സി.യു.ഇ.ടി-യു.ജിക്ക് വീണ്ടും അവസരം; ഈ മാസം 24 മുതൽ 28 വരെ
text_fieldsന്യൂഡൽഹി: രാജ്യത്തെ കേന്ദ്ര സർവകലാശാലകളിലേക്കുള്ള അഖിലേന്ത്യ പൊതുപരീക്ഷയായ കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്-യു.ജി (സി.യു.ഇ.ടി) രണ്ടാം ഘട്ടം സാങ്കേതിക തകരാർ മൂലം എഴുതാൻ കഴിയാത്തവർക്ക് വീണ്ടും അവസരം. ആഗസ്റ്റ് 24 മുതൽ 28 വരെ തീയതികളിൽ ഇവർക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അറിയിച്ചു. ഇതിനുള്ള പുതിയ അഡ്മിറ്റ് കാർഡുകൾ എൻ.ടി.എ വെബ്സൈറ്റിൽനിന്ന് വൈകാതെ ഡൗൺലോഡ് ചെയ്യാം.
നേരത്തേ ആഗസ്റ്റ് നാലു മുതൽ ആറു വരെ തീയതികളിലായിരുന്നു രണ്ടാം ഘട്ട പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാൽ, സാങ്കേതിക തകരാർ മൂലം ആദ്യ ഷിഫ്റ്റിൽ 17 സംസ്ഥാനങ്ങളിലായി ഒട്ടുമിക്ക സെന്ററുകളിലും പരീക്ഷ നടത്താനായില്ല. രണ്ടാമത്തെ ഷിഫ്റ്റിൽ 489 സെന്ററുകളിലും പരീക്ഷ റദ്ദാക്കേണ്ടി വന്നു. ശനിയാഴ്ചയും ഇതാവർത്തിക്കുമെന്ന് മുൻകൂട്ടി കണ്ട അധികൃതർ വെള്ളിയാഴ്ച രാത്രി തന്നെ പരീക്ഷ റദ്ദാക്കിയതായി കാണിച്ച് വിദ്യാർഥികൾക്ക് ഫോണിൽ മെസേജ് അയക്കുകയായിരുന്നു. തുടർന്ന് അവസരം നഷ്ടപ്പെട്ടവർക്ക് ആഗസ്റ്റ് 12നും 14നും ഇടയിൽ വീണ്ടും പരീക്ഷ നടത്തുമെന്ന് എൻ.ടി.എ പ്രഖ്യാപിച്ചു. എന്നാൽ, ഈ ദിവസങ്ങളിൽ വിവിധ ആഘോഷ ദിനങ്ങൾ വരുന്നതിനാൽ തീയതി മാറ്റണമെന്നാവശ്യപ്പെട്ട് ചില വിദ്യാർഥികൾ എൻ.ടി.എയെ സമീപിച്ചു. ഇതു പരിഗണിച്ചാണ് ആഗസ്റ്റ് 24 മുതൽ 28 വരെയുള്ള തീയതികളിലേക്ക് പരീക്ഷ മാറ്റിയതെന്ന് യു.ജി.സി. ചെയർമാൻ എം. ജഗദീഷ് കുമാർ അറിയിച്ചു.
സി.യു.ഇ.ടി മൂന്നാം ഘട്ട പരീക്ഷ നേരത്തേ നിശ്ചയിച്ച പ്രകാരം ആഗസ്റ്റ് 17,18, 20 തീയതികളിൽ തന്നെ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.