സ്വകാര്യ കൽപിത സർവകലാശാല അനുമതി; വിദഗ്ധ സമിതിയിൽ ഭിന്നത
text_fieldsതിരുവനന്തപുരം: സർക്കാർ ശമ്പളം നിലനിർത്തി എയ്ഡഡ് കോളജുകളെ സ്വകാര്യ കൽപിത സർവകലാശാലയാക്കാൻ അണിയറ നീക്കം നടക്കുമ്പോൾ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയിൽ ഭിന്നത. കഴിഞ്ഞ ദിവസം വിദഗ്ധ സമിതിയുടെ ആദ്യയോഗം ചേർന്ന് പ്രാഥമിക ചർച്ച നടത്തിയപ്പോൾ ഭൂരിഭാഗം അംഗങ്ങളും കൽപിത സർവകലാശാലയാകാമെന്ന നിലപാട് സ്വീകരിച്ചിരുന്നു. സമിതി അംഗമായ ഒരാൾ വേണ്ടെന്ന നിലപാട് സ്വീകരിച്ചതായാണ് സൂചന.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട കമീഷൻ കഴിഞ്ഞ ദിവസം സമർപ്പിച്ച റിപ്പോർട്ടിലും കൽപിത സർവകലാശാല സംബന്ധിച്ച് ശിപാർശ ഉൾപ്പെടുത്തിയിരുന്നു. കൽപിത സർവകലാശാലകളെ പൂർണ സർവകലാശാലകളാക്കി മാറ്റാൻ യു.ജി.സി ആലോചിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ കൽപിത സർവകലാശാല വേണ്ടതില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ഏജൻസികളുടെ വിശ്വാസ്യത ഉൾപ്പെടെയുള്ളവ കൃത്യമായി പരിശോധിച്ച് സ്വകാര്യ സർവകലാശാലയാകാമെന്നും കമീഷൻ ശിപാർശ ചെയ്തിരുന്നു.
കമീഷൻ ചെയർമാൻ ഡോ. ശ്യാം ബി. മേനോനും അംഗമായ എം.ജി സർവകലാശാല വി.സി ഡോ. സാബു തോമസും കൽപിത സർവകലാശാല സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയിലും അംഗങ്ങളാണ്. കൽപിത സർവകലാശാലയുടെ കാര്യത്തിൽ കമീഷൻ റിപ്പോർട്ടിലെ ശിപാർശയിൽനിന്ന് വ്യത്യസ്തമായ നിലപാട് ഇവർക്ക് വിദഗ്ധ സമിതിയിൽ സ്വീകരിക്കാനാകില്ല. ചീഫ് സെക്രട്ടറി വി.പി. ജോയ് അധ്യക്ഷനായ വിദഗ്ധ സമിതിയിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം. എബ്രഹാമും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിയും അംഗങ്ങളാണ്.
കെ.എം. എബ്രഹാം കഴിഞ്ഞ ദിവസത്തെ യോഗത്തിൽ പങ്കെടുത്തിട്ടില്ല. കൽപിത സർവകലാശാലക്ക് അനുകൂല ചരടുവലി നടത്തുന്നത് സർക്കാർ പദവികളിലിരിക്കുന്നവരിൽനിന്നാണെന്ന ആക്ഷേപവും ശക്തമാണ്. എയ്ഡഡ് കോളജുകൾ കൽപിത സർവകലാശാലയാകുന്നതോടെ അവിടത്തെ വിദ്യാർഥി പ്രവേശനത്തിലും ഫീസ് നിർണയത്തിലുമുള്ള നിയന്ത്രണം സർക്കാറിന് നഷ്ടമാകും. ഇത്തരം സ്ഥാപനങ്ങൾക്ക് കൽപിത സർവകലാശാല സംബന്ധിച്ച യു.ജി.സി റെഗുലേഷനായിരിക്കും ബാധകം.
കൽപിത പദവി ലഭിക്കുന്ന എയ്ഡഡ് കോളജുകൾക്ക് സ്വന്തം നിലക്ക് ഫീസ് നിർണയവും വിദ്യാർഥി പ്രവേശനവും നടത്താം.
ഇത്തരം സ്ഥാപനങ്ങൾക്ക് ഭാവിയിൽ എന്തിന് സർക്കാർ ഖജനാവിൽനിന്ന് ശമ്പളം നൽകണമെന്നതാണ് സമിതി മുമ്പാകെയുള്ള പ്രധാന പ്രശ്നം. നിലവിലുള്ള അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുന്ന രീതിയിൽ കൽപിത സർവകലാശാലക്ക് അനുമതി നേടിയെടുക്കാൻ ചില മാനേജ്മെന്റുകൾ നീക്കം നടത്തുന്നത്. ഇതിൽ ഉൾപ്പെടെ വിദഗ്ധ സമിതി സമർപ്പിക്കാനിരിക്കുന്ന റിപ്പോർട്ട് നിർണായകമാണ്.
എറണാകുളം രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ്, തിരുവനന്തപുരം മാർ ഇവാനിയോസ് എന്നീ എയ്ഡഡ് സ്വയംഭരണ കോളജുകളാണ് കൽപിത സർവകലാശാല പദവിക്ക് യു.ജി.സിയിൽ അപേക്ഷിക്കാൻ എൻ.ഒ.സിക്കായി സർക്കാറിന് അപേക്ഷ സമർപ്പിച്ചത്. ഇതിന് പുറമെ എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, കോഴിക്കോട് ജില്ലകളിൽ സ്വയംഭരണ പദവിയുള്ള ചില എയ്ഡഡ് കോളജുകളും എൻ.ഒ.സിക്കായി അനൗദ്യോഗികമായി സർക്കാറിനെ സമീപിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിച്ച കോളജുകളുടെ കാര്യത്തിൽ സർക്കാർ തീരുമാനമെടുത്താൽ ഈ കോളജുകൾ രേഖാമൂലം സർക്കാറിനെ സമീപിക്കും. കൽപിത സർവകലാശാലയായി പ്രഖ്യാപിച്ചാലും ജീവനക്കാർക്കുള്ള ശമ്പളം സർക്കാർ നൽകുമെന്ന് ഉറപ്പുനൽകണമെന്ന് അപേക്ഷയിൽ കോളജുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.