സ്വകാര്യ സ്‌കൂളുകൾ ഫീസ് കൂട്ടരുത് -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സ്വകാര്യ സ്‌കൂളുകൾ ഫീസ് കുത്തനെ കൂട്ടരുതെന്നും പുതിയ സാഹചര്യത്തിന് അനുസൃതമായി പഠനരീതി ക്രമീകരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചില സ്‌കൂളുകൾ വലിയ തുക ഫീസിനത്തിൽ ഉയർത്തുകയും അത് അടച്ചതിന്‍റെ രസീതുമായി വന്നെങ്കിൽ മാത്രമേ അടുത്ത വർഷത്തേക്കുള്ള പുസ്തകങ്ങൾ തരുകയുള്ളൂ എന്ന് പറയുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. ഒരു സ്‌കൂളിലും ഫീസ് വർധിപ്പിക്കാൻ പാടില്ല.
പുതിയ സാഹചര്യത്തിന് അനുസൃതമായി പഠനരീതി ക്രമീകരിക്കുക, വേണ്ട മാറ്റങ്ങൾ വരുത്തുക എന്നിവയാണ് വിദ്യാഭ്യാസ മേഖലയിൽ അടിയന്തര പ്രാധാന്യത്തോടെ നടക്കുന്ന കാര്യം. അത് സ്വകാര്യ സ്‌കൂളുകൾക്കും ബാധകമാണ്.
പ്രതിസന്ധികാലത്ത് കുട്ടികളെയും രക്ഷിതാക്കളെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്ന നിലപാട് സ്വീകരിക്കരുത്. ഇപ്പോഴത്തെ പ്രത്യേക കാലമായതിനാലാണ് പഠനം പരമാവധി ഓൺലൈൻ വഴിയാക്കാൻ തീരുമാനിച്ചതും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറെ നാളത്തേക്ക് അടച്ചിടുന്നതും.
എല്ലാ ജനങ്ങളും പ്രയാസം നേരിടുകയാണ്. ഈ ഘട്ടത്തിൽ അത്തരം ജനങ്ങളെ സഹായിക്കുക, അവരുടെ ഭാരം ലഘൂകരിക്കുക എന്നതാണ് നമ്മൾ ഓരോരുത്തരുടെയും ലക്ഷ്യം. അതിനു വിരുദ്ധമായ പ്രവണതകൾ പാടില്ലെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.