ക്ലാസ് തുടങ്ങാൻ ദിവസങ്ങൾ ബാക്കി; ഹയർ സെക്കൻഡറിയിൽ അധ്യാപക ക്ഷാമം പരിഹരിച്ചില്ലെന്ന് പരാതി
text_fieldsപെരിന്തൽമണ്ണ: ജനുവരി ഒന്നുമുതൽ ക്ലാസ് തുടങ്ങാനിരിക്കെ പല വിഷയങ്ങളിലും അധ്യാപകരില്ലാത്തത് ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പ്രയാസകരമാകുമെന്ന് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഹയർ സെക്കൻഡറി മേഖലയിൽ സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് കോമ്പിനേഷനുകളിലായി അമ്പതിലധികം വിഷയങ്ങളുണ്ട്.
മിക്ക സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലും ഒരു വിഷയം പഠിപ്പിക്കാൻ ഒരധ്യാപകൻ മാത്രമാണുള്ളത്. സ്ഥിര അധ്യാപകരുടെ കുറവ് ഏറെ അനുഭവപ്പെടുന്ന കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, ജേണലിസം, സൈക്കോളജി, സോഷ്യൽ വർക്ക്, ജിയോളജി, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹോം സയൻസ്, ഫിലോസഫി, ഗാന്ധിയൻ സ്റ്റഡീസ്, ജോഗ്രഫി, ഇലക്ട്രോണിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മ്യൂസിക്, സംസ്കൃത സാഹിത്യം, ഭാഷ വിഷയങ്ങളായ ഉർദു, സംസ്കൃതം, കന്നട, തമിഴ് തുടങ്ങി നിരവധി ക്ലാസുകൾ കൈകാര്യം ചെയ്യാൻ ഒരധ്യാപകൻ പോലുമില്ലാത്ത സ്ഥിതിയുമുണ്ട്.
ഇതുവരെയും പി.എസ്.സി നിയമനം നടക്കാത്ത കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പോലുള്ള വിഷയങ്ങളിൽ അധ്യാപനവും പഠനവുമെല്ലാം താൽക്കാലിക അധ്യാപകരാണ് നടത്തിയിരുന്നത്. അഡ്വൈസ് നൽകി ഒരു വർഷമാകാറായവർക്കും സീനിയർ തസ്തികയിലേക്ക് സ്ഥാനക്കയറ്റ നടപടി പൂർത്തിയായ ജൂനിയർ അധ്യാപകർക്കും അടിയന്തരമായി നിയമന ഉത്തരവ് നൽകണമെന്നും ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കാനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.