മൈനസ് മലബാർ
text_fieldsകാൽ നൂറ്റാണ്ടു മുമ്പ് പ്ലസ്ടുവിലേക്ക് മാറിയതു മുതൽ മലബാർ ജില്ലകൾ അനുഭവിക്കുന്ന സീറ്റ് ക്ഷാമം ഇനിയും പരിഹരിക്കാൻ കഴിയാത്തത് മലബാറിനോടുള്ള അവഗണനയല്ലാതെ മറ്റെന്താണ്?
ലോകത്തിന് മുന്നിൽ നമ്മുടെ നാടിന് തിളക്കം നൽകിയ ‘കേരള മോഡൽ’ മാനുഷിക വികസന സങ്കൽപങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണല്ലോ വിദ്യാഭ്യാസവും ആരോഗ്യവും. സ്കൂൾ വിദ്യാഭ്യാസത്തിന് നൽകിയ പ്രാധാന്യം കൊണ്ടുതന്നെയാണ്, രാജ്യത്ത് വിദ്യാർഥി കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളത്തെ നിലനിർത്തുന്നത്. വിദ്യാഭ്യാസത്തിെൻറ ഒട്ടുമിക്ക ദേശീയ സൂചികകളിലും പതിറ്റാണ്ടുകളായി നാം മുന്നിൽതന്നെ.
ഇങ്ങനെ പെരുമകളേറെയുള്ള കേരളത്തിൽ തീർപ്പില്ലാതെ കിടക്കുകയാണ് ഹയർ സെക്കൻഡറി വിദ്യാഭ്യാസ മേഖലയിലെ സീറ്റ് പ്രശ്നം. കോളജുകളിൽനിന്ന് പ്രീഡിഗ്രി വേർപെടുത്തി കേരളം പൂർണമായും ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിലേക്ക് മാറിയിട്ട് കാൽനൂറ്റാണ്ട് പിന്നിട്ടു. പ്രീഡിഗ്രി വേർപെടുത്തലിനെ തുടർന്നുള്ള ഏതാനും വർഷം സീറ്റ് ക്ഷാമം സംസ്ഥാന വ്യാപക പ്രശ്നമായിരുന്നെങ്കിൽ ഇന്നത് മലബാർ മേഖലയുടെ പ്രശ്നമായി തുടരുകയാണ്.
കേരളം മാറിമാറി ഭരിച്ച ഇരുമുന്നണി സർക്കാറുകൾക്കും ഈ അവഗണനയുടെ കഥയിൽ തുല്യമായ പങ്കുണ്ട്. ബ്രിട്ടീഷ് ഭരണത്തിന്റെ കഷ്ടതകൾ ഏറെയും സഹിച്ച മലബാർ മേഖലയോട് ഇന്നും തുടരുന്ന ഈ അവഗണന ചൂണ്ടിക്കാണിക്കുന്നതുതന്നെ വലിയ പാതകമായി ചിത്രീകരിക്കുന്ന കാഴ്ചയാണ് ഇത്തവണ.
സീറ്റു കൺകെട്ട് വിദ്യ
സീറ്റ് ക്ഷാമം മലബാർ ജില്ലകളുടെ മാത്രം പ്രശ്നമാണ്. ഈ കണക്കുകൾ പുറത്തുവരുേമ്പാൾ പ്രതിരോധത്തിനായി സർക്കാർ കൂട്ടുപിടിക്കുന്നത് ഫീസ് ഇൗടാക്കി പ്രവർത്തിക്കുന്ന സ്വകാര്യ-അൺഎയ്ഡഡ് സ്കൂളുകളെയാണ്. ഇവിടങ്ങളിൽ ഒഴിവുള്ള സീറ്റ് എണ്ണം പുറത്തുവിട്ട്, ധാരാളം ഒഴിവുണ്ടെന്ന സർക്കാർ വിലാസം പ്രചാരണത്തിന് സമീപകാലം വരെ കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങൾ വരെ കുടപിടിക്കുമായിരുന്നു.
