മെഡിക്കൽ അലോട്ട്മെൻറ് വൈകുന്നു; എൻജിനീയറിങ് സീറ്റ് വിട്ടൊഴിയാതെ വിദ്യാർഥികൾ
text_fieldsതിരുവനന്തപുരം: നീറ്റ് പരീക്ഷ നിയമക്കുരുക്കിലകപ്പെട്ട് മെഡിക്കൽ പ്രവേശന നടപടികൾ വൈകിയതോടെ സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശനത്തിൽ പ്രതിസന്ധി. മെഡിക്കൽ റാങ്ക് പട്ടികയിലും എൻജിനീയറിങ് പട്ടികയിലും ഉൾപ്പെട്ടവർ ആദ്യം അലോട്ട്മെൻറ് നടന്ന എൻജിനീയറിങ് സീറ്റുകളിൽ തുടരുന്നതാണ് പ്രതിസന്ധിക്ക് കാരണം. സാധാരണ എൻജിനീയറിങ് രണ്ട് അലോട്ട്മെൻറ് പൂർത്തിയാകുന്നതിനൊപ്പം മെഡിക്കൽ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കാറുണ്ട്.
ഇതോടെ രണ്ട് കോഴ്സുകളിലും പ്രവേശനസാധ്യതയുള്ള വിദ്യാർഥികൾ എൻജിനീയറിങ് സീറ്റ് വിട്ട് മെഡിക്കൽ കോഴ്സുകളിലേക്ക് മാറും. ഇവർ ഒഴിയുന്ന എൻജിനീയറിങ് സീറ്റുകളിലേക്ക് പിന്നിലുള്ള വിദ്യാർഥികൾക്ക് അവസരം തുറക്കുമായിരുന്നു. ഇത്തവണ എൻജിനീയറിങ് പ്രവേശനത്തിൽ രണ്ട് അലോട്ട്മെൻറ് പൂർത്തിയാവുകയും മൂന്നാം അലോട്ട്മെൻറിന് വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടും മെഡിക്കലിന്‍റെ ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചില്ല. ഇതുകാരണം രണ്ട് റാങ്ക് പട്ടികയിലുമുള്ളവരിൽ എൻജിനീയറിങ് പ്രവേശനം നേടിയവർ ആ സീറ്റുകളിൽ തുടരുകയാണ്. പിന്നിൽ നിൽക്കുന്ന കുട്ടികൾക്ക് മുന്നോട്ട് കയറാനും സാധിച്ചിട്ടില്ല.
മെഡിക്കൽ റാങ്ക് പട്ടികയിൽ ഇത്തവണയുണ്ടായ മാർക്ക് വർധന പ്രവേശനസാധ്യത സംബന്ധിച്ച് വിദ്യാർഥികളിൽ അനിശ്ചിതത്വമുണ്ടാക്കിയതും ഇവർ എൻജിനീയറിങ് സീറ്റ് വിട്ടൊഴിയാതിരിക്കാൻ കാരണമായി. സ്വാശ്രയ എൻജിനീയറിങ് കോളജുകളിലേക്ക് സർക്കാർ മൂന്ന് അലോട്ട്മെൻറാണ് നടത്തുന്നത്. അതിനുശേഷം മെഡിക്കൽ കോഴ്സുകളിലേക്ക് മാറുന്ന വിദ്യാർഥികളുടെ സീറ്റിലേക്ക് സ്വാശ്രയ കോളജുകളിലുള്ള കുട്ടികൾക്ക് പ്രവേശനത്തിന് ശ്രമിക്കണമെങ്കിൽ കോളജുകളുടെ എൻ.ഒ.സി ഉൾപ്പെടെ ആവശ്യമാണ്.
പല കോളജുകളും പ്രവേശനം നേടിയ കുട്ടികളെ നിലനിർത്താൻ എൻ.ഒ.സി നിഷേധിക്കാറാണ് പതിവ്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടാറുമില്ല. ഇത്തവണ മെഡിക്കൽ അലോട്ട്മെൻറ് ലഭിച്ച് മാറുന്ന വിദ്യാർഥികൾ ഉപേക്ഷിക്കുന്ന എൻജിനീയറിങ് സീറ്റുകളിലേക്ക് നിലവിൽ സ്വാശ്രയ കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പ്രവേശന സാധ്യത തടയപ്പെടുന്നെന്നാണ് പരാതി.
ഇതോടെ സർക്കാർ കോളജുകളിലുൾപ്പെടെ ഒഴിവുള്ള എൻജിനീയറിങ് സീറ്റുകളിലേക്ക് സ്വാശ്രയ കോളജുകളിൽ പ്രവേശനം നേടിയവരെക്കാൾ പിറകിലുള്ളവർ അലോട്ട്മെൻറ് നേടുന്ന സാഹചര്യമുണ്ടാകുമെന്നും ഇത് മെറിറ്റ് അട്ടിമറിക്ക് വഴിവെക്കുമെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. എൻജിനീയറിങ് പ്രവേശനം എ.ഐ.സി.ടി.ഇയും മെഡിക്കൽ പ്രവേശനം ദേശീയ മെഡിക്കൽ കമീഷനും നിർദേശിച്ച സമയക്രമത്തിൽ മാത്രമേ നടത്താനാകൂവെന്നാണ് പ്രവേശനപരീക്ഷ കമീഷണറേറ്റ് വിശദീകരിക്കുന്നത്.
പ്രശ്നപരിഹാരമെന്ന നിലയിൽ എൻജിനീയറിങ് പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെൻറും മെഡിക്കൽ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെൻറും 29ന് ഒന്നിച്ച് പ്രസിദ്ധീകരിക്കുമെന്നും മെഡിക്കൽ കോഴ്സുകളിൽ അലോട്ട്മെൻറ് ലഭിക്കുന്നവർ നിലവിൽ പ്രവേശനം നേടിയ സീറ്റുകളിലേക്ക് എൻജിനീയറിങ്ങിന്‍റെ മൂന്നാംഘട്ടത്തിൽ ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ അലോട്ട്മെൻറ് നടത്തുമെന്നും പരീക്ഷാ കമീഷണറേറ്റ് വിശദീകരിച്ചു.
ഇങ്ങനെ അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് സ്വാശ്രയ കോളജുകളിൽനിന്ന് പുതിയ കോളജുകളിലേക്ക് മാറാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നും വിശദീകരിക്കുന്നു. ഇതോടൊപ്പം എൻജിനീയറിങ് പ്രവേശനത്തിനുള്ള സമയക്രമം ദീർഘിപ്പിക്കാൻ എ.ഐ.സി.ടി.ഇയോട് അഭ്യർഥിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.