ബിരുദ കോഴ്സ് ഘടനയിൽ അടിമുടി മാറ്റം; തൊഴിൽ നൈപുണ്യവും ഘടകം
text_fieldsതിരുവനന്തപുരം: നാലു വർഷ കോഴ്സ് നടപ്പാക്കുന്നതിന്റെ ഭാഗമായി ബിരുദ കോഴ്സ് ഘടനയിൽ അടിമുടി മാറ്റം വരും. വിദ്യാർഥികൾക്ക് അഭിരുചികൾക്ക് അനുസരിച്ചുള്ള വിഷയങ്ങൾ തെരഞ്ഞെടുത്ത് പഠിക്കാനും അവരുടേതായ വേഗത്തിൽ കോഴ്സുകൾ പൂർത്തീകരിക്കാനും വഴിയൊരുങ്ങും. നിശ്ചിത ക്രെഡിറ്റുകൾ നേടുന്നവർക്കാണ് ബിരുദം നൽകുക. ബിരുദ കോഴ്സിലെ പ്രധാന വിഷയത്തെ (കോർ സബ്ജക്ട്) മേജർ എന്നും ഉപവിഷയങ്ങളെ (കോംപ്ലിമെന്ററി) മൈനർ എന്നും പരിഗണിക്കും.
മൈനർ വിഷയങ്ങളിൽ തെരഞ്ഞെടുത്ത് പഠിക്കാവുന്ന കൂടുതൽ ഇലക്ടീവ് വിഷയങ്ങൾ ഉൾപ്പെടുത്തും. മേജറിലും മൈനറിലും നിശ്ചിത ക്രെഡിറ്റുകൾ പൂർത്തിയാക്കുന്നവർക്കായിരിക്കും ബിരുദം നൽകുക. തൊഴിൽ നൈപുണ്യം, പ്രായോഗിക പരിശീലനം എന്നിവ അക്കാദമിക് ക്രെഡിറ്റിനായി പരിഗണിക്കും. നാലുവർഷ കോഴ്സിൽ അവസാന വർഷം ഇന്റേൺഷിപ്/ പ്രോജക്ട് എന്നിവക്ക് ഊന്നൽ നൽകും. നിശ്ചിത ക്രെഡിറ്റ് നിർബന്ധമായും പഠിക്കേണ്ട കോഴ്സുകളിൽനിന്ന് കണ്ടെത്തുന്നതിനൊപ്പം വിദ്യാർഥികളുടെ താൽപര്യത്തിനനുസരിച്ച് തെരഞ്ഞെടുത്ത് പഠിക്കാൻ ആവശ്യമായത്ര കോഴ്സുകളും ഒരുക്കണം.
ഭാഷ പഠനരീതിയിൽ മാറ്റം വരും
ഭാഷാപഠനത്തിന് നിലവിലുള്ള ഒന്നാം ഭാഷ, രണ്ടാം ഭാഷ എന്ന രീതി തുടരില്ല. പകരം ഫൗണ്ടേഷൻ കോഴ്സിന്റെ ഭാഗമായി ഭാഷ പഠനം ഉൾപ്പെടുത്തും. മേജർ വിഷയത്തിന് കൂടുതൽ ഊന്നൽ നൽകുന്നത് വഴി ഭാഷാപഠനത്തിലുണ്ടാകുന്ന കുറവിനെ മൈനർ/ ഓപ്ഷനൽ/ ഇലക്ടീവ് കോഴ്സുകൾ എന്നിവ വഴി മറികടക്കാനാണ് ലക്ഷ്യം. മികച്ച രീതിയിൽ ഭാഷ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതരത്തിലുള്ള കോഴ്സുകൾ രൂപകൽപന ചെയ്യാനും ലക്ഷ്യമിടുന്നു.
സെമസ്റ്ററിൽനിന്ന് ക്രെഡിറ്റിലേക്ക്
നിലവിലുള്ള സെമസ്റ്റർ സമ്പ്രദായത്തിൽനിന്ന് ക്രെഡിറ്റ് അടിസ്ഥാന പഠനരീതിയിലേക്കുള്ള മാറ്റമാണ് ലക്ഷ്യമിടുന്നത്. ചുരുങ്ങിയത് 90 പ്രവൃത്തി ദിവസങ്ങൾ അടങ്ങിയതാണ് ഒരു സെമസ്റ്റർ. ഒരു സെമസ്റ്ററിൽ പരീക്ഷ സമയം മാറ്റിനിർത്തിയാൽ ആകെ 375 മണിക്കൂർ അധ്യയന സമയം ലഭ്യമാകും. ഇതിന് ആനുപാതികമായ ക്രെഡിറ്റ് കണക്കാക്കിയാൽ അത് 25 ക്രെഡിറ്റിന് തുല്യമാകും.
ഇതുപ്രകാരം ആറ് സെമസ്റ്റർ അടങ്ങിയ ബിരുദ കോഴ്സിന് പരമാവധി 150 ക്രെഡിറ്റ് വരെ നൽകാൻ കഴിയും. ക്രെഡിറ്റ് അനുസൃതമായി ബിരുദ കോഴ്സുകളെ പൂർണമായും പുനഃക്രമീകരിക്കുമ്പോൾ മൂന്നുവർഷ കോഴ്സുകൾക്ക് കുറഞ്ഞത് 132 ക്രെഡിറ്റുകളും കൂടിയത് 150 ക്രെഡിറ്റുകളും ആയി നിജപ്പെടുത്താനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. നാലുവർഷ കോഴ്സുകൾക്ക് ഇത് യഥാക്രമം 176ഉം 200ഉം ക്രെഡിറ്റാകും. നാല് വർഷത്തിലേക്ക് മാറുന്നതോടെ വിദ്യാർഥികൾക്ക് അധികമായി കുറഞ്ഞത് 44 ക്രെഡിറ്റുകൂടി നേടാനുള്ള സാഹചര്യം ഒരുങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.