‘സ്നേഹപൂർവം’ സ്കോളർഷിപ്പിൻറെ വരുമാന പരിധി ഉയർത്തണമെന്നാവശ്യമുയരുന്നു
text_fieldsമലപ്പുറം: സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന സ്നേഹപൂർവം സ്കോളർഷിപ്പ് പദ്ധതിയുടെ വരുമാന പരിധി ഉയർത്തണമെന്ന് ആവശ്യം. മാതാപിതാക്കളിൽ ഒരാളോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞ നിർധനരായ കുടുംബങ്ങളിലെ സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നു മുതൽ പ്രൊഫഷനൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ് സ്നേഹപൂർവം പദ്ധതി. ബി.പി.എൽ റേഷൻ കാർഡുള്ളവർക്കും ഗ്രാമ പ്രദേശങ്ങളിൽ 20,000 രൂപയിൽ താഴെയും നഗരങ്ങളിൽ 22,375 രൂപക്ക് താഴെയും വരുമാനം ഉള്ളവർക്കുമാണ് പദ്ധതിക്ക് അപേക്ഷിക്കാനുള്ള അർഹത.
എന്നാൽ വരുമാന പരിധിയിൽ കുടുങ്ങി അർഹരായ കുടുംബത്തിലെ അനാഥക കുട്ടികൾക്ക് അടക്കം സ്കോളർഷിപ്പിന് അപേക്ഷ നൽകാൻ കഴിയാത്ത സാഹചര്യമുണ്ട്. തൊഴിലുറപ്പ് പദ്ധതി പ്രകാരം 100 പണിക്ക് 34,600 രൂപ കൂലി ലഭിക്കുമെന്ന കാരണം ചൂണ്ടികാട്ടി വരെ കുറഞ്ഞ വരുമാന സർട്ടിഫിക്കറ്റ് വില്ലേജ് ഓഫിസുകളിൽ നിന്ന് ലഭിക്കാറില്ലെന്ന് ചിലർ ചൂണ്ടികാട്ടുന്നു. പദ്ധതി പ്രകാരം ഈ അധ്യായന വർഷത്തെ അപേക്ഷകൾ ഏപ്രിൽ പത്ത് വരെ സ്വീകരിക്കുന്നുണ്ട്. വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപന മേധാവികൾ മുഖേനെ ഓൺലൈൻ ആയാണ് അപേക്ഷ സമർപിക്കേണ്ടത്. സഹായം ലഭിച്ചു കൊണ്ടിരിക്കുന്ന വിദ്യാർഥികളും അപേക്ഷ നൽകണം.
പദ്ധതിയുടെ വരുമാന പരിധി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് കോഡൂർ പഞ്ചായത്ത് മുൻ അംഗം മച്ചിങ്ങൽ മുഹമ്മദ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. നിവേദനത്തിന് മറുപടിയായി വരുമാന പരിധി ഉയർത്തണമെന്ന ആവശ്യം സർകാറിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്ന് സാമൂഹ്യ സുരക്ഷാ മിഷൻ ഡയറകടർ അറിയിച്ചിരുന്നു. എന്നാൽ മൂന്ന് വർഷമായിട്ടും പദ്ധതിയുടെ വരുമാന പരിധി സർക്കാർ ഉയർത്തിയിട്ടില്ല.
അഞ്ചു വയസിനു താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും ഒന്നു മുതല്‍ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്കും പ്രതിമാസം 300 രൂപ വീതമാണ് സഹായം അനുവദിക്കുന്നത്. ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പ്രതിമാസം 500 രൂപയും11ഉം 12ഉം ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 750 രൂപ വീതമാണ് ധനസഹായം. രക്ഷിതാവിന്റെ മരണ സർട്ടിഫിക്കറ്റ്, കുട്ടിയുടെ ആധാർ കാർഡ്, കുട്ടിയും ജീവിച്ചിരിക്കുന്ന രക്ഷിതാവിനെറയും പേരിലുള്ള ജോയിന്റ് അക്കൗണ്ട്, അപേക്ഷാ ഫോറം എന്നിവസഹിതം കുട്ടി പഠിക്കുന്ന സ്കൂളിലാണ് അപേക്ഷ നൽകേണ്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.