ഡൽഹിയിലും യു.പിയിലും സ്കൂളുകൾ തുറന്നു; ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ക്ലാസുകൾ
text_fieldsലഖ്നോ: ഡൽഹിയിലും യു.പിയിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്കൂളുകൾ തുറന്നു. ഡൽഹിയിൽ ഒമ്പത് മുതൽ 12 വരെ ക്ലാസിലെ വിദ്യാർഥികളും യു.പിയിൽ ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലെ വിദ്യാർഥികളുമാണ് ആദ്യഘട്ടത്തിൽ സ്കൂളിലെത്തിയത്.
പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് വിദ്യാർഥികളെ ക്ലാസിലെത്തിക്കുന്നത്. അടുത്ത ഘട്ടത്തിൽ മറ്റ് ക്ലാസുകളിലെയും വിദ്യാർഥികൾ സ്കൂളിലെത്തും. ഡൽഹിയിൽ ആറ് മുതൽ എട്ട് വരെ ക്ലാസുകൾ എട്ടിനാണ് തുറക്കുക.
കോവിഡ് വ്യാപനത്തെ തുടർന്ന് ഒന്നര വർഷത്തിലേറെയായി രാജ്യത്തെ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. ഏറെക്കാലത്തിന് ശേഷം സ്കൂളിലെത്തിയതിന്‍റെയും കൂട്ടുകാരെ കണ്ടതിന്‍റെയും അമ്പരപ്പ് എല്ലാവരുടെയും മുഖത്തുണ്ടെന്ന് ലഖ്നോവിലെ സിറ്റി മോണ്ടിസോറി സ്കൂളഅ് പ്രിൻസിപ്പാൾ ദീപാലി ഗൗതം പറയുന്നു.
ഓൺലൈൻ ക്ലാസുകളേക്കാൾ ഏറെ ഫലപ്രദം നേരിട്ടുള്ള ക്ലാസ് തന്നെയാണെന്ന് ഡൽഹി രാജ്കീയ സർവോദയ സ്കൂളിലെ 12ാം ക്ലാസ് വിദ്യാർഥിനി വാർത്താ ഏജൻസിയോട് പറഞ്ഞു. ചെറിയ ഭയമുണ്ടെങ്കിലും കൃത്യമായി പഠിക്കാനും പരീക്ഷ എഴുതാനും കഴിയുമെന്നത് ആശ്വാസകരമാണെന്നും വിദ്യാർഥിനി പറയുന്നു.
രക്ഷിതാക്കൾക്ക് ആശങ്കയുണ്ടെങ്കിലും ക്ലാസ് റൂം പഠനം തന്നെയാണ് നല്ലതെന്ന അഭിപ്രായമാണ് ഭൂരിപക്ഷം പേർക്കും. ഞങ്ങൾക്ക് ആശങ്കയുണ്ട്, എന്നാൽ കുട്ടികളുടെ ഭാവി സ്കൂളുകളിലാണ്. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുമെന്നാണ് കരുതുന്നത് -ഒരു രക്ഷിതാവ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.