കോവിഡ് വെല്ലുവിളി അതിജീവിച്ച് സ്കൂൾ അധ്യയനം രണ്ടാം മാസത്തിലേക്ക്
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഒന്നര വർഷത്തിലേറെ നീണ്ട ഇടവേളക്കുശേഷം സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം ആരംഭിച്ചിട്ട് ഒരുമാസം പൂർത്തിയാകുന്നു. രോഗഭീതിക്കിടെ തുടങ്ങിയ അധ്യയനം വിദ്യാഭ്യാസ വകുപ്പിെൻറ പഴുതടച്ചുള്ള ക്രമീകരണങ്ങളിൽ ഒരുമാസം പിന്നിടുേമ്പാൾ ആശങ്ക നീങ്ങിയ ആശ്വാസത്തിലാണ് അധ്യാപകരും രക്ഷിതാക്കളും.
ഒരുമാസത്തിലേറെ നീണ്ട മുന്നൊരുക്കങ്ങൾക്കൊടുവിൽ നവംബർ ഒന്നിനാണ് സ്കൂളുകൾ തുറന്നത്. ആദ്യഘട്ടത്തിൽ ഒന്നുമുതൽ ഏഴ് വരെ ക്ലാസുകളും 10, പ്ലസ് ടു ക്ലാസുകളുമാണ് ആരംഭിച്ചത്. നവംബർ 15ന് എട്ട്, ഒമ്പത്, പ്ലസ് വൺ ക്ലാസുകളും ആരംഭിച്ചു. ക്ലാസുകൾ ഒരു മാസം പിന്നിട്ടിട്ടും വിദ്യാർഥികൾക്കിടയിലോ അധ്യാപകർക്കിടയിലോ കാര്യമായ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ല.
സംസ്ഥാനത്തെ 15892 സ്കൂളുകളിലെ 47 ലക്ഷത്തോളം കുട്ടികളിൽനിന്നായി ഒരുമാസത്തിനിടെ ആയിരത്തോളം പേരിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. 300ൽ താഴെ അധ്യാപകരിലും േരാഗം സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നല്ലൊരുശതമാനവും രോഗമുക്തി നേടി സ്കൂളിൽ തിരിച്ചെത്തിയിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിെൻറ കണക്ക്. രോഗബാധ കാരണം സ്കൂളുകൾ അടച്ചിടേണ്ടിവന്നിട്ടില്ല. കുട്ടികൾക്കോ അധ്യാപകർക്കോ രോഗ ബാധ സ്ഥിരീകരിച്ചാൽ ബന്ധപ്പെട്ട ക്ലാസുകൾക്കും സമ്പർക്കമുള്ള അധ്യാപകർക്കും ക്വാറൻറീൻ നിർബന്ധമാക്കിയാണ് സ്കൂളുകളുടെ പ്രവർത്തനം ക്രമീകരിച്ചത്.
പൊതുവിദ്യാഭ്യാസ, ആരോഗ്യവകുപ്പ് സെക്രട്ടറിമാരും പൊതുവിദ്യാഭ്യാസ ഡയറക്ടറും ചേർന്ന് രൂപം നൽകിയ മാർഗരേഖ പ്രകാരമാണ് സ്കൂളുകളുടെ പ്രവർത്തനം. മാർഗരേഖ നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചതാണ് സ്കൂളുകളിൽ രോഗവ്യാപനതോത് കുറയാനിടയാക്കിയത്. നിലവിൽ ഉച്ചവരെ പ്രവർത്തിക്കുന്ന സ്കൂളുകൾ വൈകീട്ട് വരെയാക്കി അധ്യയനസമയം വർധിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം സമർപ്പിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഒമിക്രോൺ വകഭേദ ഭീഷണി ഉയർന്നതോടെ തൽക്കാലം സ്കൂൾ സമയത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് കോവിഡ് അവലോകനയോഗം തീരുമാനിക്കുകയായിരുന്നു. വൈകാതെ സ്കൂൾ സമയം വൈകീട്ട് വരെയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.