സി.യു.ഇ.ടിക്ക് മാറ്റമില്ല; കേരള എൻജി. എൻട്രൻസ് ജൂണിലേക്ക് നീട്ടിയേക്കും
text_fieldsതിരുവനന്തപുരം: എൻജിനീയറിങ്, ഫാർമസി കോഴ്സ് പ്രവേശനത്തിനുള്ള കേരള എൻട്രൻസ് ജൂണിലേക്ക് നീട്ടിയേക്കും. ലോക്സഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനുപിന്നാലെ, ബിരുദ കോഴ്സുകൾക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ സി.യു.ഇ.ടിയുടെ സമയക്രമത്തിൽ മാറ്റമുണ്ടാകില്ലെന്ന് യു.ജി.സി ചെയർമാൻ ഡോ. ജഗദേഷ് കുമാർ വ്യക്തമാക്കിയിരുന്നു. മേയ് 15 മുതൽ 31 വരെ നടത്താൻ നിശ്ചയിച്ച സി.യു.ഇ.ടി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനനുസരിച്ച് മാറ്റുമെന്നാണ് കരുതിയിരുന്നത്.
ഇതിനനുസൃതമായി മേയ് 15 മുതൽ എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ നടത്താനാണ് പ്രോസ്പെക്ടസ് പരിഷ്കരണ സമിതി യോഗം ശിപാർശ ചെയ്തത്. സി.യു.ഇ.ടി തീയതിയിൽ മാറ്റമില്ലെന്ന് യു.ജി.സി ചെയർമാൻ വ്യക്തമാക്കിയതോടെ, ഈ തീയതികളിൽ കേരള എൻട്രൻസ് നടത്താനുള്ള സാധ്യത മങ്ങി. പരീക്ഷ ജൂൺ ആദ്യവാരത്തിലേക്ക് നീട്ടാനാണ് സാധ്യത. മൂന്നു ദിവസത്തിനകം സർക്കാർതലത്തിൽ തീരുമാനമെടുക്കുമെന്ന് പ്രവേശന പരീക്ഷ കമീഷണർ കെ. സുധീർ അറിയിച്ചു.
ഈ വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ നടത്താൻ തീരുമാനിച്ചതിനാൽ ഒരുദിവസം കൊണ്ട് പരീക്ഷ പൂർത്തിയാക്കാൻ കഴിയില്ല. അഞ്ചു മുതൽ ഏഴു വരെ ദിവസം വേണ്ടിവരുമെന്നാണ് കരുതുന്നത്. പരീക്ഷ കേന്ദ്രങ്ങൾ കണ്ടെത്താൻ പ്രവേശന പരീക്ഷ കമീഷണറെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരീക്ഷക്കാവശ്യമായ സോഫ്റ്റ്വെയർ ഉൾപ്പെടെ സാങ്കേതിക സഹായം നൽകുന്ന സി-ഡിറ്റിന്റെ സഹായത്തോടെയാണ് പരീക്ഷ കേന്ദ്രങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നത്.
മാർച്ച് പകുതി പിന്നിട്ടിട്ടും എൻട്രൻസ് തീയതി തീരുമാനിക്കാൻ കഴിയാത്തത് വീഴ്ചയാണെന്ന് വിമർശനമുയർന്നിട്ടുണ്ട്. തീയതി പ്രഖ്യാപിച്ചാലേ ആ തീയതികളിൽ മറ്റ് പരീക്ഷകൾ ഒഴിവാക്കാനാകൂ. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലേക്ക് പോകുന്നതിൽ തീരുമാനവും നടപടികളും വൈകിയതാണ് തീയതിയിലെ അനിശ്ചിതത്വത്തിന് കാരണം. മേയ് അഞ്ചിന് നീറ്റ്-യു.ജി പരീക്ഷയും മേയ് 10 മുതൽ 12 വരെ കുസാറ്റ് പ്രവേശന പരീക്ഷയും (ക്യാറ്റ് 2024) തീരുമാനിച്ചതിനാൽ ഈ സമയത്ത് കേരള എൻട്രൻസ് നടത്താനാകില്ല.
സി.യു.ഇ.ടി തീയതിയിൽ മാറ്റമില്ലെന്ന് പ്രഖ്യാപനം വന്നതോടെ, പരീക്ഷ ജൂണിലേക്ക് മാറ്റുകയല്ലാതെ മാർഗമില്ലാത്ത അവസ്ഥയാണ്. ജൂണിൽ സ്കൂളുകളും കോളജുകളും തുറക്കുമെന്നത് പരീക്ഷ കേന്ദ്രങ്ങളുടെ കാര്യത്തിൽ പ്രയാസം സൃഷ്ടിക്കും. ഒന്നര ലക്ഷത്തോളം വിദ്യാർഥികൾ അപേക്ഷിക്കുന്ന എൻട്രൻസ് പരീക്ഷയുടെ തീയതി വൈകുന്നത് വിദ്യാർഥികൾക്കിടയിലും ആശങ്ക പരത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.