കാലിക്കറ്റ് സർവകലാശാല അറബിക് പഠനവിഭാഗം 50ന്റെ നിറവിൽ
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ പ്രാരംഭ ഘട്ടത്തിൽ സ്ഥാപിച്ച പഠന വിഭാഗങ്ങളിലൊന്നായ അറബിക് വിഭാഗം 50ാം പിറന്നാളിന്റെ നിറവിൽ. പ്രഗല്ഭരായ അധ്യാപകരുടെ സാന്നിധ്യത്താലും മികച്ച ഗവേഷണ പ്രവർത്തനങ്ങളാലും പുസ്തക സമൃദ്ധമായ ലൈബ്രറിയാലും സമ്പന്നമായ അറബിക് വിഭാഗം ഇന്ത്യയിലെ പ്രധാന അറബിക് പഠന കേന്ദ്രങ്ങളിലൊന്നും കേരളത്തിലെ സർവകലാശാല തലത്തിലെ ആദ്യ ബിരുദാനന്തര പഠന വിഭാഗവും ഗവേഷണ കേന്ദ്രവുമാണ്. 15000ത്തോളം പുസ്കങ്ങളും ഗവേഷണ പ്രബന്ധങ്ങളും മാഗസിനുകളും ജേണലുകളും ഇതര ലൈബ്രറി റിസോഴ്സുകളുമുള്ള ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാന സർവകലാശാലതല ലൈബ്രറികളിൽ ഒന്നാണ് അറബിക് വിഭാഗം ലൈബ്രറി. വിദ്യാർഥികളും അധ്യാപകരും ഗവേഷകരും അവലംബിക്കുന്ന ഗവേഷക ലൈബ്രറിയാണിത്. 150ലധികം ഗവേഷണ പ്രബന്ധങ്ങൾ വിവിധ ഗവേഷകരുടെ കീഴിൽ അവതരിപ്പിച്ചു കഴിഞ്ഞു. പഠന വകുപ്പിലെ എല്ലാ അധ്യാപകരും സ്വന്തമായി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിക്ക അധ്യാപകർക്കും യു.ജി.സി പ്രോജക്ടുളുമുണ്ട്.
യു.ജി.സി അംഗീകരിച്ച കെയർ ലിസ്റ്ററിലുള്ള തെക്കേ ഇന്ത്യയിലെ ഏക മാഗസിനാണ് അറബിക് പഠന വിഭാഗം പ്രസിദ്ധീകരിക്കുന്ന ‘കാലിക്കൂത്ത്’. പൊതുജനങ്ങൾക്കും സർക്കാർ ഏജൻസികൾക്കും സഹായകമാകുന്ന വിവർത്തന ബ്യൂറോയും പഠന വിഭാഗത്തിലുണ്ട്. ഒരുവർഷം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന 50 പരിപാടികളിലൂടെ അറബിക് വിഭാഗത്തെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള യത്നത്തിലാണ് അധികൃതർ. സുവർണജൂബിലി ആഘോഷങ്ങൾക്കുള്ള പരിപാടികൾ ആസൂത്രണം ചെയ്തുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.