ഈ കള്ളക്കളിയുടെ കണക്കുകൾ ഒന്നൊന്നായി പുറത്തുവന്നതോടെ സർക്കാർ ഇപ്പോൾ പിടിച്ചിരിക്കുന്നത്, വി.എച്ച്.എസ്.ഇ, െഎ.ടി.െഎ, സ്വാശ്രയ പോളിടെക്നിക്കുകൾ എന്നിവയിലേത് ഉൾപ്പെടെയുള്ള സീറ്റുകളിലാണ്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ പ്ലസ് വൺ സീറ്റ് മാത്രമായി പറയാൻ തയാറാകാത്ത വിദ്യാഭ്യാസ വകുപ്പ് അൺ എയ്ഡഡ് സ്കൂളുകൾ, വി.എച്ച്.എസ്.ഇ, പോളിടെക്നിക്കുകൾ, െഎ.ടി.െഎ എന്നിവയിലെ കണക്കുകൾ ഒന്നിച്ചുചേർത്താണ് പ്രസിദ്ധീകരിക്കാറുള്ളത്.
ഇതെല്ലാം ചേർക്കുേമ്പാൾ എസ്.എസ്.എൽ.സി വിജയിച്ചവരെക്കാൾ ഉപരിപഠനത്തിന് സീറ്റുണ്ടെന്ന് വരുത്തുകയാണ് ലക്ഷ്യം. അൺ എയ്ഡഡ് സീറ്റുകൾകൂടി ചേരുേമ്പാൾ മലപ്പുറത്ത് 70,976 സീറ്റും മലബാറിലെ ആറ് ജില്ലകളിൽ 2,15,338 സീറ്റുകളുമുണ്ടാകും.
പൊതുവിദ്യാഭ്യാസം, അൺഎയ്ഡഡിന്റെ പാക്കിൽ
ഒന്നാം പിണറായി വിജയൻ സർക്കാർ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലക്ക് നൽകിയ ഉൗർജം ചെറുതൊന്നുമല്ല. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികളുടെ എണ്ണത്തിൽ വർധനയുണ്ടായെന്നും അൺഎയ്ഡഡ് സ്കൂളുകളിൽനിന്ന് കുട്ടികൾ തിരികെ വന്നുതുടങ്ങിയെന്നും സർക്കാർതന്നെ കണക്കുനിരത്തി അഭിമാനിച്ച കാലം.
അൺഎയ്ഡഡ് സ്കൂളുകളിൽനിന്ന് കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ എത്തിക്കാൻ ഭരണവിലാസം സംഘടനകൾ ഉൾപ്പെടെ രംഗത്തിറങ്ങി പ്രചാരണ കോലാഹലങ്ങൾ. പൊതുവിദ്യാലയങ്ങളിലേക്ക് മാറാൻ ടി.സി നൽകാത്ത അൺഎയ്ഡഡ് സ്കൂളുകൾക്ക് സർക്കാർ വക ഭീഷണി. എന്നാൽ, ഇതൊക്കെ മലബാറിലെ പ്ലസ് വൺ പഠനത്തിെൻറ കാര്യമെത്തുേമ്പാൾ സർക്കാർ മറക്കും.
ചവിട്ടിക്കയറ്റൽ അഥവാ ജംബോ ബാച്ചുകൾ
പ്ലസ് വൺ ബാച്ചുകളിലേക്ക് സർക്കാർ നിശ്ചയിച്ച കുട്ടികളുടെ എണ്ണം 50 ആണ്. 2013ൽ പ്രഫ. പി.ഒ.ജെ ലബ്ബ കമ്മിറ്റി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണിത്. ലബ്ബ കമ്മിറ്റി ശിപാർശയിൽ 40 കുട്ടികളായിരുന്നു. എന്നാൽ, പ്രായോഗിക വിഷമത പരിഗണിച്ച് 50 ആക്കി. പക്കെഷ, ഉത്തരവിറങ്ങി പത്ത് വർഷം പൂർത്തിയാകുേമ്പാഴും ഒരുതവണ പോലും പ്രവേശനം 50ൽ ഒതുക്കി സർക്കാർ പ്രവേശനം നടത്തിയിട്ടില്ല.
ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിെൻറ ഗുണമേന്മക്ക് ബാച്ചിൽ 50 കുട്ടികൾ മതിയെന്ന ഉത്തരവ് കർശനമായി പാലിക്കണമെന്നാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി നിയോഗിച്ച പ്രഫ. കാർത്തികേയൻ നായർ കമ്മിറ്റി റിപ്പോർട്ടിലും ആവർത്തിച്ചിട്ടുള്ളത്. മലബാറിലെ ഹയർ സെക്കൻഡറി പഠനസൗകര്യത്തിെൻറ ദുരന്തചിത്രം വരച്ചുവെക്കുന്ന കാർത്തികേയൻ നായർ കമ്മിറ്റി റിപ്പോർട്ട് ഇപ്പോഴും പുറത്തുവിടാൻ സർക്കാർ തയാറായിട്ടില്ല.
ഇത്തവണ മോശം ഫലം
2010ന് ശേഷമുള്ള ഏറ്റവും മോശം പ്ലസ് ടു ഫലമാണ് ഇത്തവണ വകുപ്പു മന്ത്രി പ്രഖ്യാപിച്ചത്. 78.69 ശതമാനമാണ് പ്ലസ് ടു പരീക്ഷാഫലം. 30 ശതമാനം സീറ്റ് വർധിപ്പിച്ച ജംബോ ബാച്ചുകളുള്ള സർക്കാർ സ്കൂളുകളിലെ പരീക്ഷഫലം മോശമായത് പരിശോധിക്കാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
പൊതുവിദ്യാലയങ്ങളിലെ പഠനനിലവാരം ഉയർത്താൻ ഒരു വർഷം നീണ്ടുനിൽക്കുന്ന സ്പെഷ്യൽ ഡ്രൈവും പ്രഖ്യാപിച്ച മന്ത്രി തൊട്ടടുത്ത ദിവസം 65 കുട്ടികളുമായി ഹയർ സെക്കൻഡറി ബാച്ചുകൾ പ്രവർത്തിക്കുന്നത് ഗുണനിലവാരത്തെ ബാധിക്കില്ലെന്ന് ന്യായീകരിക്കുന്നതും കേരളം കണ്ടു. കേരളത്തിെൻറ ഒരു ഭാഗത്ത് കുട്ടികളില്ലാതെ ബാച്ചുകൾ ഒഴിഞ്ഞുകിടക്കുേമ്പാഴാണ് മറുവശത്ത് സീറ്റില്ലാതെ കുട്ടികൾ അലയുന്നതും ജംബോ ബാച്ചുകളുമായി ക്ലാസ് മുറികൾ ‘പൊതുയോഗ’ സമാനമായി മാറുന്നതും കാണാം.
സീറ്റില്ലാ ബാച്ചുകൾ മാറ്റിക്കൂടേ?
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒരു ബാച്ച് നിലനിർത്താൻ ആവശ്യമായ കുട്ടികളുടെ ചുരുങ്ങിയ എണ്ണം 25 ആണ്. അതിൽ കുറവ് കുട്ടികളാണെങ്കിൽ ആ ബാച്ച് മറ്റൊരിടത്തേക്ക് മാറ്റുന്നതിൽ ഒരു തടസ്സവുമില്ല. 2023-24 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ സംസ്ഥാനത്താകെ 129 ബാച്ചുകൾ ഇൗ രീതിയിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിതന്നെ നിയമസഭയിൽ മറുപടി നൽകിയിട്ടുണ്ട്.
സീറ്റ് ക്ഷാമത്തിെൻറ കണക്കുകൾക്കെതിരെ പ്രതിരോധം തീർക്കാൻ അൺഎയ്ഡഡ് സീറ്റുകൾകൂടി ചേർത്തുള്ള കണക്കുകൾ പറയുന്ന മന്ത്രിക്ക് കുട്ടികളില്ലാ ബാച്ചുകളെക്കുറിച്ച് മിണ്ടാട്ടമില്ല.
