എൻ.ആർ.ഐ ക്വോട്ടയിൽ തർക്കം; മെഡിക്കൽ മോപ് അപ് അലോട്ട്മെൻറ് മാറ്റി
text_fieldsതിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്ക് ശനിയാഴ്ച പ്രസിദ്ധീകരിക്കാനിരുന്ന മോപ് അപ് അലോട്ട്മെൻറ് മാറ്റി. എൻ.ആർ.ഐ സീറ്റ് സംബന്ധിച്ച് ഹൈകോടതിയിൽ കേസ് നിലവിലുള്ള സാഹചര്യത്തിലാണ് മാറ്റം. മോപ് അപ് അലോട്ട്മെൻറിന്റെ പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് പ്രവേശന പരീക്ഷ കമീഷണർ അറിയിച്ചു.
ആദ്യ രണ്ട് അലോട്ട്മെൻറുകൾക്ക് ശേഷം സ്വാശ്രയ കോളജുകളിൽ അവശേഷിക്കുന്ന 67 എൻ.ആർ.ഐ സീറ്റുകൾ മോപ് അപ് ഘട്ടത്തിൽ സ്റ്റേറ്റ് മെറിറ്റിലേക്ക് മാറ്റാനായിരുന്നു തീരുമാനം. എന്നാൽ എൻ.ആർ.ഐ കാറ്റഗറി പട്ടികയിൽ ഉൾപ്പെടുത്താത്തതിനെ ചോദ്യം ചെയ്ത് 46 വിദ്യാർഥികൾ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഇവർ സമർപ്പിച്ച എൻ.ആർ.ഐ രേഖകൾ മതിയായവ അല്ലെന്ന കാരണത്താലാണ് കാറ്റഗറി പട്ടികയിൽനിന്ന് ഒഴിവാക്കിയത്.
എൻ.ആർ.ഐ സീറ്റിലേക്ക് പുതിയ ഓപ്ഷനുകൾ ഇല്ലെന്നത് കൂടി പരിഗണിച്ചാണ് സ്റ്റേറ്റ് മെറിറ്റിലേക്ക് മാറ്റാൻ നേരേത്ത തീരുമാനിച്ചത്. ഇതുസംബന്ധിച്ച കേസ് ചൊവ്വാഴ്ച പരിഗണനക്ക് വരുന്ന സാഹചര്യത്തിലാണ് മോപ് അപ് അലോട്ട്മെൻറ് മാറ്റിയത്. എൻ.ആർ.ഐ സീറ്റിലേക്ക് പുതിയ അപേക്ഷ സ്വീകരിക്കണമെന്ന ആവശ്യവുമായി സ്വാശ്രയ മാനേജ്മെൻറുകളും സർക്കാറിനെ സമീപിച്ചിട്ടുണ്ട്.
എൻ.ആർ.ഐ സീറ്റിലെ ഫീസ് 20 ലക്ഷം രൂപയാണെങ്കിൽ ഇവ സ്റ്റേറ്റ് മെറിറ്റിലേക്ക് മാറ്റുന്നതോടെ ഫീസ് നിരക്ക് ആറ് ലക്ഷത്തിനും ഏഴര ലക്ഷത്തിനുമിടയിലായി മാറും. മൊത്തം 232 എം.ബി.ബി.എസ് സീറ്റിലേക്കും 615 ബി.ഡി.എസ് സീറ്റിലേക്കുമാണ് മോപ് അപ് അലോട്ട്മെൻറ് പ്രസിദ്ധീകരിക്കാനിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.