വിദ്യാഭ്യാസ വായ്പ നിഷേധം; ശക്തമായി ഇടപെടുമെന്ന് ന്യൂനപക്ഷ കമീഷന്
text_fieldsകണ്ണൂർ: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന അര്‍ഹരായ അപേക്ഷകര്‍ക്ക് ബാങ്കുകള്‍ വായ്പ അനുവദിക്കണമെന്ന തീരുമാനം നടപ്പാകുന്നില്ലെന്നും സംഭവത്തില്‍ കര്‍ശനമായി ഇടപെടുമെന്നും സംസ്ഥാന ന്യൂനപക്ഷ കമീഷൻ അംഗം പി. റോസ പറഞ്ഞു.അക്കാദമിക് യോഗ്യതാ മാനദണ്ഡങ്ങള്‍ നിർണയിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ലെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് അടിയന്തരമായി വായ്പ അനുവദിക്കണമെന്നും കമീഷൻ കര്‍ശന നിര്‍ദേശം നല്കി.
കേരള ഗ്രാമീണ ബാങ്ക് കരുവഞ്ചാല്‍ ശാഖാ മാനേജര്‍ക്കെതിരെ വെള്ളാട് കക്കോട്ടുവളപ്പില് അബ്ദുല്‍കരീം നല്കിയ പരാതിയിലാണ് കമീഷന്റെ നിർദേശം. പരാതി പരിഗണിച്ച കമീഷൻ ബാങ്ക് ശാഖാ മാനേജരില്‍ നിന്നും വിശദീകരണം തേടിയിരുന്നു. പ്രവേശനം നല്കാന് ഒരു സ്ഥാപനം തീരുമാനിച്ചാല്‍ അതിനെ അടിസ്ഥാനമാക്കിയാണ് ബാങ്ക് വായ്പ അനുവദിക്കേണ്ടത്.അര്‍ഹതയുള്ള കുട്ടികള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പ അനുവദിക്കണമെന്നും കമീഷൻ നിര്‍ദേശം നല്കി.
കണ്ണൂര്‍ വിമാനത്താവളത്തിനായി ഭൂമി വിട്ടുനല്‍കിയ കുടുംബത്തിലെ അംഗത്തിന് ജോലി നല്‍കിയില്ലെന്ന മട്ടന്നൂര്‍ അംനാസ് കല്ലേരിക്കരയിലെ ഇ.കെ. സമീര്‍ അലിയുടെ പരാതിയില്‍ കിയാല്‍ മാനേജിങ് ഡയറക്ടറോട് വിശദീകരണം തേടിയതില്‍ ഇദ്ദേഹത്തിന് താല്കാലിക ജോലി നല്‍കിയതാണെന്നും അച്ചടക്ക നടപടി സ്വീകരിച്ച് സസ്പെൻഡ് ചെയ്തതാണെന്നും കിയാല്‍ അധികൃതര്‍ അറിയിച്ചു. പരാതി വിശദ പഠനത്തിനായി അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.
ബംഗളൂരു കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നു ബി.എസ്.സി അഗ്രിക്കൾചര്‍ ആന്‍ഡ് മാര്‍ക്കറ്റിങ്, കോഓപറേഷന്‍ ബിരുദം നേടിയ കണ്ണൂര്‍ അലവിലെ ടി.പി. മര്‍ലിയ മുസ്തഫക്ക് കേരളത്തില്‍ അഗ്രിക്കൾചറല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് പരിഗണിക്കുന്നില്ലെന്ന് പരാതി നല്കി.
കേരളത്തിലെ കാര്‍ഷിക സര്‍വകലാശാലയിലെ ബി.എസ്.സി (ഹോണേഴ്സ്) കോഓപറേഷന്‍ ആന്‍ഡ് ബാങ്കിങ് കോഴ്സ് പഠിച്ചിറങ്ങിയ ബിരുദധാരിക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളും ലഭിക്കുമെന്ന് കേരള കാര്‍ഷിക സർവകലാശാല അറിയിച്ചതിനെതുടര്‍ന്ന് പരാതി തീര്‍പ്പാക്കി.
വീടെടുക്കാന്‍ അപേക്ഷ നല്കിയപ്പോള് ഡാറ്റ ബാങ്കില്‍ ഉള്‍പ്പെട്ടുവെന്ന് പറഞ്ഞ് അനുമതി ലഭിക്കുന്നില്ലെന്ന കീഴൂര്‍ കുളിചെമ്പ്രയിലെ എ. ഇബ്നുമഷൂദിന്റെ പരാതിയില്‍ തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോടും കൃഷി ഓഫിസറോടും കമീഷൻ റിപ്പോര്‍ട്ട് തേടി.കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന സിറ്റിംഗില്‍ എട്ടു പരാതികളാണ് കമീഷൻ പരിഗണിച്ചത്. രണ്ടു പരാതികള്‍ തീര്‍പ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.