വിദ്യാർഥികളേ, ലക്ഷ്യത്തിലേക്ക് വഴി നടക്കാം; ‘ഡിസൈനിങ് ദ ഡെസ്റ്റിനേഷൻ’ പദ്ധതിക്ക് തുടക്കം
text_fieldsകൊച്ചി: വിദ്യാർഥികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് ലക്ഷ്യത്തിലേക്ക് വഴിതെളിക്കുന്ന വിപുലമായ പദ്ധതികളുമായി വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയർ സെക്കൻഡറി വിഭാഗം, കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻറ് കൗൺസലിങ് സെൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘ഡിസൈനിങ് ദ ഡെസ്റ്റിനേഷൻ’ പദ്ധതിക്കാണ് ജില്ലയിൽ തുടക്കമായിരിക്കുന്നത്.
മികച്ച കരിയർ ലഭിക്കുന്നതിന് ഹയർ സെക്കൻഡറി തലത്തിൽതന്നെ കൈത്താങ്ങ് നൽകി വിദ്യാർഥികളെ മുന്നോട്ട് നയിക്കുന്നതാണ് പദ്ധതി. കരിയർ ഗൈഡുമാരും സൗഹൃദ കോഓഡിനേറ്റർമാരുമൊക്കെയാണ് ഇതിൽ ഉൾക്കൊള്ളുന്നത്. പുതിയ തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുന്നതാണിത്. ഇതുമായി ബന്ധപ്പെട്ട് കരിയർ ഗൈഡുമാർക്ക് ഏകദിന ശിൽപശാല നടന്നു. പുതിയ കാലഘട്ടത്തിലെ തൊഴിൽമേഖലകളെ കുട്ടികൾക്ക് ഇവർ പരിചയപ്പെടുത്തും.
ഒരു വർഷത്തേക്ക് സ്കൂളിൽ നടത്തേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിന് സംസ്ഥാന തലത്തിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. ഓരോ വിദ്യാഭ്യാസ ജില്ലയും സ്കൂളും തയാറാക്കിയ ഇന്നവേറ്റിവ് പ്രോഗ്രാമുകളും പദ്ധതിയിൽ ഉൾക്കൊള്ളുന്നുണ്ട്.
കരിയർ എഫ്.എമ്മിലൂടെ അറിയിപ്പുകൾ
കരിയറുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇനി സ്കൂളിലെ എഫ്.എമ്മിലൂടെ കുട്ടികളിലേക്ക് എത്തും. എല്ലാ സ്കൂളിലും ആഴ്ചയിലെ രണ്ടുദിവസം കരിയർ എഫ്.എമ്മിലൂടെ രണ്ട് മിനിറ്റ് നീളുന്ന റേഡിയോ സംപ്രേഷണമാണ് നടക്കുക. സംസ്ഥാന തലത്തിൽനിന്ന് തയാറാക്കുന്ന ഇതിനുള്ള വിശദാംശങ്ങൾ സ്കൂളുകൾക്ക് അതത് സമയങ്ങളിൽ കൈമാറും. കരിയർ യോജന മാഗസിനിലൂടെ തൊഴിലവസരങ്ങൾ പരിചയപ്പെടുത്തും. വായനശീലം വർധിക്കുന്നതിനൊപ്പം കുട്ടികൾക്ക് ഏറ്റവും പുതിയ തൊഴിൽസാധ്യതകൾ പരിചയപ്പെടാനും ഇതിലൂടെ സാധിക്കും. സ്കൂളുകളിലെ കരിയർ കോർണറുകളിലൂടെയും തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തും. ആഗസ്റ്റ് ഒന്നിന് കരിയർദിനവും ആചരിച്ചിരുന്നു.