- സംസ്ഥാനത്ത് ആവശ്യമായ എണ്ണം കുട്ടികളില്ലാത്ത (25 എണ്ണം) ബാച്ചുകൾ: 129 (125ഉം സർക്കാർ സ്കൂളുകളായതിനാൽ ഇവ സീറ്റില്ലാത്ത മേഖലകളിലേക്ക് മാറ്റാൻ സർക്കാറിന് വലിയ ബുദ്ധിമുട്ടില്ല).
- മിനിമം കുട്ടികളില്ലാത്ത ബാച്ചുകളിൽ 90 എണ്ണത്തിൽ 20ൽ താഴെ മാത്രം വിദ്യാർഥികൾ, 20 ബാച്ചുകളിൽ പത്തിൽ താഴെ.
- പത്തനംതിട്ട എലന്തൂർ ഗവ. വി.എച്ച്.എസ്.എസിൽ ഒരു കുട്ടിപോലുമില്ലാത്ത ബാച്ചും സർക്കാർ നിലനിർത്തുന്നു.
- കുട്ടികളില്ലാത്ത ബാച്ചുകളിൽ 31 എണ്ണവും പത്തനംതിട്ട ജില്ലയിൽ.
- എറണാകുളത്ത് 21 ബാച്ചുകളും ആലപ്പുഴയിൽ 17 ബാച്ചുകളും മതിയായ കുട്ടികളില്ലാത്തവ (കഴിഞ്ഞ വർഷം ഇത്തരം നൂറിലേറെ ബാച്ചുകളുടെ കണക്ക് പുറത്തുവന്നിട്ടും 14 എണ്ണം മാത്രമാണ് സർക്കാർ ട്രാൻസ്ഫർ ചെയ്തത്. പ്രാദേശിക ജനപ്രതിനിധികളുടെയും അധ്യാപകരുടെയും സമ്മർദമാണ് നടപടിയില്ലാത്തതിന് കാരണം).
എന്തുകൊണ്ട് പ്ലസ് വൺ?
പത്താംതരം പൂർത്തിയായ വിദ്യാർഥികളിൽ മഹാഭൂരിഭാഗവും തേടുന്നത് പ്ലസ് വൺ പ്രവേശനമാണ്. തൊഴിലധിഷ്ഠിത ഹയർസെക്കൻഡറി വിദ്യാഭ്യാസം നൽകുന്ന വി.എച്ച്.എസ്.ഇ മേഖലയിലേക്കു പോലും ഉയർന്ന മാർക്കുള്ള മിടുക്കരായ വിദ്യാർഥികൾ താൽപര്യമെടുക്കുന്നില്ല.
മലയാളിയുടെ മിനിമം വിദ്യാഭ്യാസ യോഗ്യത സങ്കൽപം ബിരുദമായി മാറുന്ന കാലത്താണ് ഉപരിപഠനത്തിന് െഎ.ടി.െഎയിൽ ഏതെങ്കിലും ജോബ് ട്രേഡ് കോഴ്സുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറയുന്നത്. എങ്ങനെയെങ്കിലും ഒരു ബിരുദം നേടി അതുവഴി ഉപരിപഠന വിലാസത്തിൽ വിദേശത്തേക്ക് പറക്കാൻ വെമ്പുന്ന തലമുറയുടെ കാലത്ത് സർക്കാറിെൻറ ഇത്തരം പ്രതിരോധങ്ങൾക്കൊന്നും നിലനിൽപ്പുണ്ടാകില്ല.
എട്ട് വർഷത്തിനിടെ 28 സ്ഥിരം ബാച്ചുകൾ
സംസ്ഥാനത്ത് എട്ട് വർഷമായി തുടരുന്ന എൽ.ഡി.എഫ് ഭരണത്തിന് കീഴിൽ സീറ്റ് ക്ഷാമം പരിഹരിക്കാൻ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി അനുവദിച്ചത് 28 സ്ഥിരം ബാച്ചുകളാണ്. തിരുവനന്തപുരം 1, ആലപ്പുഴ 1, പാലക്കാട് 1, കോഴിക്കോട് 1, മലപ്പുറം 18, വയനാട് 1, കണ്ണൂർ 2, കാസർകോട് 2 എന്നിങ്ങനെയാണ് ബാച്ചുകളുടെ ജില്ല തിരിച്ചുള്ള കണക്ക്. അൺഎയ്ഡഡ്, മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലായി 13 ബാച്ചുകളും അനുവദിച്ചു.
