ്ലേസ്മെൻറ് ലഭിക്കുന്ന നിരവധി വിദ്യാർഥികൾക്ക് മൂല്യനിർണയങ്ങളിലെ അപാകം മൂലം തൊഴിൽ നഷ്ടപ്പെടുന്നുണ്ടെന്നും വീഴ്ചവരുത്തുന്ന അധ്യാപകർക്കെതിരെയും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും ക്രിമിനൽ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.