ശ്രീനാരായണ ഗുരു സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസം: അനുമതി വിദഗ്ധ പരിശോധനക്ക് ശേഷമെന്ന് യു.ജി.സി
text_fieldsകൊച്ചി: വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ ശ്രീനാരായണ ഗുരു ഓപൺ സർവകലാശാലക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് വിദഗ്ധ സമിതി പരിശോധനക്ക് ശേഷം മാത്രമേ തീരുമാനമാകൂവെന്ന് യു.ജി.സി ഹൈകോടതിയിൽ.
വിദൂര വിദ്യാഭ്യാസ അനുമതി ലഭിച്ചിട്ടുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഈ ഓപൺ സർവകലാശാലയുടെ പേരില്ല. എന്നാൽ, കോഴ്സുകൾ നടത്താൻ അനുമതി തേടി സർവകലാശാല അപേക്ഷ നൽകിയിട്ടുണ്ടെന്നും വിദഗ്ധ സമിതി സ്ഥാപനം സന്ദർശിച്ച് പരിശോധിച്ച് തീരുമാനമെടുക്കുമെന്നും യു.ജി.സിയുടെ അഭിഭാഷകൻ വ്യക്തമാക്കി. വിദഗ്ധ സമിതി പരിശോധന സംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കാൻ യു.ജി.സിക്ക് നിർദേശം നൽകിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹരജി സെപ്റ്റംബർ 16ന് പരിഗണിക്കാൻ മാറ്റി.
ശ്രീനാരായണ ഗുരു ഓപൺ സർവകലാശാലയല്ലാതെ മറ്റ് സർവകലാശാലകൾ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്തുന്നത് തടഞ്ഞ് ജൂൺ ഒമ്പതിന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് വിദ്യാർഥികൾ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ മറ്റ് സർവകലാശാലകളെ വിലക്കിയതോടെ വിദ്യാർഥികൾക്ക് സൗകര്യപ്രദമായ രീതിയിൽ പഠനം തുടരാനുള്ള അവസരം നിഷേധിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
യു.ജി.സി അനുമതിയില്ലാത്തതിനാൽ ഓപൺ സർവകലാശാല കോഴ്സുകളിൽ ചേരാനുമാകില്ല. അതിനാൽ ഉത്തരവ് റദ്ദാക്കി എല്ലാ സർവകലാശാലകളെയും കോഴ്സുകൾ നടത്താൻ അനുവദിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.