സീറ്റ് ക്ഷാമം പരിഹരിക്കാൻ സർക്കാറിെൻറ ഒടുവിലത്തെ ഇടപെടൽ കുട്ടികളില്ലാത്ത 14 ബാച്ചുകൾ സീറ്റില്ലാത്ത മേഖലകളിലേക്ക് ട്രാൻസ്ഫർ ചെയ്തതും 178 താൽക്കാലിക ബാച്ചുകൾ അനുവദിച്ചതുമാണ്. വർഷങ്ങളായി തുടരുന്ന 30 ശതമാനം വരെയുള്ള സീറ്റ് വർധന ഇൗ വർഷവും ആവർത്തിച്ചു. ഒാരോ വർഷവും ആയിരക്കണക്കിന് വിദ്യാർഥികൾ പുറത്തുനിൽക്കുേമ്പാൾ നാമമാത്രമായ ഇടപെടലിൽ തീരുന്നതല്ല മലബാറിലെ പ്ലസ് വൺ സീറ്റ് പ്രശ്നം.
ചെപ്പടിവിദ്യ
അതായത് മലബാറിൽ എസ്.എസ്.എൽ.സി പാസായ 2,31,000 വിദ്യാർഥികൾക്ക് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ലഭ്യമായ 1,89,770 പ്ലസ് വൺ സീറ്റുകളിൽ 49,165 എണ്ണവും സീറ്റ് വർധനയും താൽക്കാലിക ബാച്ചുമെന്ന ചെപ്പടിവിദ്യയിലൂടെയെന്ന് ചുരുക്കം. ഇൗ സീറ്റുകൾ മാറ്റിനിർത്തിയാൽ ഇൗ ആറ് ജില്ലകളിലുള്ള സ്ഥിരം സീറ്റുകൾ 1,40,605 എണ്ണം മാത്രം!. സീറ്റ് വർധനയും താൽക്കാലിക ബാച്ചും മാറ്റിനിർത്തിയാൽ ഇൗ ആറ് ജില്ലകളിൽ എസ്.എസ്.എൽ.സി പാസായ 2,31,000 പേരിൽ 90395 പേർക്കും സ്ഥിരം സീറ്റ് സൗകര്യമില്ലെന്ന് വ്യക്തം.
ഒാപൺ സ്കൂളിലേക്കൊന്ന് നോക്കണം മി(നി)സ്റ്റർ
‘പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറത്തിെൻറ പേര് പറഞ്ഞ് മുതലെടുപ്പിന് ശ്രമം’ എന്നാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൊതുവിദ്യാഭ്യാസ മന്ത്രിയുടെ പേരിൽ പുറത്തുവരുന്ന പ്രസ്താവനകളിലെല്ലാം കാണുന്നത്. സീറ്റില്ലാത്ത പ്രശ്നം നിരന്തരം ഉയരുേമ്പാൾ അതെങ്ങനെ ഇത്തരമൊരു പ്രസ്താവനയിലൂടെ പ്രതിരോധിക്കാനാകും?
സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രവേശനം ലഭിക്കാത്ത മഹാഭൂരിപക്ഷവും ചെന്നുചേരുന്നത് വിദ്യാഭ്യാസ വകുപ്പിെൻറ കീഴിൽ ഇതേ മന്ത്രി ചെയർമാനായി പ്രവർത്തിക്കുന്ന സമാന്തര സംവിധാനമായ സ്റ്റേറ്റ് കൗൺസിൽ ഫോർ ഒാപൺ ആൻഡ് ലൈഫ് ലോങ് എജുക്കേഷൻ കേരള-സ്കോൾ കേരളയിലാണ്.
