വിദൂര പഠനം: ജാഗ്രത നിർദേശങ്ങളുമായി യു.ജി.സി
text_fieldsസർവകലാശാലകളടക്കം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദ, ഡിപ്ലോമ കോഴ്സുകളിൽ വിദൂര വിദ്യാഭ്യാസത്തിനൊരുങ്ങുന്ന വിദ്യാർഥികൾക്ക് ജാഗ്രത നിർദേശങ്ങളുമായി യു.ജി.സി ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോ (ഡി.ഇ.ബി). വിദൂര വിദ്യാഭ്യാസ കോഴ്സുകളുടെ റെഗുലേറ്ററി ബോഡിയാണിത്.
2020 സെപ്റ്റംബർ നാലിന് യു.ജി.സി ഓപൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ്/ഓൺലൈൻ പ്രോഗ്രാമുകൾക്കായി ചട്ടങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി. തുടർന്ന് 2021, 2022 വർഷങ്ങളിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. അതുപ്രകാരമുള്ള നിബന്ധനകളും നിർദേശങ്ങളും താഴെ:
-യു.ജി.സി- ഡി.ഇ.ബിയുടെ അനുമതിയും അംഗീകാരവുമുള്ള സർവകലാശാല/സ്ഥാപനങ്ങൾ നേരിട്ട് നടത്തുന്ന വിദൂരവിദ്യാഭ്യാസ/ഓൺലൈൻ കോഴ്സുകളിൽ പ്രവേശനം നേടാൻ വിദ്യാർഥികൾ പ്രത്യേകം ശ്രദ്ധിക്കണം.
- ഫ്രാഞ്ചൈസി മുഖാന്തരമുള്ള പഠനം അനുവദിക്കില്ല.
- യു.ജി.സി നിരോധിച്ച സ്ഥാപനങ്ങളിൽ/കോഴ്സുകളിൽ ചേരാൻ പാടില്ല.
- പ്രവേശനം നേടുന്നതിന് മുമ്പ് അംഗീകാരം ഉറപ്പുവരുത്തണം.
- വിദൂരവിദ്യാഭ്യാസ കോഴ്സുകൾ യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള കോഴ്സ് കാലയളവ്, പ്രവേശന യോഗ്യത ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
- ചില വിഷയങ്ങളിൽ ഓപൺ ഡിസ്റ്റൻസ് ലേണിങ്/ഓൺലൈൻ രീതിയിലുള്ള പ്രോഗ്രാമുകൾ നടത്തുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എൻജിനീയറിങ്, മെഡിക്കൽ, ഫിസിയോതെറപ്പി, ഒക്കുപേഷണൽ തെറപ്പി/മറ്റു പാരാ മെഡിക്കൽ ഡിസിപ്ലിനുകൾ, ഫാർമസി, നഴ്സിങ്, ഡെന്റൽ, ആർക്കിടെക്ചർ, നിയമം (ലോ), അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഹോട്ടൽ മാനേജ്മെന്റ്, കാറ്ററിങ് ടെക്നോളജി, കളിനറി സയൻസസ്, എയർ ക്രാഫ്റ്റ് മെയിന്റനൻസ്, വിഷ്വൽ ആർട്സ് ആൻഡ് സ്പോർട്സ്, ഏവിയേഷൻ മുതലായവ വിലക്കിൽപെടും.
- ഡിഗ്രി, പി.ജിതലത്തിൽ യോഗ, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഓൺലൈൻ പ്രോഗ്രാമുകൾ നടത്താൻ അനുവാദമില്ല.
- എല്ലാ വിഷയങ്ങളിലും ഓപൺ ഡിസ്റ്റൻസ് ലേണിങ്/ഓൺലൈൻ രീതിയിൽ എം.ഫിൽ, പിഎച്ച്.ഡി
- പ്രോഗ്രാമുകൾ നിരോധിച്ചിട്ടുണ്ട്.
- സംസ്ഥാന സർവകലാശാലകളുടെ വിദൂരവിദ്യാഭ്യാസത്തിന് പ്രവർത്തന പരിധി ഏർപ്പെടുത്തിയിട്ടുണ്ടാവും. അതിനനുസൃതമായിട്ടാവും കോണ്ടാക്ട് ക്ലാസുകൾ ക്രമീകരിക്കപ്പെടുക.
- യു.ജി.സി, ഡി.ഇ.ബി മാനദണ്ഡപ്രകാരമുള്ള ഓപൺ ഡിസ്റ്റൻസ് ലേണിങ്/ഓൺലൈൻ സമ്പ്രദായത്തിലൂടെ നേടുന്ന ബിരുദങ്ങൾക്ക് റെഗുലർ ബിരുദങ്ങൾക്ക് തത്തുല്യമായ അംഗീകാരമുണ്ടാവും.
ഇന്ത്യയിലെവിടെയുമുള്ള വിദ്യാർഥികൾക്ക് യു.ജി.സി അംഗീകൃത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദൂര വിദ്യാഭ്യാസ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പ്രവേശനം നേടുന്നതിന് തടസ്സങ്ങളില്ല. വ്യവസ്ഥകൾക്ക് വിധേയമായി പഠനം പൂർത്തിയാക്കാം. ഫ്ലെക്സിബിലിറ്റിയാണ് വിദൂരവിദ്യാഭ്യാസത്തിന്റെ സവിശേഷത. ജോലിയുള്ളവർക്കും ഇല്ലാത്തവർക്കും അനായാസം പഠിച്ച് ബിരുദങ്ങൾ സമ്പാദിക്കാം. പഠനസാമഗ്രികളടക്കം ഹൈടെക് പഠനസൗകര്യങ്ങൾ ലഭ്യമാകും.
അധികസമയമൊന്നും ക്ലാസ് മുറികളിൽ ചെലവഴിക്കേണ്ടതില്ല. സ്വന്തമായി പഠിച്ച് പരീക്ഷയെഴുതാം. സർവകലാശാലകളാണ് വിജയികൾക്ക് ബിരുദങ്ങൾ സമ്മാനിക്കുന്നത്. ഇന്ത്യക്കകത്തും പുറത്തുമുള്ളവർക്ക് അംഗീകൃത ഓൺലൈൻ പ്രോഗ്രാമുകളിൽ എൻറോൾ ചെയ്യാവുന്നതാണ്. വിദൂര വിദ്യാഭ്യാസ സംബന്ധമായ കൂടുതൽ വിവരങ്ങൾ https://deb.ugc.ac.inൽ ലഭിക്കും.
വിദ്യാർഥികൾക്ക് രജിസ്ട്രേഷൻ
ഓപൺ/ഡിസ്റ്റൻസ് ലേണിങ്/ഓൺലൈൻ പ്രോഗ്രാമുകളിൽ 2024-25 വർഷം മുതൽ പ്രവേശനം നേടുന്നവർ ഡി.ഇ.ബിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. 2024 ഒക്ടോബറിൽ ആരംഭിക്കുന്ന അക്കാദമിക് സെഷൻ മുതൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് യുനിക് ഡി.ഇ.ബി ഐ.ഡി ലഭിക്കും. അംഗീകൃത സ്ഥാപനത്തിലും കോഴ്സിലുമാണ് പ്രവേശനം നേടിയതെന്ന് ഉറപ്പാക്കാനും പ്രവേശന നടപടികളുടെ സുതാര്യത ഉറപ്പുവരുത്താനും രജിസ്ട്രേഷൻ സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.