അധ്യാപകർക്കിടയിൽ കോവിഡ് വ്യാപനം: കുട്ടികൾക്കിടയിൽ വ്യാപനം കണ്ടെത്തിയിട്ടില്ല
text_fieldsപത്തനംതിട്ട: ജില്ലയിൽ സ്കൂൾ അധ്യാപകരിൽ കോവിഡ് വർധിക്കുന്നു. 101അധ്യാപകർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. സ്കൂൾ തുറന്ന ശേഷമാണ് ഇത്രയും അധ്യാപകർക്ക് കോവിഡ് പിടിപെട്ടത്. ഇതോടെ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണിപ്പോൾ. പല കുട്ടികളും പനി ലക്ഷണങ്ങൾ കാണിക്കുന്നതായി രക്ഷിതാക്കളും പറയുന്നു. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഇപ്പോൾ വൈറൽ പനിയും വ്യാപകമാണ്.
ഓൺലൈൻ ക്ലാസുകൾ അവസാനിപ്പിച്ച് നവംബർ ഒന്നുമുതൽ വിദ്യാർഥികൾ ഭൂരിഭാഗവും ക്ലാസിലെത്തുന്നുണ്ട്. ഇതിനിടെയാണ് രോഗവ്യാപനം. സ്കൂകളിൽ നിയന്ത്രണങ്ങൾ ഒന്നും ഇപ്പോൾ പാലിക്കുന്നില്ലെന്നും പറയുന്നു.
തുടക്കത്തിൽ ജില്ലയിൽ അധ്യാപകരും അനധ്യാപകരുമടക്കം 59പേർ ഒരു ഡോസ് വാക്സിൻ പോലും സ്വീകരിച്ചിരുന്നില്ല. പരാതിക്കുശേഷം 13പേരോഴികെ എല്ലാവരും വാക്സിൻ എടുത്തു. ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉള്ളതുകൊണ്ടാണ് വാക്സിനെടുക്കാത്തതെന്നാണ് വിശദീകരണം.
കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ ഒഴികെ ബാക്കി എല്ലാ അധ്യാപകരും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ആറായിരത്തിലധികം അധ്യാപകർ ജില്ലയിൽ നിലവിൽ സ്കൂളുകളിൽ എത്തുന്നുണ്ട്. 60 കുട്ടികൾ വരെയുള്ള ക്ലാസുകളുണ്ട് ജില്ലയിൽ.
കോവിഡിെൻറ ഉറവിടം കൃത്യമായി കണ്ടെത്താനാവാത്ത സാഹചര്യത്തിൽ സ്കൂളിൽനിന്ന് പകർന്നതാകാമെന്ന് കരുതാനാകില്ലെന്ന് അധികൃതർ പറയുന്നു. രോഗലക്ഷണം കണ്ടാൽ തന്നെ അധ്യാപകർ പരിശോധന നടത്താറുള്ളതിനാൽ കുട്ടികൾക്കിടയിൽ വ്യാപനം കണ്ടെത്തിയിട്ടില്ല. അപകടകരമായ സാഹചര്യമില്ലെന്നാണ് സ്കൂൾ, ആരോഗ്യ വകുപ്പ് അധികൃതരുടെ അഭിപ്രായം. അതേസമയം സ്കൂൾ തുറന്ന സമയത്ത് കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞപ്പോൾ അതെല്ലാം ലംഘിച്ചു. പലസ്ഥലത്തും സ്കൂൾ ബസുകളിൽ കുട്ടികൾ തിങ്ങിനിറഞ്ഞ് പോകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.