നേരത്തെ സ്റ്റേറ്റ് ഒാപൺ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇൗ സംവിധാനത്തിന് കീഴിൽ പ്ലസ് വൺ പഠനത്തിന് ചേരുന്ന കുട്ടികളുടെ കണക്ക് പരിശോധിച്ചാൽ മനസ്സിലാകും മലബാറിലെ സീറ്റ് ക്ഷാമത്തിെൻറ തോത്. കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ നൽകിയ 30 ശതമാനം സീറ്റ് വർധനയും 178 താൽക്കാലിക ബാച്ചുകളും ചുരുങ്ങിയ ബാച്ച് ട്രാൻസ്ഫറുകളുമെല്ലാം ഒാപൺ സ്കൂളിലെ പ്രവേശനത്തിലും പ്രതിഫലിച്ചിട്ടുണ്ട്.
അതായത് വിദ്യാർഥികൾക്ക് സ്കൂളുകളിൽതന്നെ പ്ലസ് വൺ റഗുലർ പഠനാവസരം ഒരുക്കിയാൽ ഒാപൺ സ്കൂളിലെ പ്രവേശനം കുറയുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഒാപൺ സ്കൂളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ കണക്ക് പ്ലസ് വൺ പഠനത്തിന് സീറ്റുണ്ടെന്ന സർക്കാറിെൻറ ‘പ്രതിരോധ കണക്കി’ലൊന്നും വരാറില്ല.
2021-22ൽ ഒാപൺ സ്കൂളിൽ ആകെ പ്രവേശനം നേടിയത് 38,750 വിദ്യാർഥികളായിരുന്നു. ഇതിൽ 31,852 (82.19 ശതമാനം) പേർ മലബാറിലെ ആറ് ജില്ലകളിൽനിന്നാണ്.
ഇതിൽ 16,474 പേർ മലപ്പുറം ജില്ലയിൽനിന്ന് മാത്രമായിട്ടാണ്. അതായത് പ്ലസ് വൺ പ്രവേശനത്തിന് പൊതുവിദ്യാലയങ്ങളിൽ സീറ്റില്ലാതെ ഒാപൺ സ്കൂളിൽ പ്രവേശനം നേടിയവരിൽ 42.51 ശതമാനവും മലപ്പുറം ജില്ലയിലെ കുട്ടികളെന്ന് വ്യക്തം. ഇൗ ജില്ലയിലെ കുട്ടികളും രക്ഷിതാക്കളും സീറ്റിനായി നടത്തുന്ന മുറവിളി എങ്ങനെ മുതലെടുപ്പായി വ്യാഖ്യാനിക്കാൻ വിദ്യാഭ്യാസ മന്ത്രിക്ക് കഴിയുന്നു?.
മെറിറ്റ് സീറ്റുകൾ ഒന്നുപോലും ബാക്കിയില്ലാതെ മൂന്ന് ജില്ലകൾ
കഴിഞ്ഞ വർഷത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ ഏകജാലക രീതിയിൽ പ്രവേശനം നടക്കുന്ന മെറിറ്റ് സീറ്റുകളിൽ ഒന്നുപോലും ബാക്കിയില്ലാതെയാണ് മലബാറിലെ മൂന്ന് ജില്ലകളിലെ പ്രവേശനം. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് ഒരു സീറ്റ് പോലും മെറിറ്റിൽ ബാക്കിയില്ലാതെ പ്രവേശനം നടന്നത്.
മലപ്പുറം ജില്ലയിൽ 47061 സീറ്റുകളിലേക്കായി പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് അധിക സീറ്റ് സൃഷ്ടിച്ചത് ഉൾപ്പെടെ 47406 പേർക്കാണ് പ്രവേശനം നൽകിയത്. കോഴിക്കോട് ജില്ലയിൽ 30492 മെറിറ്റ് സീറ്റുകളുടെ സ്ഥാനത്ത് 30624 പേർക്ക് പ്രവേശനം നൽകി. പാലക്കാട് ജില്ലയിൽ 26934 സീറ്റുകളിൽ പ്രവേശനം നൽകിയത് 27007 പേർക്ക്. സീറ്റുണ്ടെങ്കിൽ ഇൗ ജില്ലകളിൽ പഠിക്കാൻ ഇനിയും കുട്ടികളുണ്ടെന്നതിെൻറ നേർചിത്രമാണ് കഴിഞ്ഞ വർഷത്തെ പ്രവേശന കണക്ക്.
