പാഠ്യപദ്ധതി പരിഷ്കരണം: ചർച്ചക്ക് ആമുഖമെഴുതി ക്ലാസ് മുറി ചർച്ച
text_fieldsതിരുവനന്തപുരം: പാഠപുസ്തകങ്ങളിലുണ്ടായിരിക്കേണ്ടതും പഠിക്കാനാഗ്രഹിക്കുന്നതുമായ കാര്യങ്ങൾ ക്ലാസ് മുറികളിൽ പങ്കുവെച്ച് വിദ്യാർഥികൾ. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ ഭാഗമായി വ്യാഴാഴ്ച സംഘടിപ്പിച്ച ക്ലാസ് മുറി ചർച്ചയിലാണ് വിദ്യാർഥികൾ പുതിയ ആശയങ്ങൾ ഉൾപ്പെടെ മുന്നോട്ടുവെച്ചത്.
അന്ധവിശ്വാസങ്ങൾക്കെതിരായ സന്ദേശങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന നിർദേശം ഉയർന്നു. വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം തൊഴിൽ മാത്രമാകരുതെന്നും എല്ലാ തൊഴിൽ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതായിരിക്കണം പാഠ്യപദ്ധതിയെന്നും കുട്ടികളിൽനിന്ന് അഭിപ്രായമായി ഉയർന്നു. അധ്യയന മാധ്യമം മാതൃഭാഷയാക്കുന്നതിനൊപ്പം ഇംഗ്ലീഷ് ഭാഷ ഉൾപ്പെടെയുള്ളവക്ക് മതിയായ പരിഗണന നൽകണമെന്നും കുട്ടികൾ ആവശ്യപ്പെട്ടു.
പഠനം മാനസിക വളർച്ചയും ഉല്ലാസവും പ്രധാനം ചെയ്യുന്ന അനുഭവം കൂടിയാകണം. കൃഷി, കലാപരമായ വിഷയങ്ങൾ, പ്രകൃതി പ്രതിഭാസങ്ങളെ അറിയൽ, ലഹരി ബോധവത്കരണം തുടങ്ങിയവയെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാകണമെന്നും കുട്ടികളിൽനിന്ന് നിർദേശമുയർന്നു.
സംസ്ഥാനത്തെ സ്കൂളുകളിലെ 48 ലക്ഷത്തോളം വിദ്യാർഥികളാണ് ചർച്ചയിൽ പങ്കാളികളായത്. മുഴുവൻ സ്കൂളുകളിലും വ്യാഴാഴ്ച ഒരു പീരിയഡ് മാറ്റിവെച്ചായിരുന്നു കുട്ടികളുടെ നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് തേടിയത്. കുട്ടികളുടെ നിർദേശങ്ങള്‍ പ്രധാന രേഖയാക്കി പ്രസിദ്ധീകരിക്കും. കുട്ടികളുടെ ചര്‍ച്ച സ്കൂള്‍ തലത്തില്‍ ക്രോഡീകരിച്ച് ബി.ആര്‍.സിക്ക് കൈമാറും. ബി.ആര്‍.സികള്‍ ഇത് എസ്.സി.ഇ.ആര്‍.ടിക്ക് കൈമാറും.
കാസർകോട് കുണ്ടംകുഴി ഗവ. ഹൈസ്കൂളിലെ ചർച്ചയിൽ മന്ത്രി ശിവൻകുട്ടിയും പങ്കെടുത്തു. പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോള്‍ കുട്ടികളുടെ ചര്‍ച്ചയിൽ ഉയർന്നുവന്ന നിർദേശങ്ങൾ പ്രതിഫലിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.