ഡി.എൽ.എഡ് ലാംഗ്വേജ്: ഫലം വൈകിപ്പിക്കുന്നെന്ന്
text_fieldsകൊടുവള്ളി: സംസ്ഥാനത്ത് 2019ൽ ആരംഭിച്ച അധ്യാപക -വിദ്യാർഥി പരിശീലന കോഴ്സ് (ഡി.എൽ.എഡ് ഭാഷാധ്യാപക കോഴ്സ്) ന്റെ പ്രഥമ ബാച്ചിലെ വിദ്യാർഥികളുടെ നാലാം സെമസ്റ്റർ ഫലം പരീക്ഷഭവൻ വൈകിപ്പിക്കുന്നതു കാരണം ജോലിയിൽ പ്രവേശനം നേടാൻ കഴിയാതെ പ്രയാസപ്പെടുന്നതായി പരാതി.
കോഴ്സ് പൂർത്തിയാക്കാൻ കഴിയാതെ ആയിരക്കണക്കിന് വിദ്യാർഥികളാണ് പ്രയാസപ്പെടുന്നത്. നാലാം സെമസ്റ്റർ ഫലം പ്രസിദ്ധീകരിക്കാതിരിക്കാൻ കാരണമായി പറയുന്നത് 2020 ബാച്ചിന്റെ ഐ.ടി പ്രായോഗിക പരീക്ഷ നടക്കാത്തതാണ്. ഇക്കാരണത്താൽ 2019 ബാച്ചിന്റെ നാലാം സെമസ്റ്റർ പരീക്ഷ ഫലം തടഞ്ഞുവെച്ചിരിക്കുന്നത് അനീതിയാണെന്ന് വിദ്യാർഥികൾ പറഞ്ഞു. പരീക്ഷാഫലം വൈകുന്നത് കാരണം ഈ അധ്യയന വർഷവും ജോലിയിൽ പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ് അറബിക്, ഉർദു, സംസ്കൃതം, ഹിന്ദി ഭാഷകളിലായി കോഴ്സ് പൂർത്തിയാക്കിയ ഉദ്യോഗാർഥികൾ നേരിടുന്നത്.
അധികൃതർ ഉദാസീനത വെടിഞ്ഞ് ഉടൻ പരീക്ഷാഫലം പ്രസിദ്ധീകരിക്കാൻ തയാറാവണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. 2019 ജൂണിൽ ആരംഭിക്കേണ്ട കോഴ്സ് ഏറെ വൈകി നവംബർ അവസാനത്തോടുകൂടിയാണ് ആരംഭിച്ചത്. 2021 നവംബറോടുകൂടി കോഴ്സ് അവസാനിപ്പിക്കും എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചുവെങ്കിലും 2022 മാർച്ച് വരെ കോഴ്സ് നീണ്ടു. പിന്നീട് നാലാം സെമസ്റ്റർ പരീക്ഷ നടത്തിയപ്പോൾ ഫലം പ്രസിദ്ധീകരിക്കുമെന്ന് കരുതിയെങ്കിലും 2020 ബാച്ചിന്റെ പരീക്ഷ നടക്കാൻ ബാക്കിയുണ്ടെന്നു പറഞ്ഞ് പ്രഥമ ബാച്ചിലെ വിദ്യാർഥികളെ കബളിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് വിദ്യാർഥി യൂനിയൻ ആരോപിച്ചു.
ഫലം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ടു സർക്കാർ തീരുമാനമെടുക്കുന്നതുവരെ സമരം തുടരുമെന്ന് കേരള ലാംഗ്വേജ് ടീച്ചേഴ്സ് ട്രെയിനിങ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.