എന്തുണ്ട് പരിഹാരം?
ജില്ലകളിൽ മതിയായ കുട്ടികളില്ലാതെ കിടക്കുന്ന 129 ബാച്ചുകൾ പരിശോധനക്ക് ശേഷം സീറ്റില്ലാത്ത മേഖലയിലേക്ക് ട്രാൻസ്ഫർ ചെയ്തുനൽകലാണ് ആദ്യ പരിഹാരം. താൽക്കാലിക ബാച്ചുകളിൽ മതിയായ കുട്ടികളുമായി മൂന്ന് വർഷം പൂർത്തിയാകുന്നവ സ്ഥിരം ബാച്ചുകളാക്കിമാറ്റലാണ് മറ്റൊരു പോംവഴി. സീറ്റ് ക്ഷാമം നേരിടുന്ന ജില്ലകളിൽ ഇപ്പോഴും ഹയർ സെക്കൻഡറികളാക്കി ഉയർത്തപ്പെടാത്ത ഹൈസ്കൂളുകളിൽ ഹയർ സെക്കൻഡറി തുടങ്ങി ആവശ്യമായ ബാച്ചുകൾ അനുവദിക്കുക.
ഇതിൽ സർക്കാർ സ്കൂളുകൾക്ക് മുൻഗണ നൽകുക. നിലവിൽ രണ്ട് ബാച്ചുകളുമായി പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറികളിലേക്ക് പ്രവേശന സമയത്ത് ലഭിക്കുന്ന ഒാപ്ഷനുകൾ വിലയിരുത്തി ആദ്യം താൽക്കാലികാടിസ്ഥാനത്തിലും തുടർച്ചായ മൂന്ന് വർഷം കുട്ടികളുണ്ടെങ്കിൽ സ്ഥിരം സ്വഭാവത്തിലും ബാച്ചുകൾ അനുവദിക്കുക. ഇതിലും സർക്കാർ സ്കൂളുകൾക്ക് മുൻഗണന നൽകുക. സീറ്റ് പ്രതിസന്ധി താലൂക്ക്, തദ്ദേശസ്ഥാപന പരിഗണനയിൽ വിലയിരുത്തിയായിരിക്കണം പരിഹാര നടപടികൾ.
ഒഴിഞ്ഞുകിടക്കുന്ന അൺഎയ്ഡഡ് സീറ്റുകൾ
സീറ്റ് ക്ഷാമത്തിെൻറ രൂക്ഷതയിൽ പോലും അൺഎയ്ഡഡ് സ്കൂളുകളിൽ സീറ്റ് ഒഴിഞ്ഞുകിടക്കുന്നതാണ് അനുഭവം. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ്. ഒളിഞ്ഞും തെളിഞ്ഞുമുള്ള വൻ ഫീസാണ് പ്രധാന കാരണം. മറ്റൊന്ന് പത്താംതരം വരെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിച്ച വിദ്യാർഥികൾ പ്ലസ് വൺ പഠനത്തിനായി അൺഎയ്ഡഡ് സ്കൂളുകളിൽ പോകുന്ന പ്രവണതയില്ല.
അവിടുത്തെ രീതികൾ ഉൾപ്പെടെ ഇതിന് കാരണമാണ്. മാത്രവുമല്ല, പത്താം തരം വരെ അൺഎയ്ഡഡ് സ്കൂളുകളിൽ പഠിച്ച വിദ്യാർഥികളിൽ ഉയർന്ന ഗ്രേഡ് ലഭിച്ച വിദ്യാർഥികൾ കൂട്ടത്തോടെ പ്ലസ് വൺ പഠനത്തിനായി പൊതുവിദ്യാലയങ്ങളിലേക്ക് മാറുന്നതാണ് പൊതുപ്രവണത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.