എജുകഫെ എട്ടാം സീസൺ; വിദ്യാർഥികൾ ഒഴുകിയെത്തും
text_fieldsഷാർജ: മിഡിലീസ്റ്റിലെ ഇന്ത്യൻ വിദ്യാഭ്യാസ ലോകത്തെ ഏറ്റവും വലിയ മേളയായ 'ഗൾഫ് മാധ്യമം' എജുകഫെയിലേക്ക് വിദ്യാർഥികൾ ഒഴുകിയെത്തും. ഇതുവരെ നടന്ന എജുകഫെകളിൽനിന്ന് വ്യത്യസ്തമായി യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പിന്തുണയോടെ അന്താരാഷ്ട്ര എജുക്കേഷൻ ഫെസ്റ്റിനൊപ്പമാണ് എട്ടാം സീസൺ അരങ്ങേറുന്നത്. അതിനാൽ തന്നെ, യു.എ.ഇയുടെ എല്ലാ എമിറേറ്റിൽനിന്നുമുള്ള വിദ്യാർഥികൾക്കുപുറമെ വിദേശ വിദ്യാർഥികളും എജുകഫെ സന്ദർശിക്കും. ഒക്ടോബർ 19 മുതൽ 22 വരെ അറബ് ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമായ ഷാർജ എക്സ്പോ സെന്ററിലാണ് അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനവും എജുകഫെയും അരങ്ങേറുന്നത്. ഇതുവരെ ആയിരക്കണക്കിന് കുട്ടികൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. www.myeducafe.com എന്ന ലിങ്ക് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
വിദ്യാർഥികൾക്ക് അറിവും രക്ഷിതാക്കൾക്ക് ആത്മവിശ്വാസവും അധ്യാപകർക്ക് പുതിയ ആശയങ്ങളും പകർന്നുനൽകുന്ന സെഷനുകളാണ് ഇക്കുറിയും അരങ്ങേറുന്നത്. പുതിയ കോഴ്സുകളിൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകുന്ന മേള തൊഴിലന്വേഷകർക്ക് പുതിയ ജോലി സാധ്യതകൾ വിവരിച്ചുനൽകും. നിലവിൽ ജോലിയുള്ളവർക്ക് കരിയറിൽ മുന്നേറാൻ ആവശ്യമായ മാർഗനിർദേശങ്ങളും ഇവിടെ നടക്കുന്ന സെഷനുകളിൽ അരങ്ങേറും. വിവിധ മത്സരങ്ങളും ഇതിന്റെ ഭാഗമായി നടക്കും. ഇന്ത്യയിലെയും വിദേശത്തെയും വിവിധ യൂനിവേഴ്സിറ്റികളും കരിയർ സ്ഥാപനങ്ങളും സ്റ്റാളുകളുമായി എത്തുന്നതിനാൽ ഭാവി തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് പുതിയ ചോയ്സുകൾ നൽകുന്ന മേള കൂടിയായിരിക്കും.
കേരള മുൻ ഡി.ജി.പി ഋഷിരാജ് സിങ്, ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ സന്തത സഹചാരിയും എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീജൻപാൽ സിങ്, അവതാരകനും കേരള യൂനിവേഴ്സിറ്റി അസി. പ്രഫസറുമായ ഡോ. അരുൺകുമാർ, മജീഷ്യൻ രാജമൂർത്തി തുടങ്ങിയവരാണ് ഈ സീസണിലെ മുഖ്യാതിഥികൾ. വിവിധ സെഷനുകളുമായി മറ്റ് അതിഥികളും എജുകഫെയിലെത്തും.
എജുകഫെയുടെ ഭാഗമായി നടത്തുന്ന എ.പി.ജെ അബ്ദുൽ കലാം ഇന്നൊവേഷൻ പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിദ്യർഥികളുടെ നൂതന ആശയങ്ങൾക്കാണ് പുരസ്കാരം നൽകുന്നത്. 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. രണ്ട് ഘട്ടങ്ങളിലായാണ് വിജയികളെ തെരഞ്ഞെടുക്കുക. ആദ്യ ഘട്ടത്തിൽ വിദ്യാർഥികളുടെ ടീമിന് അവരുടെ നൂതന ആശയങ്ങൾ പ്രസന്റേഷനായി അയക്കാം. ടെക്സ്റ്റായോ ഒരുമിനിറ്റ് നീണ്ടുനിൽക്കുന്ന വിഡിയോ ആയോ educafe@gulfmadhyamam.net എന്ന ഇ-മെയിലിലേക്കാണ് അയക്കേണ്ടത്. ഇതിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ടീം രണ്ടാമത്തെയും അവസാനത്തെയും റൗണ്ടിലേക്ക് യോഗ്യത നേടും.
യു.എ.ഇ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ മേളയിൽ ഇന്ത്യൻ പവിലിയന്റെ ചുമതലയും 'ഗൾഫ് മാധ്യമ'ത്തിനാണ്. ഏഴു സീസണുകൾ പിന്നിട്ട എജുകഫെ വിദ്യാഭ്യാസ മേഖലക്ക് നൽകിയ സംഭാവനകളാണ് അന്താരാഷ്ട്ര മേളയിലെ സുപ്രധാന സാരഥ്യത്തിലേക്ക് നയിച്ചത്. മേളയുടെ മീഡിയ പാർട്ണർ കൂടിയായ 'ഗൾഫ് മാധ്യമം' ആദ്യമായാണ് എജുകഫെ ഷാർജ എക്സ്പോ സെന്ററിൽ നടത്തുന്നത്.
കഴിഞ്ഞ സീസണുകളിലും ആയിരക്കണക്കിന് വിദ്യാർഥികൾ എജുകഫെയിൽ എത്തിയിരുന്നു. കൂടുതൽ വിവരങ്ങൾക്ക് www.myeducafe.com വെബ്സൈറ്റ് സന്ദർശിക്കുകയോ 042521071 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.