വിദ്യാഭ്യാസ മേഖലയിലെ രഹസ്യ റിപ്പോർട്ടുകൾ ഇനി 'സ്കോർ' വഴി
text_fieldsമലപ്പുറം: വിദ്യാഭ്യാസ മേഖലയിലെ കോൺഫിഡൻഷ്യൽ (രഹസ്യ) റിപ്പോർട്ടുകൾ സെക്രേട്ടറിയറ്റ് കോൺഫിഡൻഷ്യൽ റിപ്പോർട്ടിങ് ആൻഡ് റിവ്യൂവിങ് സിസ്റ്റം (സ്കോർ) വഴി വേണമെന്ന ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് കർശനമാക്കി. വകുപ്പിലെ ബന്ധപ്പെട്ട ഫയലുകളിലെ രഹസ്യം അതുപോലെ ഉന്നത തലത്തിലെത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് നടപടി. നാല് മാസം മുമ്പ് തന്നെ ഇക്കാര്യത്തിൽ വകുപ്പ് തീരുമാനമെടുത്തിരുന്നെങ്കിലും കാര്യമായ പ്രതികരണം ലഭിക്കാതെ വന്നതോടെയാണ് കർശനമാക്കി ഉത്തരവിറക്കിയത്.
2022 ജൂലൈ രണ്ടിനാണ് ആദ്യ ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. എന്നാൽ, നാമമാത്ര ജീവനക്കാർ മാത്രമാണ് സോഫ്റ്റ് വെയറിൽ രജിസ്റ്റർ ചെയ്തത്. സംവിധാനത്തിന് കാര്യമായ പ്രതികരണം ലഭിക്കാതെ വന്നതോടെ സ്കോർ സോഫ്റ്റ് വെയർ വഴിയുള്ള ഫയൽ നീക്കം കാര്യക്ഷമമാക്കാൻ നിശ്ചയിക്കുകയായിരുന്നു.
2022 നവംബർ നാലിനകം കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഫയൽ നീക്കം സോഫ്റ്റ് വെയറിലേക്ക് മാറ്റണമെന്നാണ് പുതിയ നിർദേശം.
വിദ്യാഭ്യാസ ഉപഡയറക്ടർമാരാണ് ബന്ധപ്പെട്ട ജീവനക്കാർ സോഫ്റ്റ് വെയറിൽ രജിസ്റ്റർ ചെയ്ത് ഫയൽ നീക്കം ആരംഭിച്ചെന്ന് ഉറപ്പാക്കേണ്ടത്. സ്കോർ സോഫ്റ്റ് വെയറിൽ ഓരോ ജീവനക്കാരനും യൂസർ നെയിം, പാസ് വേർഡ് എന്നിവയുണ്ടാകും. ഇത് വഴി മാത്രമേ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനാകൂ. ഡി.ഡി.ഇ, ഡി.ഇ.ഒ, എ.ഇ.ഒ, ഡയറ്റ് പ്രിൻസിപ്പൽമാർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ, എസ്.എസ്.കെ പ്രോജക്ട് ഡയറക്ടർ, പരീക്ഷഭവൻ ജോയന്റ് കമീഷണർ, ടെക്സ്റ്റ് ബുക്ക് ഓഫിസർ, എൻട്രൻസ് എക്സാമിനേഷൻ കമീഷണർ, പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം തുടങ്ങിയവർക്കെല്ലാം ഉത്തരവ് ബാധകമാണ്.
2021 സെപ്റ്റംബർ ഒന്ന് മുതൽ ധനവകുപ്പ് വികസിപ്പിച്ചെടുത്ത ഈ സോഫ്റ്റ് വെയർ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. രഹസ്യ ഫയലുകൾ സോഫ്റ്റ് വെയർ വഴിയാകുന്നതോടെ വകുപ്പ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.