ഡി.എൽ.എസ് കോഴ്സ് പ്രവേശനം; അപേക്ഷ നവംബർ 23 വരെ
text_fieldsസംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/ സ്വാശ്രയ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (ടി.ടി.ഐകൾ) 2021-23 വർഷത്തെ ഡിപ്ലോമ ഇൻ എലിമെൻററി എജുക്കേഷൻ (ഡി.എൽ.എസ്) കോഴ്സ് പ്രവേശനത്തിൽ നവംബർ 23 വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷ ഫോറവും പ്രവേശന വിജ്ഞാപനവും www.education.kerala.gov.inൽനിന്നും ഡൗൺലോഡ് ചെയ്യാം. ജില്ല അടിസഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
50 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/ഹയർ സെക്കൻഡറി തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം. ഒ.ബി.സികാർക്ക് അഞ്ചു ശതമാനം മാർക്കിളവുണ്ട്. യോഗ്യത പരീക്ഷ മൂന്ന് ചാൻസിനുള്ളിൽ പാസായിരിക്കണം. പട്ടികജാതിവർഗകാർക്ക് മാർക്കിന്റെയും ചാൻസിന്റെയും പരിധി ബാധകമല്ല. പ്രായം 1.7.2021 ൽ 17-33 വയസ്സ്. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചുവർഷവും ഒ.ബി.സികാർക്ക് മൂന്നുവർഷവും വിമുക്തഭടന്മാർക്ക് ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്.
മാതൃകാ ഫോറത്തിൽ തയാറാക്കിയ അപേക്ഷയിൽ അഞ്ചു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിക്കണം. പട്ടികജാതി/വർഗക്കാർക്ക് അപേക്ഷ ഫീസില്ല. തെരഞ്ഞെടുക്കപ്പെടാൻ ആഗ്രഹിക്കുന്ന റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ മേൽവിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
ജില്ലതല ഡെപ്യൂട്ടി ഡയറക്ടറുടെ മേൽവിലാസങ്ങളും അപേക്ഷ സമർപ്പണത്തിനുള്ള മാർഗനിർദേശങ്ങളും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമെല്ലാം വിജ്ഞാപനത്തിലുണ്ട്.കന്നട ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സിലേക്കുള്ള അപേക്ഷകൾ കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടർക്കും തമിഴ് ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സിലേക്കുള്ള അപേക്ഷകൾ പാലക്കാട്, ഇടുക്കി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കും ഇംഗ്ലീഷ് മീഡിയത്തിലേക്കുള്ള അപേക്ഷകൾ തിരുവനന്തപരം/കൊല്ലം/മലപ്പുറം/കോഴിക്കോട്/കണ്ണൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്കും അയക്കണം.
ആംഗ്ലോ ഇന്ത്യൻ ടി.ടി.ഐയിലേക്കുള്ള അപേക്ഷകൾ കണ്ണൂർ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ടി.ടി.ഐ മാനേജർക്ക് നൽകണം.
മാനേജ്മെൻറ് േക്വാട്ടയിൽ തെരഞ്ഞെടുക്കപ്പെടുന്നതിൽ എയ്ഡഡ് ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജർക്കും ന്യൂനപക്ഷ ടി.ടി.ഐകളിലേക്ക് പൊതു മെറിറ്റടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നതിന് (50 ശതമാനം സീറ്റുകളിലേക്ക്) അപേക്ഷ ബന്ധപ്പെട്ട ടി.ടി.ഐ മാനേജർക്കും നൽകണം. പകർപ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും നൽകിയിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.