മത്സരപരീക്ഷയാണോ?, ദേവാനന്ദിന് റാങ്ക് ഉറപ്പ്
text_fieldsആലപ്പുഴ: ഏത് മത്സരപരീക്ഷയിലും റാങ്ക് കൂടെക്കൂട്ടുന്ന ആലപ്പുഴക്കാരൻ ഇക്കുറി കീം എൻജീനിയറിങ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാമനായി തിളങ്ങി. ആലപ്പുഴ ചന്ദനക്കാവ് മന്ദാരത്തിൽ പി. ദേവാനന്ദാണ് വിവിധ നേട്ടത്തിനൊപ്പം ഒന്നാംറാങ്ക് കൂടി പേരിൽ ചേർത്തത്. കീം എൻജീനിയറിങ് പരീക്ഷാഫലം എത്തുന്നതിനുമുമ്പേ ഐ.ഐ.ടി ഖൊരക്പൂരിൽ മെക്കാനിക്കൽ എൻജിനീയറിങ് കോഴ്സിന് ചേർന്നു. ഈ മാസം അവസാനത്തോടെ അവിടേക്ക് പോകാനുള്ള തയാറെടുപ്പിനിടെയാണ് പരീക്ഷാഫലം വന്നത്. മന്ത്രി ആർ. ബിന്ദുവാണ് ഫോണിൽ വിളിച്ച് നേട്ടം അറിയിച്ചത്. ഈ സമയം ദേവാനന്ദും കുടുംബവും ചങ്ങനാശ്ശേരിയിലെ വാടകവീട്ടിലായിരുന്നു. പിന്നെ ആലപ്പുഴയിലെ വീട്ടിലേക്ക് ഓടിയെത്തി സഹോദരൻ ദേവനാഥ്, അമ്മൂമ്മ ശ്യാമളകുമാരി എന്നിവർക്കൊപ്പം കേക്ക് മുറിച്ച് റാങ്കിന്‍റെ മധുരം നുകർന്നു. അഭിനന്ദനവുമായി നിരവധിപേരാണ് വീട്ടിലെത്തിയത്. 600ൽ 591.6145 മാർക്കാണ് ദേവാനന്ദിന് ലഭിച്ചത്. 2001ൽ മാതാവ് മഞ്ജുവും ഒന്നാംറാങ്ക് ജേതാവായിരുന്നു. കേരള സർവകലാശാല എം.എസ്.സി കെമിസ്ട്രിക്കായിരുന്നു അത്. ഒമ്പതാംക്ലാസ് മുതൽ പാലാ ബ്രില്യന്‍റിൽ ചേർന്നായിരുന്നു എൻട്രൻസ് പരിശീലനം.
എസ്.എസ്.എൽ.സിക്ക് 500ൽ 499 മാർക്ക്, പ്ലസ്ടുവിന് 500ൽ 486 മാർക്ക്, അമൃത എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ അഖിലേന്ത്യതലത്തിൽ ഒന്നാം റാങ്ക്, ജെ.ഇ.ഇ മെയിൻപരീക്ഷയിൽ സംസ്ഥാനത്ത് രണ്ടാംസ്ഥാനം, ജെ.ഇ.ഇ അഡ്വാൻസിൽ അഖിലേന്ത്യതലത്തിൽ ഉയർന്ന സ്കോർ, കുസാറ്റ് എൻട്രൻസിൽ 14ാം റാങ്ക് എന്നിവയാണ് ദേവാനന്ദിന്റെ മറ്റ് നേട്ടങ്ങൾ. ഇക്കോണമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പത്തനംതിട്ട ജില്ല ഓഫിസിലെ റിസർച്ച് ഓഫിസർ പി. പത്മകുമാറിന്‍റെയും തടിയൂർ എൻ.എസ്.എസ് എച്ച്.എസ്.എസിലെ അധ്യാപിക പി.ആർ. മഞ്ജുവിന്‍റെയും മൂത്തമകനാണ്. ഒമ്പതാംക്ലാസ് വിദ്യാർഥി ദേവനാഥാണ് സഹോദരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.