യഥാർഥ വഴി തിരിച്ചറിഞ്ഞ് പരിശീലനം
വിദ്യാർഥികളുടെ അഭിരുചി തിരിച്ചറിഞ്ഞ് ദേശീയ സ്ഥാപനങ്ങളിൽവരെ പരിശീലനം നൽകുന്നതിനും പദ്ധതിയുണ്ട്. സ്റ്റുഡൻറ്സ് ഇനിഷ്യേറ്റിവ് ഫോർ ട്രെയിനിങ് ആൻഡ് ആർട്ടിസ്റ്റിക് റീജുവിനേഷൻ (സിതാർ) എന്ന പേരിൽ നടത്തുന്ന പദ്ധതിയിലൂടെ തൊഴിലധിഷ്ഠിത പരിശീലനം നൽകും. സ്കൂൾ ഓഫ് ഡ്രാമ ന്യൂഡൽഹി, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ അഹ്മദാബാദ്, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ പരിശീലനം മുൻവർഷങ്ങളിൽ നൽകിയിട്ടുണ്ട്. ഇത്തവണ ഡിസൈനിങ് എന്ന വിഷയത്തിലധിഷ്ഠിതമായാണ് പ്രവർത്തനം. അഭിരുചി നിർണയ പരീക്ഷ നടത്തിയാണ് കുട്ടികളെ തെരഞ്ഞെടുക്കുക.
കേരള സിവിൽ സർവിസ് അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന പാത്ത്ഫൈൻഡർ പദ്ധതിയുമുണ്ട്. അഭിരുചി പരീക്ഷയിലൂടെ 25 കുട്ടികളെ കണ്ടെത്തി അവർക്ക് ഏഴ് ദിവസത്തെ പരിശീലനം നൽകുന്നതാണ് പദ്ധതി. സിവിൽ സർവിസ് പരീക്ഷക്കുള്ള ഓറിയന്റേഷൻ എന്ന നിലയിലാണ് െറസിഡൻഷ്യൽ രീതിയിലുള്ള പരിപാടി നടത്തുന്നത്. രണ്ട് ജില്ലയിലുള്ള കുട്ടികളെ ഒരുമിച്ച് ചേർത്ത് ഒരു കേന്ദ്രത്തിലായിരിക്കും പരിശീലനമെന്ന് ജില്ല കോഓഡിനേറ്റർ ഡോ. സി.എ. ബിജോയ് പറഞ്ഞു.
വെല്ലുവിളികളെ നേരിടാം
മാറുന്ന ലോകത്തിന്റെ വെല്ലുവിളികളെ നേരിടാൻ ജീവിത നൈപുണ്യ പരിശീലന പരിപാടിയുമുണ്ട്. ഇതിന് കൗമാരക്കാരായ വിദ്യാർഥികളെ സജ്ജമാക്കുന്ന പദ്ധതി സ്വയം അറിയാനും കൂടിയാണ്. ശാരീരിക, മാനസിക വളർച്ചകളുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് ബോധ്യം ലഭിക്കുന്നതിനും നിംഹാൻസ് അടക്കമുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പരിശീലനം ലഭിച്ച സൗഹൃദ ക്ലബ്ബിന്റെ പ്രഗല്ഭരായ ഫാക്കൽറ്റി അംഗങ്ങളാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. യുനെസ്കോ അംഗീകരിച്ച ലൈഫ് സ്കിൽ എജുക്കേഷൻ മൊഡ്യൂൾ പാലിച്ച് പ്രവർത്തനങ്ങളും നടത്തും. മുമ്പ് സംസ്ഥാനതലത്തിൽ മാത്രമുണ്ടായിരുന്ന ദിശ കരിയർ എക്സ്പോ എല്ലാ വിദ്യാഭ്യാസ ജില്ലയിലേക്കും വ്യാപിപ്പിക്കുകയാണ്. സ്കോളർഷിപ്പുകൾ, മത്സര പരീക്ഷകൾ, കോഴ്സുകൾ തുടങ്ങിയവ പരിചയപ്പെടുത്തുന്ന പരിപാടി ഒക്ടോബർ അവസാനത്തോടെ സംഘടിപ്പിക്കും. ലഹരി വസ്തുക്കളുടെ ഉപയോഗം, ആത്മഹത്യ പ്രവണതകൾ, സാങ്കേതികവിദ്യകളുടെ അടിമത്തം എന്നിവ ചെറുക്കുന്നതിനുള്ള കർമപദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. പുതിയ കോഴ്സുകൾ മുതൽ എ.ഐ സാങ്കേതികവിദ്യ വരെ പരിചയപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് നടക്കുകയെന്ന് എറണാകുളം വിദ്യാഭ്യാസ ജില്ല കൺവീനർ സിനോജ് ജോർജ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.